ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 29 റൺസ് ജയം. ആർആർ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.3 ഓവറിൽ 115 റൺസുമായി പുറത്താവുകയായിരുന്നു.
രാജസ്ഥാന്റെ ശക്തമായ ബോളിങ്ങിന് മുന്നിൽ ആർസിബിക്ക് അടി പതറുകയായിരുന്നു. ആർആറിന് വേണ്ടി കുൽദീപ് സെൻ നാല് വിക്കറ്റും അശ്വിൻ മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും വീഴ്ത്തി. ആർസിബിക്കെതിരായ ജയത്തോടെ രാജസ്ഥാൻ 12 പോയിന്റോടെ പോയിന്റ് നിലയിൽ ഒന്നാമതെത്തി.
ആർസിബിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ഫാഫ് ഡുപ്ലെസ്സിസ് 21 പന്തിൽനിന്ന് 23 റൺസ് നേടി. മറ്റാർക്കും 20 റൺസ് തികയ്ക്കാനായില്ല. ഓപ്പണിങ്ങിനിറങ്ങിയ വിരാട് കോഹ്ലി ഒമ്പത് റൺസ് മാത്രം നേടി പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ആർആർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. ആർആറിന് വേണ്ടി റിയാൻ പരാഗ് അർദ്ധസെഞ്ചുറി നേടി. 31 പന്തിൽ നിന്ന് പുറത്താകാതെ മൂന്ന് ഫോറും നാല് സിക്സും അടക്കം 56 റൺസാണ് പരാഗ് നേടിയത്.
ഓപ്പണർമാരായ ജോസ് ബട്ട്ലർ എട്ട് റൺസ് മാത്രവും ദേവ്ദത്ത് പടിക്കൽ ഏഴ് റൺസ് മാത്രവും നേടി പുറത്തായി. അശ്വിൻ 17 റൺസും കാപ്റ്റൻ സഞ്ജു 27 റൺസും നേടി. ഡാരിൽ മിച്ചൽ 16 റൺസ് നേടി.
ഹെറ്റ്മിയർ മൂന്ന് റൺസും ട്രെൻ്റ് ബോൾട്ട് അഞ്ച് റൺസും പ്രസിദ്ധ് കൃഷ്ണ രണ്ട് റൺസും നേടി.
ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജും ഹേസൽവുഡും ഹസരംഗയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് എടുത്തു.