ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ രാജസ്ഥാൻ സജ്ജമാണെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. 13 വർഷങ്ങൾക്ക് ശേഷം ടീമിന് കിരീടമുയർത്താൻ കഴിയുമെന്ന പ്രതീക്ഷയും ക്യാപ്റ്റൻ പങ്കുവച്ചു.
2008ലെ ഐപിഎല്ലിന്റെ ആദ്യ സീസണിലെ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിൽ ഈ സീസണിൽ സാംസണെ കൂടാതെ ജോസ് ബട്ട്ലർ, ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ ചില വമ്പൻ താരങ്ങളുമുണ്ട്.
ഒരു ടീമെന്ന നിലയിൽ ഏറ്റവും വേഗത്തിൽ ഒത്തിണക്കം കണ്ടെത്തുക എന്നത് ലക്ഷ്യം കൈവരിക്കുന്നതിന് പ്രധാനമാണെന്നും സഞ്ജു പറഞ്ഞു.
“എത്രയും വേഗം ഒത്തിണക്കമുണ്ടാക്കുക എന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. ഇത്തവണ ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു ടീമുണ്ട്, ടീമിൽ ചില പുതിയ കളിക്കാരുണ്ട്, ഒത്തിണക്കത്തോടെ എല്ലാവരും പരസ്പരം മനസിലാക്കേണ്ടത് പ്രധാനമാണ്,” ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദ് ആയിട്ടാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
“കഴിഞ്ഞ 2-3 സീസണുകളിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ഞങ്ങൾ ചില ഓപ്ഷനുകൾ ചർച്ച ചെയ്യുകയും അത് പ്രാവർത്തികമാക്കാൻ സാധിക്കുകയും ചെയ്തു, ലേലത്തിൽ ഞങ്ങൾക്ക് മികച്ചൊരു ടീമിനെ ലഭിച്ചു,” അദ്ദേഹം പറഞ്ഞു.
പുതിയ രാജസ്ഥാൻ ടീമിൽ വൈവിധ്യങ്ങൾ ഉണ്ടെന്നും സഞ്ജു വ്യക്തമാക്കി. “ഞങ്ങളുടെ ടീമിൽ ധാരാളം ഇന്ത്യൻ താരങ്ങളും അന്താരാഷ്ട്ര താരങ്ങളുമുണ്ട്. വളരെ നീണ്ട ടൂർണമെന്റാണ്. എല്ലാ കളിക്കാരുടെയും മാനസികാവസ്ഥയും ഫിറ്റ്നസും ഫോമും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അതിനനുസരിച്ച് പരീക്ഷിക്കാൻ ഓപ്ഷനുകളുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഈ ഫോർമാറ്റ് വളരെയധികം നിർഭയമായി കളിക്കേണ്ടതാണ് അതിനുള്ള കളിക്കാർ ടീമിലുണ്ടെന്ന് കരുതുന്നു. അതിനാൽ ഞങ്ങൾ ഗ്രൗണ്ടിൽ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ ഉദ്ദേശിക്കുന്നു. ലസിത് മലിംഗ രാജസ്ഥാൻ റോയൽസ് ടീമിന്റെ ബൗളിംഗ് കോച്ചായി ജോയിൻ ചെയ്തിട്ടുണ്ട്, ശ്രീലങ്കൻ പേസ് ഇതിഹാസം തന്റെ ജോലി കൂടുതൽ എളുപ്പമാക്കുന്നുണ്ടെന്നും സാംസൺ പറഞ്ഞു.
“ഞങ്ങൾ കണ്ടു വളർന്ന ലസിത്, കുമാർ സംഗക്കാര (ക്രിക്കറ്റ് ഡയറക്ടർ) എന്നിവരെയും അവർ ക്രിക്കറ്റിന് സംഭാവന ചെയ്തത് എല്ലാ ക്രിക്കറ്റ് കളിക്കാരും അഭിനന്ദിക്കുന്നതും വളരെ സന്തോഷകരമാണ്. ഞങ്ങളെപ്പോലുള്ള യുവാക്കളെ കളി നന്നായി മനസ്സിലാക്കുന്നതിന് സഹായിക്കാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“ലസിതുമായി നടത്തിയ സംഭാഷണങ്ങളിൽ എല്ലാം, അദ്ദേഹം ബൗളിങ്ങിനെ വളരെ ലളിതമായി കണക്കാക്കുന്നതാണ് കണ്ടത്. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട് അദ്ദേഹം.”
Also Read: IPL 2022: ഇന്ന് കന്നിക്കാരുടെ പോരാട്ടം; ഗുജറാത്ത്-ലഖ്നൗ