IPL 2022 Playoff Live Match Online GT Vs RR, Live Streaming Today: കൊൽക്കത്ത: ഐപിഎൽ 15-ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയർ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സുമായി ഏറ്റുമുട്ടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പോകുമ്പോൾ, തോൽക്കുന്ന ടീമിന് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഒരു അവസരം കൂടി ലഭിക്കും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.
14 മത്സരങ്ങളിൽ പത്തിലും ജയിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് ഹാർദിക്കും സംഘവും പ്ലേ ഓഫ് യോഗ്യത നേടിയത്. ഈ വർഷം അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റൻസിന്റെ കന്നി പ്ലേഓഫാണിത്. മറുവശത്ത് ആദ്യ സീസണിലെ ചരിത്ര വിജയം ആവർത്തിക്കാനാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഇറങ്ങുന്നത്.
ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷാമി, റാഷിദ് ഖാൻ എന്നിവരടങ്ങിയ ബൗളിങ് നിരയും ശുഭ്മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ തുടങ്ങിയവർ അടങ്ങുന്ന ശക്തമായ അപ്പർ മിഡിൽ ഓർഡർ ബാറ്റിങ് നിറയുമാണ് ഗുജറാത്തിന്റെ കരുത്ത്.
മറുവശത്ത് ജോസ് ബട്ലർ, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ദേവ്ദത്ത് പടിക്കല്‍, ഷിംറോൺ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവർ അടങ്ങുന്ന ബാറ്റിങ് നിരയും യുസ്വേന്ദ്ര ചഹൽ, ട്രെന്റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, എന്നിവർ അടങ്ങുന്ന ബൗളിങ് നിരയും അശ്വിന്റെ ഓൾറൗണ്ട് മികവുമാണ് രാജസ്ഥാന് കരുത്താവുക. 14 മത്സരങ്ങളിൽ ഒമ്പത് ജയവും അഞ്ച് തോൽവിയുമായാണ് രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിച്ചത്.
ഇന്ന് തോല്‍ക്കുന്നവര്‍ വെളളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയിയെ നേരിടും.