ഐപിഎൽ പതിനഞ്ചാം സീസണിൽ രോഹിതിൽ നിന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ കാണാൻ ആഗ്രഹിക്കുന്ന ഒരു ഇന്നിങ്സിന് വലിയ താമസമുണ്ടാകില്ലെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധന. ഒരു വലിയ ഇന്നിങ്സ് രോഹിതിൽ നിന്ന് കാണാൻ അധിക താമസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ അഞ്ച് കളികളിൽ നിന്ന് 21.60 ശരാശരിയിൽ 108 റൺസ് മാത്രമാണ് മുംബൈ ക്യാപ്റ്റൻ നേടിയത്. ടീമിന്റെ തോൽവിയുടെ കാരണങ്ങളിൽ രോഹിതിന്റെ ഫോമിലായ്മയും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടി20 ലോകകപ്പ് പടിവാതിക്കൽ നിൽക്കെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ഫോമിലേക്ക് ഉയർണമെന്നാണ് ആരാധകരുടെ ആഗ്രഹം.
“അവൻ എങ്ങനെ തുടങ്ങുന്നു എങ്ങനെ ബോളുകൾ നേരിടുന്നു എന്ന് നോക്കിയാൽ, അത് ഗംഭീരമാണ്. നല്ല ടൈമിങ് ഉണ്ട്, നല്ല തുടക്കങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അതിനെ വലിയൊരു ഇന്നിങ്സായി മാറ്റാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനാണ്,” ജയവർധന പറഞ്ഞു.
“രോഹിത് 14-15 ഓവർ ബാറ്റ് ചെയ്യുകയും ആ വലിയ സ്കോറുകൾ നേടുകയും ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അതിന് വലിയ സമയമൊന്നും വേണ്ട. അവൻ മികച്ച താരമാണ്, ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല.” ജയവർധന കൂട്ടിച്ചേർത്തു.
ഇന്നലെ പഞ്ചാബ് കിങ്സുമായി നടന്ന മത്സരത്തിൽ 12 റൺസിന് മുംബൈ തോറ്റിരുന്നു. സീസണിലെ മുംബൈയുടെ അഞ്ചാം തോൽവി ആയിരുന്നു ഇത്.
ഇന്നലത്തെ മത്സരത്തിൽ സൂര്യകുമാർ യാദവിനെ സാധാരണ നാലാം നമ്പറിൽ നിന്ന് മാറ്റി അഞ്ചാമതാണ് ഇറക്കിയത്. അതിനുള്ള കാരണവും ജയവർധന വ്യക്തമാക്കി.
“ഞങ്ങൾ ആറ് ബാറ്റർമാരുമായാണ് കളിക്കുന്നത്, മത്സരം കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അതിൽ ഫിനീഷർ റോളിൽ സൂര്യയെക്കാൾ മികച്ച വ്യക്തിയില്ല,” ജയവർധന പറഞ്ഞു.
“പവർപ്ലേയിൽ, അവർ പന്ത് സ്വിംഗ് ചെയ്യും. അതിനാൽ സൂര്യ ആ അവസ്ഥയിലേക്ക് പോകരുതെന്നും അവന്റെ സ്വാഭാവിക ഗെയിം കളിക്കാൻ കഴിയണമെന്നും ഞാൻ ആഗ്രഹിച്ചു. അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു.
സൂര്യകുമാറും കീറോൺ പൊള്ളാർഡും ഫിനിഷർമാരായി മധ്യനിരയിൽ പുതിയ താരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയെന്നതാണ് ആശയമെന്ന് അദ്ദേഹം പറഞ്ഞു. ബൗളിംഗ് നിരയ്ക്ക് സമ്മർദ്ദം നിലനിർത്താൻ കഴിയാത്തതിനാൽ പരുക്കേറ്റ ജോഫ്ര ആർച്ചറുടെ അഭാവം ടീമിനെ വേദനിപ്പിക്കുന്നുണ്ടെന്നും ജയവർധന സമ്മതിച്ചു. അതിനെ എങ്ങനെ മറികടക്കാൻ എന്നാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ധോണിയുടെ നേരെ ഒച്ചയെടുക്കേണ്ടി വന്നത് അപ്പോൾ; ശാസ്ത്രി പറയുന്നു