മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദും ലക്നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ. വൈകിട്ട് 7.30 ന് മുംബൈയിലെ ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഹൈദരാബാദിന് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് ഇത്തവണ അതിൽ മാറ്റമുണ്ടാക്കാനാവും ആഗ്രഹിക്കുക. എന്നാൽ കഴിഞ്ഞ സീസണിൽ നിന്ന് വലിയ മാറ്റമൊന്നും ടീമിന് വന്നിട്ടില്ല എന്നാണ് രാജസ്ഥാൻ റോയൽസിനെതിരെയുള്ള ആദ്യ മത്സരത്തിലെ പ്രകടനം നൽകുന്ന സൂചന.
ബാറ്റിങ്ങിൽ ടോപ് ഓഡർ അപ്പാടെ തകർന്നതാണ് സൺ റൈസേഴ്സിന്റെ തോൽവിക്ക് കാരണമായത്. മധ്യനിരയിൽ ഐഡൻ മാക്രം തിളങ്ങിയതും വാഷിഗ്ടൺ സുന്ദറിന്റെ വെടിക്കെട്ടും മാത്രമാണ് ടീമിന് ആദ്യ മത്സരത്തിൽ ആശ്വാസത്തിനുള്ള വകയായത്.
ബോളിങിലേക്ക് വന്നാൽ ഭുവനേശ്വർ കുമാർ ഒഴികെയുള്ള ബോളർമാർ എല്ലാം തന്നെ നല്ല രീതിയിൽ അടിവാങ്ങിയിരുന്നു. വാഷിഗ്ടൺ സുന്ദർ, ഉംറാൻ മാലിക്, നടരാജൻ തുടങ്ങി ടീമിന്റെ നെടുംതൂണായ മൂന്ന് ബോളരും നല്ല രീതിയിൽ റൺസ് വഴങ്ങി. ലക്നൗ സൂപ്പർ ജയന്റ്സിന്റെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കെതിരെ ഭുവനേശ്വർ കുമാർ അടക്കമുള്ള ബോളർമാരുടെ പ്രകടനം നിർണായകമാണ്.
മറുവശത്ത് ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിജയിച്ച ആത്മവിശ്വാസത്തിലാണ് ലക്നൗ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ 200നു മുകളിൽ സ്കോർ പിന്തുടർന്ന ബാറ്റിങ് തന്നെയാണ് ലക്നൗവിന്റെ കരുത്ത്. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ കെ.എൽ രാഹുലും ക്വിന്റൺ ഡി കൊക്കും കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് ഉയർന്നത് ആശ്വാസമാണ്. മധ്യ നിരയിൽ എവിൻ ലൂയിസും ഫോമിലാണ്. ഇവർക്കൊപ്പം ആദ്യ മത്സരത്തിലെ താരങ്ങളായ ദീപക് ഹൂഡയും ബഡോണിയും ചേരുമ്പോൾ ബാറ്റിങ് സുശക്തം.
ബോളിങ്ങിൽ ഇന്ത്യൻ താരങ്ങളായ ആവേഷ് ഖാൻ, രവി ബിഷ്ണോയി, കൃണാൽ പാണ്ഡ്യ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ഇവരോടൊപ്പം ആൻഡ്രൂ ടൈ, ചമീര തുടങ്ങിയ വിദേശ ശക്തികൾ കൂടി ഫോമിലേക്ക് ഉയർന്നാൽ അത് സൺ റൈസേഴ്സിന് വെല്ലുവിളിയാകും.
ടീമുകൾ
ലക്നൗ സൂപ്പർ ജയന്റ്സ്: കെ എൽ രാഹുൽ (ക്യാപ്റ്റൻ), മനൻ വോറ, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ക്വിന്റൺ ഡി കോക്ക്, രവി ബിഷ്ണോയ്, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മൊഹ്സിൻ ഖാൻ, മായങ്ക് യാദവ്, അങ്കിത് രാജ്പൂത്, ആവേശ് ഖാൻ, ആൻഡ്രൂ ടൈ, മാർക്കസ് സ്റ്റോണിസ് കൈൽ മേയേഴ്സ്, കരൺ ശർമ്മ, കൃഷ്ണപ്പ ഗൗതം, ആയുഷ് ബഡോണി, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ.
സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം, നിക്കോളാസ് പൂരൻ, അബ്ദുൾ സമദ്, പ്രിയം ഗാർഗ്, വിഷ്ണു വിനോദ്, ഗ്ലെൻ ഫിലിപ്സ്, ആർ സമർത്, ശശാങ്ക് സിംഗ്, വാഷിംഗ്ടൺ സുന്ദർ, റൊമാരിയോ ഷെപ്പേർഡ്, മാർക്കോ ജാൻസൻ, ജെ സുചിത് , ശ്രേയസ് ഗോപാൽ, ഭുവനേശ്വർ കുമാർ, സീൻ അബോട്ട്, കാർത്തിക് ത്യാഗി, സൗരഭ് തിവാരി, ഫസൽഹഖ് ഫാറൂഖി, ഉംറാൻ മാലിക്, ടി നടരാജൻ.
Also Read: IPL 2022, CSK vs PBKS Cricket Score: 54 റൺസ് ജയം; സൂപ്പർ കിങ്സിനെതകർത്ത് കിങ്സ്