മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കമാകും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് പോരാട്ടം. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് തോറ്റ ബാംഗ്ലൂരിന് ഇന്നത്തെ മത്സരം നിർണായകമാണ്. മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആത്മാവിശ്വാസത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.
പഞ്ചാബിനെതിരെ ബാറ്റിങ്ങിൽ തിളങ്ങിയ ബാംഗ്ലൂരിന് ബോളിങ്ങിലാണ് പിഴച്ചത്. ഡുപ്ലെസിസ്, വിരാട് കോഹ്ലി, അനുരാജ് റാവത്ത്, കാർത്തിക് എന്നിവരെല്ലാം തിളങ്ങിയ മത്സരത്തിൽ, ബോളിങ് പരാജയമാവുകയായിരുന്നു. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പവർപ്ലേ ഓവറുകളിലും ഡെത്ത് ഓവറിലും വഴങ്ങിയ റൺസുകളാണ് തോൽവിക്ക് കാരണം. എക്സ്ട്രാ റൺസ് ധാരാളം വഴങ്ങിയതും ഫീൽഡിങ് പിഴവുകളും പഞ്ചാബിന്റെ ജയം എളുപ്പമാക്കുകയായിരുന്നു.
അതേസമയം, ക്യാപ്റ്റൻ ഡുപ്ലെസിസ്, വിരാട് കോഹ്ലി, ദിനേശ് കാർത്തിക് എന്നിവർ ഫോമിലാണെന്നത് ബാംഗ്ലൂരിന് ആശ്വാസമാണ്. ഓപ്പണർ അനുരാജ് റാവത്ത് ഇന്നത്തെ മത്സരത്തിലും താളം കണ്ടെത്തിയാൽ കൊൽക്കത്ത അൽപം വിയർക്കും. ബോളിങ്ങിൽ സിറാജും ഹസരങ്കയും തിളങ്ങേണ്ടതുണ്ട്. ഒപ്പം വിവാഹം കഴിഞ്ഞു, ഇനിയും ടീമിനൊപ്പം ചേരാത്ത ഗ്ലെൻ മാക്സ്‌വെല്ലിന്റെ അഭാവം ടീമിന് നഷ്ടമാണ്. മാക്സ്‌വെല്ലിന്റെ ഓഫ് സ്പിൻ ടീമിന്റെ ബോളിങ്ങിന് കരുത്താവുന്നതാണ്.
കൊൽക്കത്തയുടെ ബോളിങ് ആണ് കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് വഴി ഒരുക്കിയത്. ഉമേഷ് യാദവ് ഫോമിൽ ആണെന്നത് പ്രതീക്ഷ വർധിപ്പിക്കുന്നു. വരുൺ ചക്രവർത്തിയും സുനിൽ നരേനും ഉൾപ്പെടുന്ന സ്പിൻ ദ്വയം ഏത് ബാറ്റിങ് നിരയെയും വെള്ളം കുടിപ്പിക്കാൻ പോന്നതാണ്. ബാറ്റിങ്ങിൽ രഹാനെ നല്ല ടച്ചിലാണ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫോം തുടരുമെന്നാണ് കരുതുന്നത്. വാലറ്റത്തെ സാം ബില്ലിങ്‌സിന്റെ ഹീറോയിക്സ് കൂടി ചേരുമ്പോൾ ബാംഗ്ലൂർ ബോളിങ് നിര വിയർത്തേക്കും.
ടീമുകൾ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ദിനേഷ് കാർത്തിക്, ജോഷ് ഹേസൽവുഡ്, ഷഹബാസ് അഹമ്മദ്, അനൂജ് റാവത്ത്, ആകാശ് ദീപ്, മഹിപാൽ ലോംറോർ, ഫിൻ റൂഥർ, ഷെർഫൻ അലൻ ജേസൺ ബെഹ്‌റൻഡോർഫ്, സുയാഷ് പ്രഭുദേശായി, ചാമ മിലിന്ദ്, അനീശ്വർ ഗൗതം, കർൺ ശർമ്മ, ഡേവിഡ് വില്ലി, ലുവ്‌നിത്ത് സിസോദിയ, സിദ്ധാർത്ഥ് കൗൾ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോൺ ഫിഞ്ച്, അഭിജിത് തോമർ, അജിങ്ക്യ രഹാനെ, ബാബ ഇന്ദ്രജിത്ത്, നിതീഷ് റാണ, പ്രഥം സിംഗ്, റിങ്കു സിംഗ്, ശ്രേയസ് അയ്യർ (സി), അശോക് ശർമ, പാറ്റ് കമ്മിൻസ്, റാസിഖ് ദാർ, ശിവം മാവി, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ യാദവ് ചക്കരവർത്തി, അമൻ ഖാൻ, ആന്ദ്രേ റസ്സൽ, അനുകുൽ റോയ്, ചാമിക കരുണരത്‌നെ, മുഹമ്മദ് നബി, രമേഷ് കുമാർ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, സാം ബില്ലിംഗ്സ്, ഷെൽഡൺ ജാക്‌സൺ.