ഐപിഎൽ ഗ്രൂപ്പ് മത്സരങ്ങൾ കഴിയാറാകുമ്പോൾ 13 കളികളിൽ നിന്ന് 20 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു. രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റ്സും അടുത്ത രണ്ടു സ്ഥാനങ്ങളിലും വരും. എന്നാൽ നാലാം സ്ഥാനത്ത് ആരെന്ന ചിത്രമാണ് ഇനി വ്യക്തമാവാനുള്ളത്. തിങ്കളാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ 17 റൺസ് ജയം അവാരുടെ പ്ലേഓഫ് സാധ്യതകൾ ഏറെ സജീവമാക്കിയിട്ടുണ്ട്. റൺ റേറ്റിന്റെ പിന്തുണയോടെ 14 പോയിന്റുമായി ഡൽഹിയാണ് ഇപ്പോൾ നാലാം സ്ഥാനത്ത്.
രാജസ്ഥാൻ റോയൽസ്
മത്സരങ്ങൾ: 13, പോയിന്റ്: 16, റൺറേറ്റ്: 0.304
ഞായറാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ജയം റോയൽസിന്റെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ഇനി രണ്ട് ടീമുകൾക്ക് മാത്രമേ 16 പോയിന്റ് നേടാനാകൂ. അതിലൊന്നായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ് റൺറേറ്റ് വളരെ കുറവാണ്. റോയൽസ് ആർസിബിക്ക് താഴെ ആവണമെങ്കിൽ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ തകരേണ്ടി വരും, അതേസമയം ആർസിബി ഗുജറാത്ത് ടൈറ്റൻസിനെ 70 റൺസിന് തോൽപ്പിക്കണം.
ലക്നൗ സൂപ്പർ ജയന്റ്സ്
മത്സരങ്ങൾ: 13, പോയിന്റ്സ്: 16, റൺറേറ്റ്: 0.262
വലിയ മാർജിനിലെ തുടർ തോൽവികൾ സൂപ്പർ ജയന്റ്സിന്റെ നെറ്റ് റൺ റേറ്റ് 0.703 ൽ നിന്ന് 0.262 ആയി ചുരുക്കി. എന്നിരുന്നാലും റൺറേറ്റിന്റെ പിന്തുണയിൽ മികച്ച നിലയിലാണ് രാഹുലും സംഘവും. സൂപ്പർ ജയന്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവരുടെ അവസാന മത്സരം 80 റൺസിന് തോൽക്കുകയും ആർസിബി ടൈറ്റൻസിനെതിരെ 70 റൺസിന് ജയിക്കുകയും ചെയ്താൽ, സൂപ്പർ ജയന്റ്സ് പ്ലേ ഓഫിൽ നിന്ന് പുറത്താകും. അതിനുള്ള സാധ്യത വിരളമാണ്.
ഡൽഹി ക്യാപിറ്റൽസ്
മത്സരങ്ങൾ: 13, പോയിന്റ്സ്: 14, നെറ്റ് റൺ റേറ്റ്: 0.255
ആർസിബിയും ഡൽഹിയും തമ്മിലാണ് നിലവിലെ പോരാട്ടം. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ ഡൽഹി മികച്ച റൺ റേറ്റ് കൊണ്ട് സ്ഥാനം ഉറപ്പിക്കും. ടൈറ്റൻസിനെതിരെ തോൽക്കുകയും ആർസിബി ജയിക്കുകയും ചെയ്താൽ ഡൽഹി പുറത്താകും. ഇരു ടീമുകൾക്കും അവരുടെ അവസാന ഗ്രൂപ്പ് ലീഗ് മത്സരങ്ങളിൽ തോറ്റാൽ, അത് കെകെആർ, പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്ക് അവസരമാകും. അപ്പോഴും ഡൽഹി വലിയ മാർജിനിൽ തോൽക്കണം, ഇല്ലെങ്കിൽ സാധ്യതയുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മത്സരങ്ങൾ: 13, പോയിന്റ്സ്: 14, നെറ്റ് റൺ റേറ്റ്: -0.323
14 പോയിന്റ് ആണെങ്കിലും അവസാന ഗ്രൂപ്പ് ലീഗ് മത്സരം ഏറ്റവും നിർണായകം ആർസിബിക്കാണ്. എന്നാൽ ഡൽഹി ജയിച്ചാൽ ആർസിബി പുറത്താകും. പ്ലേഓഫ് പ്രതീക്ഷയുള്ള ടീമുകളിൽ ഏറ്റവും മോശം നെറ്റ് റൺ റേറ്റ് ആർസിബിക്കാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മത്സരങ്ങൾ: 13, പോയിന്റ്സ്: 12, നെറ്റ്റൺ റേറ്റ്: 0.160
മറ്റൊരു ടീമും 16 പോയിന്റിൽ എത്തിയിലെങ്കിൽ കെകെആറിന് പ്ലേഓഫിൽ കയറാം. അവർക്ക് മികച്ച റൺറേറ്റുണ്ട്, അവസാന മത്സരത്തിൽ സൂപ്പർ ജയന്റ്സിനെ 30 റൺസിന് മുകളിൽ തോൽപ്പിച്ചാൽ, അവരുടെ നെറ്റ് റൺ റേറ്റ് ഡൽഹിയേക്കാൾ ഉയരും.
പഞ്ചാബ് കിംഗ്സ്
മത്സരങ്ങൾ: 13, പോയിന്റ്സ്: 12, നെറ്റ് റൺ റേറ്റ്: -0.043
ഡൽഹിക്കെതിരായ തോൽവി അവരുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിപ്പിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ ജയം നേടുകയും ഡിസി, ആർസിബി, കെകെആർ തുടങ്ങിയവർ അവസാന ലീഗ് മത്സരങ്ങളിൽ തോൽക്കുകയോ ചെയ്താൽ മാത്രമാണ് പഞ്ചാബ് കിംഗ്സിന് സാധ്യത.
സൺറൈസേഴ്സ് ഹൈദരാബാദ്
മത്സരങ്ങൾ: 12, പോയിന്റ്സ്: 10, റൺറേറ്റ്: -0.270
മറ്റൊരു ടീമിനും 16 പോയിന്റ് ലഭിച്ചില്ലെങ്കിൽ സൺറൈസേഴ്സിനു നേരിയ സാധ്യതയുണ്ട്, അതിനു മുൻപ് മുംബൈ, പഞ്ചാബ് കിംഗ്സ് ടീമുകൾക്കെതിരെ വമ്പൻ വിജയം വേണം. അവർ രണ്ട് ടീമുകളെയും 30 റൺസിന് തോൽപ്പിച്ചാലും അവർക്ക് മികച്ച നെറ്റ് റൺ റേറ്റ് നേടാനാകില്ല.