മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് വിക്കറ്റ് ജയം.
ലക്നൗ ഉയർത്തിയ159 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നിശ്ചിത 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.
അവസാന ഓവറുകളിൽ പുറത്താകാതെ 24 പന്തിൽ നിന്ന് 40 റൺസ് നേടിയ രാഹുൽ തെവാട്ടിയയാണ് ഗുജറാത്തിന്റെ ടോപ്പ് സ്കോറർ. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങിയതാണ് തെവാട്ടിയയുടെ ഇന്നിങ്സ്.
ഓപ്പണർ ശുഭ്മാൻ ഗിൽ ഡക്കായ മത്സരത്തിൽ മാത്യു വെയ്ഡ് 29 പന്തിൽ 30 റൺസ് നേടി. വിജയ് ശങ്കർനാല് റൺസെടുത്ത് പുറത്തായപ്പോൾ കാപ്റ്റൻ ഹർദിക് പാണ്ഡ്യ 28 പന്തിൽ നിന്ന് 33 റൺസ് എടുത്തു.
ഡേവിഡ് മില്ലർ 21 പന്തിൽ നിന്ന് 30 റൺസും അഭിനവ് മനോഹർ പുറത്താകാതെ ഏഴ് പന്തിൽനിന്ന് 15 റൺസും നേടി.
ലക്നൗവിന് വേണ്ടി ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും ദീപക് ഹൂഡ, ആവേശ് ഖാൻ, കൃണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ദീപക് ഹൂഡയുടെയും യുവതാരം ആയുഷ് ബഡോനിയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ലഖ്നൗ ഭേദപ്പെട്ട സ്കോറിൽ എത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി ഒന്നൊന്നര പ്രഹരം നൽകി. ക്യാപ്റ്റൻ കെ.എൽ രാഹുൽ പുറത്തായി. രാഹുലിന്റെ ബാറ്റിലുരസിയ പന്ത് കീപ്പറുടെ കൈകളിൽ എത്തുകയായിരുന്നു. അമ്പയർ ആദ്യം നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂയിലൂടെ ഗുജറാത്ത് വിക്കറ്റ് ഉറപ്പിച്ചു.
അടുത്ത ഓവറിൽ തന്നെ ഷമി മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെയും മടക്കി. ഒന്‍പത് പന്തുകളില്‍ നിന്ന് ഏഴ് റണ്‍സെടുത്ത ഡി കോക്കിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നാലാം ഓവറിൽ അപകടകാരിയായ എവിന്‍ ലൂയിസിനെ പത്ത് റൺസിൽ വരുണ്‍ ആരോണും പുറത്താക്കി. ആരോണിന്റെ പന്ത് സിക്സർ പറത്താനുള്ള ലൂയിസിന്റെ ശ്രമം പാളുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെ ശുഭ്മാന്‍ ഗില്‍ ആ പന്ത് പിടിച്ചു.
പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെയ്ക്കും ഷമിക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അഞ്ചുപന്തില്‍ നിന്ന് ആറു റൺസുമായി നിൽക്കെ ഷമി കുറ്റിപറത്തി.
ഇതോടെ 29 റൺസിൽ നാല് വിക്കറ്റ് എന്ന നിലയിൽ ലഖ്നൗ തകർന്നു. പിന്നീട് ക്രീസിലൊന്നിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അടിച്ചു തകർത്ത ഇരുവരും ചേർന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ 36 പന്തുകളില്‍ നിന്ന് ഹൂഡ അര്ധസെഞ്ചുറിപൂർത്തിയാക്കി.
14.2 ഓവറില്‍ ടീം സ്കോര്‍ 100 പിന്നിട്ടു. പക്ഷെ 16-ാം ഓവറിൽ ഹൂഡയെ വീഴ്ത്തി റാഷിദ് ഖാന് ലഖ്നൗവിന് അടുത്ത പ്രഹരം നൽകി. 41 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 55 റണ്‍സെടുത്ത ഹൂഡയെ റാഷിദ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഹൂഡയ്ക്ക് പകരം ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയും മോശമാക്കിയില്ല. ആയുഷും ക്രുനാലും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.
പിന്നാലെ ആയുഷിന്റെ കന്നി അര്‍ധസെഞ്ചുറി പിറന്നു. അവസാന ഓവറിൽ പുറത്തായ ആയുഷ് 41 പന്തുകളില്‍ നിന്ന് നാല് ഫോറും മൂന്ന് സികസറും ഉൾപ്പെടെ 54 റണ്‍സാണ് നേടിയത്. ആരോൺ ആണ് വിക്കറ്റ് നേടിയത്. അതേസമയം, ക്രുനാല്‍ പാണ്ഡ്യ 13 പന്തുകളില്‍ നിന്ന് 21 റണ്‍സുമായി പുറത്താവാതെ നിന്നു.
ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റും വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാനാണ് ഒരു വിക്കറ്റ്. ഐപിഎല്ലിലെ പുതുമുഖങ്ങളായ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൺ, വരുൺ ആരോൺ, മുഹമ്മദ് ഷമി
ലഖ്നൗ സൂപ്പർ ജയന്റ്സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മൊഹ്സിൻ ഖാൻ, ആയുഷ് ബഡോണി, ദുഷ്മന്ത ചമീര, രവി ബിഷ്ണോയ്, ആവേശ് ഖാൻ
Also Read: രാജസ്ഥാന് പരീക്ഷണം നടത്താൻ വ്യത്യസ്ത ഓപ്ഷനുകളുണ്ട്; പ്രതീക്ഷയർപ്പിച്ച് സഞ്ജു സാംസൺ