IPL 2022, GT vs CSK Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് -ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ഗുജറാത്തിന് ജയം. സീസണിൽ ഗുജറാത്തിന്റെ അഞ്ചാം ജയമാണിത്, ചെന്നൈയുടെ അഞ്ചാം തോൽവിയും. ഇരു ടീമുകളും ആറ് മത്സരങ്ങളാണ് സീസണിൽ ഇതുവരെ പൂർത്തിയാക്കിയത്.
ചെന്നൈക്കെതിരായ ജയത്തോടെ 10 പോയിന്റോടെ പോയിന്റ് നിലയിൽ ഒന്നാമതാണ് ഗുജറാത്ത്. രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.
ഞായറാഴ്ച നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ജയിച്ചത്.
സെഞ്ചുറിയുടെ അടുത്ത് വരെ സ്കോർ എത്തിക്കാൻ കഴിഞ്ഞ ഡേവിഡ് മില്ലറുടെ പ്രകടനം ഗുജറാത്തിന്റെ ജയത്തിൽ നിർണായകമായി. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഗുജറാത്ത് മില്ലറുടെ പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.മില്ലർ 51 പന്തിൽ എട്ട് ഫോറും ആറ് സിക്സും അടക്കം 94 റൺസ് നേടി. 21 പന്തിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സുമായി കാപ്റ്റൻ റാഷിദ് ഖാൻ 40 റൺസ് നേടി.
ഗുജറാത്ത് ഓപ്പണർമാരായ വൃദ്ധിമാൻ സാഹ 11 റൺസെടുത്തും ശുഭ്മാൻ ഗിൽ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. മൂന്നാമതായി ഇറങ്ങിയ വിജയ് ശങ്കറും വാലറ്റത്ത് അൽസാരി ജോസഫും ഡക്കൗട്ടായി. അഭിനവ് മനോഹർ 12 റൺസും രാഹുൽ തെവാട്ടിയ ആറ് റൺസും നേടി.
ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി, മഹേഷ് തീക്ഷ്ണ രണ്ട് വിക്കറ്റും കാപ്റ്റൻ ജഡേജയും മുകേഷ് ചൗധരിയും ഒരു വിക്കറ്റും നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി.
ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് അർദ്ധ സെഞ്ചുറി നേടി. 48 പന്തിൽ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സും അടക്കം 73 റൺസാണ് ഓപ്പണർ ഗെയ്ക്വാദ് നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ റോബിൻ ഉത്തപ്പ മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായി. മോയീൻ അലി ഒരു റൺ മാത്രമെടുത്തു. അമ്പട്ടി റായുഡു 46 റഅസം നേടി. ശിവം ദുബെ 19 റൺസും രവീന്ദ്ര ജഡേജ പുറത്താകാതെ 22 റൺസും നേടി.
ഗുജറാത്തിന് വേണ്ടി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും യഷ് ദയാലും ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹർദിക് പാണ്ഡ്യക്ക് പകരം റാഷിദ് ഖാന്റെ കാപ്റ്റൻസിയിലാണ് ഗുജറാത്ത് ഇന്നിറങ്ങിയത്.