ഇന്ത്യൻ സൂപ്പർ ലീഗ് 2022 സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. എതിരാളികളായ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്.
ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നിശ്ചിത 20 ഓവർ അവസാനിക്കാൻ ഒമ്പത് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി.
34 പന്തിൽനിന്ന് ആറ് ഫോറും ഒരു സിക്സറും അടക്കം 44 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ഓപ്പണർ വെങ്കടേശ് അയ്യർ 16 പന്തിൽ 16 റൺസ് നേടി പുറത്തയി.
നിതീഷ് റാണ 17 പന്തിൽ 21 റൺസും കാപ്റ്റൻ ശ്രേയസ് അയ്യർ പുറത്താകാതെ 19 പന്തിൽ 20 റൺസും സാം ബില്ലിങ്സ് 22 പന്തിൽ 25 റൺസും നേടി. ഷെൽഡൺ ജാക്സൺ പുറത്താകാതെ മൂന്ന് പന്തിൽ മൂന്ന് റൺസ് നേടി. ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ ബ്രവോ മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ ഒരു വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട ചെന്നൈക്ക് വാലറ്റത്ത് ധോണി പുറത്താകാതെ നടത്തിയ പ്രകടനം തുണയായി.
38 പന്തിൽ നിന്ന് ധോണി പുറത്താകാതെ ഏഴ് ഫോറും ഒരു സിക്സറും അടക്കം 50 റൺസ് നേടി. ധോണിക്കൊപ്പം പുറത്താകാതെ 28 പന്തിൽ നിന്ന് 26 റൺസ് നേടി കാപ്റ്റൻ രവീന്ദ്ര ജഡേജയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ് റണ്ണൊന്നും നേടാതെ പുറത്തായി. ഓപ്പണർ ഡെവോൺ കോൺവേ 4.1 ഓവറിൽ പുറത്തായി. എട്ട് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് കോൺവേ നേടിയത്. ടീം 28 റൺസ് നേടിയിരിക്കവേയാണ് രണ്ടാമത്തെ വിക്കറ്റ് പോയത്.
റോബിൻ ഉത്തപ്പ 21 പന്തിൽ നിന്ന് 28 റൺസും അമ്പട്ടി റായുഡു 17 പന്തിൽനിന്ന് 15 റൺസുമെടുത്തു. ശിവം ദുബെ ആറ് പന്തിൽ നിന്ന് മൂന്ന് റൺസെടുത്തും പുറത്തായി.
കൊൽക്കത്തക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും വരുൺ ചക്രവർത്തിയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു
പുതിയ ഐപിഎൽ സീസണ് ഇന്ന് തുടക്കം. പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്തിയതടക്കമുള്ള മാറ്റങ്ങളോടെ വലുതും മികച്ചതും ദൈർഖ്യമേറിയതുമായി ഐപിഎല്ലാണ് ഇത്തവണ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ (കാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പർ), ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷെൽഡൺ ജാക്‌സൺ, ഉമേഷ് യാദവ്, ശിവം മാവി, വരുൺ ചക്കരവർത്തി
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ (കാപ്റ്റൻ), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, മിച്ചൽ സാന്റ്‌നർ, ആദം മിൽനെ, തുഷാർ ദേശ്പാണ്ഡെ