മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും കെ.എൽ.രാഹുലിന്റെ ലക്നൗ സൂപ്പർ ജയന്റ്സും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ തോൽവി വഴങ്ങിയത്. പുതിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം മത്സരത്തിന്റെ എല്ലാ മേഖലകളിലും പിന്നോട്ട് പോകുന്നതാണ് കണ്ടത്. ബാറ്റിങ്ങിൽ ഓപ്പണർമാരായ ഋതുരാജ് ഗൈക്വഡും ഡോൺ കോൺവോയും താളം കണ്ടെത്താത്തത് മുഴുവൻ നിരയെയും ബാധിച്ചിരുന്നു. അവസാന ഓവറുകളിൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അൽപമെങ്കിലും ഭേദപ്പെട്ട സ്കോറിലേക്ക് ടീമിന് എത്താനായത്.
ഇന്നത്തെ മത്സരത്തിൽ ചെന്നൈയുടെ കഴിഞ്ഞ സീസണിലെ സ്റ്റാർ ബാറ്റർ ഋതുരാജ് ഫോമിലേക്ക് ഉയരുമെന്നാണ് ആരാധക പ്രതീക്ഷ. ഒപ്പം കോൺവോയും ക്യാപ്റ്റൻ ജഡേജയും തിളങ്ങിയാൽ അത് ടീമിന് മികച്ച സ്കോർ സമ്മാനിക്കും. ഫിനിഷർ റോളിൽ ക്യാപ്റ്റൻസി ഭാരമില്ലാത്ത ധോണി കസറുമെന്നും ആരാധകർ വിശ്വസിക്കുന്നു. ഒപ്പം കഴിഞ്ഞ മത്സരത്തിൽ ഫീൽഡിങ്ങിലും ബോളിങ്ങിലുമുണ്ടായ പിഴവുകൾ ജഡേജ തിരുത്തുമെന്നുമാണ് പ്രതീക്ഷ.
മറുവശത്ത് തുടക്കക്കാരായ ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങിയാണ് ലക്നൗ ഇന്നിറങ്ങുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ സ്പെല്ലിൽ തകർന്നടിഞ്ഞ ലക്നൗ ദീപക് ഹൂഡയുടെയും പുതുമുഖം ആയുഷ് ബഡോണിയുടെയും മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. എന്നാൽ പ്രധാന ബോളർമാരായ രവി ബിഷ്ണോയി ആവേഷ് ഖാൻ, ചമീര എന്നിവർ റൺസ് വഴങ്ങിയപ്പോൾ ലക്നൗ തോൽവി രുചിക്കുകയായിരുന്നു.
ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികളുള്ള ടീമാണ് ലക്നൗ. ക്യാപ്റ്റൻ കെ.എൽ. രാഹുലും ക്വിന്റൺ ഡി കോക്കും ഫോമിലേക്ക് ഉയർന്നാൽ ഏത് ബോളർമാരും ഒന്ന് വെള്ളം കുടിക്കും. ഇതിനോടൊപ്പം എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, കൃണാൽ പാണ്ഡ്യ എന്നിവർകൂടി ചേരുമ്പോൾ കരുത്തുള്ള ബാറ്റിങ് നിരയാകും ലക്നൗ. ഇവരെല്ലാം ഫോമിലേക്ക് ഉയരുക എന്നത് മാത്രമാണ് ലക്നൗവിന്റെ വിജയസാധ്യത ഉയർത്തുക.
ബോളിങ്ങിൽ രവി ബിഷ്ണോയിയെയും ആവേഷ് ഖാനെയും ഏറെ ആശ്രയിക്കേണ്ടി വരും ലക്നൗവിന്. ഇവരുടെ ഫോം അതുകൊണ്ട് തന്നെ നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കൃണാൽ പാണ്ഡ്യയുടെ പ്രകടനവും കരുത്താവും.
ടീമുകൾ
ചെന്നൈ സൂപ്പർ കിങ്സ്: എംഎസ് ധോണി, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), മൊയിൻ അലി, റുതുരാജ് ഗെയ്ക്വാദ്, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, അമ്പാട്ടി റായിഡു, റോബിൻ ഉത്തപ്പ, മിച്ചൽ സാന്റ്നർ, ക്രിസ് ജോർദാൻ, ആദം മിൽനെ, ഡെവൺ കോൺവേ, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്. തീക്ഷണ, രാജ്വർധൻ ഹംഗാർഗേക്കർ, തുഷാർ ദേശ്പാണ്ഡെ, കെഎം ആസിഫ്, സി ഹരി നിശാന്ത്, എൻ ജഗദീശൻ, സുബ്രാൻശു സേനാപതി, കെ ഭഗത് വർമ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മുകേഷ് ചൗധരി.
ലഖ്നൗ സൂപ്പർ ജയന്റ്സ്: കെ എൽ രാഹുൽ (ക്യാപ്റ്റൻ), മനൻ വോറ, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ക്വിന്റൺ ഡി കോക്ക്, രവി ബിഷ്ണോയ്, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മൊഹ്സിൻ ഖാൻ, മായങ്ക് യാദവ്, അങ്കിത് രാജ്പൂത്, ആവേശ് ഖാൻ, ആൻഡ്രൂ ടൈ, മാർക്കസ് സ്റ്റോണിസ് കൈൽ മേയേഴ്സ്, കരൺ ശർമ, കൃഷ്ണപ്പ ഗൗതം, ആയുഷ് ബഡോണി, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ. ജേസൺ ഹോൾഡർ.