മുംബൈ: മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് – പഞ്ചാബ് കിങ്സ് പോരാട്ടം. വൈകിട്ട് 7.30 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്.
‘തല’ മാറി എത്തിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഏറെ നിരാശയോടെയാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആയിരുന്നു തോൽവിയെങ്കിൽ രണ്ടാം മത്സരത്തിൽ പുതിയ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിനോടാണ് ചെന്നൈ തോൽവി വഴങ്ങിയത്.
ആദ്യ മത്സരത്തിൽ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തിരിച്ചടി ആയതെങ്കിൽ രണ്ടാം മത്സരത്തിൽ 200 റൺസിനു മുകളിൽ വിജയലക്ഷ്യം നൽകിയിട്ട്ട്ടും അതിനു താഴെ എറിഞ്ഞുപിടിക്കാൻ ബൗളിങ് നിരയ്ക്ക് കഴിയാതെ പോയതാണ് തോൽവിക്ക് കാരണമായത്. ക്യാപ്റ്റൻ രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഒരു താളം കണ്ടെത്താൻ ആയിട്ടില്ല എന്നതും ടീമിനെ വലയ്ക്കുന്നുണ്ട്. ഇപ്പോഴും ധോണി തന്നെയാണോ ഫീൽഡ് നിയന്ത്രിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്.
മറുവശത്ത്, ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വലിയ സ്കോർ പിന്തുടർന്ന് വിജയിച്ച പഞ്ചാബ് കിങ്സ് രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആറ് വിക്കറ്റിന് തോൽവി വഴങ്ങിയാണ് ഇന്നിറങ്ങുന്നത്. മായങ്ക് അഗർവാൾ, ശിഖർ ധവാൻ, ഭാനുക രാജപക്സെ തുടങ്ങിയ ബാറ്റർമാർ ഫോമിലേക്ക് ഉയരുമെന്നും വിജയം സമ്മാനിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പഞ്ചാബ്. പഞ്ചാബിന്റെ ജയത്തിൽ നിർണ്ണായകമാവുക ഇവരുടെ സംഭാവനകളാണ്.
ടീമുകൾ
ചെന്നൈ സൂപ്പർ കിങ്സ്: എംഎസ് ധോണി, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), മൊയിൻ അലി, ഋതുരാജ് ഗെയ്ക്വാദ്, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, അമ്പാട്ടി റായിഡു, റോബിൻ ഉത്തപ്പ, മിച്ചൽ സാന്റ്നർ, ക്രിസ് ജോർദാൻ, ആദം മിൽനെ, ഡെവൺ കോൺവേ, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്. തീക്ഷണ, രാജ്വർധൻ ഹംഗാർഗേക്കർ, തുഷാർ ദേശ്പാണ്ഡെ, കെഎം ആസിഫ്, സി ഹരി നിശാന്ത്, എൻ ജഗദീശൻ, സുബ്രാൻശു സേനാപതി, കെ ഭഗത് വർമ, പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മുകേഷ് ചൗധരി.
പഞ്ചാബ് കിങ്സ്: ശിഖർ ധവാൻ, മായങ്ക് അഗർവാൾ, അർഷ്ദീപ് സിംഗ്, കഗിസോ റബാഡ, ജോണി ബെയർസ്റ്റോ, രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ, ഷാരൂഖ് ഖാൻ, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ, ഇഷാൻ പോറെൽ, ലിയാം ലിവിംഗ്സ്റ്റൺ, ഒഡിയൻ സ്മിത്ത്, സന്ദീപ് ശർമ്മ, രാജ് അംഗദ് ബാവ ധവാൻ, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിട്ടിക് ചാറ്റർജി, ബൽതേജ് ദണ്ഡ, അൻഷ് പട്ടേൽ, നഥാൻ എല്ലിസ്, അഥർവ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവൽ.
Also Read: IPL 2022, GT vs DC Cricket Score Online: ഡൽഹിക്കെതിരെ ഗുജറാത്തിന് 14 റൺസ് ജയം