ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറെ ടീമിലെടുത്തത് കഴിവ് മാത്രം മാനദണ്ഡമാക്കിയാണെന്ന് മുംബെെ ഇന്ത്യൻസ്. സച്ചിൻ ടെൻഡുൽക്കർക്ക് മുംബെെ ഇന്ത്യൻസിലുള്ള സ്വാധീനത്തെ തുടർന്നാണ് അർജുനെ ടീമിലെടുത്തതെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ടീം അധികൃതരുടെ വിശദീകരണം.
കഴിവിന്റെ അടിസ്ഥാനത്തിലാണ് ലേലത്തിലെടുത്തതെന്നും ഈ സീസണിൽ അർജുന് തന്റെ മികവ് തെളിയിക്കാൻ സാധിക്കുമെന്നും മുംബെെ ഇന്ത്യൻസ് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്നു അർജുൻ ടെൻഡുൽക്കർ. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അർജുനെ മുംബെെ ഇന്ത്യൻസ് താരലേലത്തിൽ സ്വന്തമാക്കിയത്.
“സച്ചിനെന്ന ലേബൽ അർജുന് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ, അർജുൻ ഒരു ബൗളറാണ്, ബാറ്റ്സ്മാനല്ല. അർജുനെ പോലെ ബൗളിങ് സാധിച്ചിരുന്നെങ്കിൽ സച്ചിൻ കൂടുതൽ അഭിമാനിക്കുമായിരുന്നു. കഴിവിന്റെ അടിസ്ഥാനത്തിലാണ് അർജുനെ ഞങ്ങൾ സ്വന്തമാക്കിയത്,” മുംബെെ ഹെഡ് കോച്ച് മഹേള ജയവർധനെ പറഞ്ഞു. അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ കഴിവ് തെളിയിക്കണമെന്നും ജയവർധനെ പറഞ്ഞു.
Read Also: ‘സർ വിളി വേണ്ട, പേര് വിളിക്കാം’; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി, വീഡിയോ
“ഞങ്ങൾ അർജുന് സമയം നൽകേണ്ടിയിരിക്കുന്നു. ഒരുപാട് സമ്മർദങ്ങൾ അദ്ദേഹത്തിനു നൽകാതിരിക്കാനാണ് ശ്രമിക്കുന്നത്. അർജുൻ അദ്ദേഹത്തിന്റേതായ രീതിയിൽ പരിശ്രമിക്കട്ടെ,” ജയവർധനെ പറഞ്ഞു.
ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ടിന്റെ കീഴിൽ അർജുൻ മികച്ച മുന്നേറ്റം നടത്തുമെന്ന് മുംബെെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സഹീർ ഖാൻ പ്രത്യാശ പ്രകടിപ്പിച്ചു. “സച്ചിന്റെ പേര് അർജുന് ഒരു സമ്മർദമായിരിക്കും. അതിൽ സംശയമില്ല. അർജുൻ സ്വയം അത് മറികടക്കണം,” സഹീർ പറഞ്ഞു.
തന്നെ ടീമിലെടുത്ത മുംബെെ ഇന്ത്യൻസിന് അർജുൻ നന്ദി പറഞ്ഞു. ചെറുപ്പം മുതൽ താൻ മുംബെെ ഇന്ത്യൻസിന്റെ വലിയ ആരാധകൻ ആണെന്നും മുംബെെയുടെ ജഴ്സി അണിഞ്ഞ് ടീമിനൊപ്പം ചേരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അർജുൻ പ്രതികരിച്ചു.
അണ്ടർ 16, 19 ക്രിക്കറ്റിൽ മുംബെെയ്ക്ക് വേണ്ടി കളിച്ച താരമാണ് അർജുൻ. കഴിഞ്ഞ മാസം സയദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ താരം അരങ്ങേറിയിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് അർജുൻ പ്രതീക്ഷിക്കുന്നത്.