ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിനാണ് കീഴടക്കിയത്. 172 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 85 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ശിവം മവിയും മൂന്ന് വിക്കറ്റ് നേടിയ ലോക്കി ഫെര്‍ഗൂസണുമാണ് കൊല്‍ക്കത്തക്കായി തിളങ്ങിയത്.
കൊല്‍ക്കത്തയ്ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ പിഴച്ചു. നേരിട്ട മൂന്നാം പന്തില്‍ തന്നെ യശ്വസി ജയ്സ്വാള്‍ പൂജ്യനായി മടങ്ങി. ഷക്കിബ് അല്‍ ഹസനാണ് വിക്കറ്റ് നേടിയത്. പിന്നാലെയെത്തിയ നായകന്‍ സഞ്ജു സാംസണിനും പിഴച്ചു. സീസണിലെ അവസാന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ശിവം മവിയാണ് താരത്തെ പുറത്താക്കിയത്.
രാജസ്ഥാന്റെ തകര്‍ച്ച പിന്നെയും തുടരുന്നതാണ് ഷാര്‍ജയില്‍ കണ്ടത്. ലോക്കി ഫെര്‍ഗൂസണ്‍ ലിയാം ലിവിങ്സ്റ്റണിനേയും പവലിയനിലേക്ക് അയച്ചതോടെ രാജസ്ഥാന് നാലാം ഓവറില്‍ തന്നെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരേയും നഷ്ടപ്പെട്ടു. പിന്നീട് രാജസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഷുഭ്മാന്‍ ഗില്ലും (56), വെങ്കിടേഷ് അയ്യരുമാണ് (38) കൊല്‍ക്കത്തക്കായി തിളങ്ങിയത്. 14 പന്തില്‍ 21 റണ്‍സെടുത്ത രാഹുല്‍ ത്രിപാതി ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.