scorecardresearch
Latest News

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ

സെപ്റ്റംബർ 18 നോ 19 നോ മത്സരങ്ങൾ തുടങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാകും ഐപിഎൽ തുടങ്ങുക

ipl, cricket, ie malayalam
ഫയൽ ചിത്രം

ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ മൺസൂൺ സീസണായതും രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്തുമാണ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചത്. വിർച്വലി നടന്ന സ്പെഷ്യൽ ജനറൽ മീറ്റിങ്ങിലാണ് മത്സരങ്ങൾ പുനരാരംഭിക്കാൻ തീരുമാനമായത്.

സെപ്റ്റംബർ 18 നോ 19 നോ മത്സരങ്ങൾ തുടങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാകും ഐപിഎൽ തുടങ്ങുക. സെപ്റ്റംബർ 14 ന് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ട് സീരീസിലെ അവസാന മത്സരത്തിനുശേഷം തൊട്ടടുത്ത ദിവസം ഇന്ത്യൻ ടീം യുഎഇയിലേക്ക് പറക്കും. ഇന്ത്യയിൽ ടി 20 ലോകകപ്പ് നടത്തുന്നതിന് കൂടുൽ സമയം അനുവദിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

Read More: WTC Final: ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത് റെട്രോ ജേഴ്‌സിയിൽ; ചിത്രം പങ്കുവെച്ച് ജഡേജ

താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടത്തിയത്. ഈ വർഷം ഇന്ത്യയിലെ നാല് നഗരങ്ങളിലായി 29 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോവിഡ് വ്യാപനം മൂലം മത്സരങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നത്. ഐപിഎൽ 14-ാമത് സീസണിൽ 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 remainder to be held in uae says bcci506627