scorecardresearch

Latest News

IPL 2021 RCB vs SRH: ബാംഗ്ലൂരിന്റെ കുതിപ്പ് അവസാനിച്ചു; ഹൈദരാബാദിന് ജയം

മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്

IPL 2021, RCB vs SRH

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് നാല് റണ്‍സ് ജയം. 142 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. ഹൈദരാബാദ് ബോളര്‍മാരുടെ മികവിന് മുന്നില്‍ ബാംഗ്ലൂര്‍ കീഴടങ്ങുകയായിരുന്നു. ദേവദത്ത് പടിക്കല്‍ (41), ഗ്ലെന്‍ മാക്സ്വല്‍ (40) എന്നിവരാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍മാര്‍.

അവസാന രണ്ട് ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ് മാത്രമായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 19-ാം ഓവറില്‍ ബാംഗ്ലൂര്‍ നേടിയത് കേവലം അഞ്ച് റണ്‍സ് മാത്രം. 20-ാം ഓവര്‍ ഭുവനേശ്വര്‍ കുമാര്‍ എത്തിയപ്പോള്‍ മറുവശത്ത് എബി ഡീവില്ലിയേഴ്സും ഉണ്ടായിരുന്നു. മൂന്ന് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ്.

നാലാം പന്ത് ഡീവില്ലിയേഴ്സ് സിക്സ് പറത്തി ബാംഗ്ലൂരിന് വിജയ പ്രതീക്ഷ നല്‍കി. പക്ഷെ അടുത്ത രണ്ട് പന്തുകളില്‍ ഭുവി വഴങ്ങിയത് കേവലം ഒരു റണ്‍സ് മാത്രം. ഹൈദരാബാദിന് ജയം. ടൂര്‍ണമെന്റിലെ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 141 റണ്‍സാണ് നേടിയത്. ലഭിച്ച മികച്ച തുടക്കം മുതലാക്കാനാവാതെ പോയത് ടീമിന് തിരിച്ചടിയായി. ഓപ്പണര്‍ ജേസണ്‍ റോയ് (44), നായകന്‍ കെയിന്‍ വില്യംസണ്‍ (31) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും, ഡാനിയല്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീതം നേടി.

11.2 ഓവറില്‍ 84-1 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ഹൈദരാബാദ് തകര്‍ച്ച നേരിട്ടത്. നായകന്‍ വില്യംസണ്‍ മടങ്ങിയതോടെ ടീമിന്റെ താളം തെറ്റി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കാന്‍ ബാംഗ്ലൂര്‍ ബോളര്‍മാര്‍ക്കായി. വില്യംസണ്‍, വൃദ്ധിമാന്‍ സാഹ, ജേസണ്‍ ഹോള്‍ഡര്‍ എന്നി അപകടകാരികളെ പുറത്താക്കി ഹര്‍ഷല്‍ ഒരിക്കല്‍ കൂടി വിരാട് കോഹ്ലിയുടെ വിശ്വാസം കാത്തു.

സൺറൈസേഴ്സ് ഹൈദരാബാദ്: ജേസൺ റോയ്, വൃദ്ധിമാൻ സാഹ, കെയിന്‍ വില്യംസൺ, പ്രിയം ഗാർഗ്, അഭിഷേക് ശർമ, അബ്ദുൽ സമദ്, ജെയ്സൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, ഉംറാൻ മാലിക്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, ശ്രീകർ ഭാരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഡാനിയൽ ക്രിസ്റ്റ്യൻ, ഷഹബാസ് അഹമ്മദ്, ജോർജ് ഗാർട്ടൻ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ.

Also Read: IPL 2021: ഐപിഎൽ അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇരുപത്തൊന്നുകാരൻ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 rcb vs srh score updates