IPL 2021, RCB vs PBKS Score Updates: ഐപിഎൽ സൂപ്പർ സൺഡേയിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ആറ് റൺസിനാണ് ബാംഗ്ലൂരിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടാനായത്.
പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ കാപ്റ്റൻ കെഎൽ രാഹുലും മായങ്ക് അഗർവാളിലും തുടക്കത്തിൽ ഭേദപ്പെട്ട നിലയിൽ സ്കോർ മുന്നോട്ട് കൊണ്ടു പോവാനായെങ്കിലും അത് തുടരാനായില്ല. മായങ്ക് അഗർവാൾ പഞ്ചാബിന് വേണ്ടി അർദ്ധ സെഞ്ചുറി നേടി. 42 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 57 റൺസ് നേടിയാണ് മായങ്ക് പുറത്തായത്.
രാഹുൽ 35 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 39 റൺസ് നേടി. നിക്കോളാസ് പൂരൻ ഏഴ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ എയ്ഡെൻ മാർക്രം 14 പന്തിൽനിന്ന് രണ്ട് ഫോറും ഒരു സിക്സുമടക്കം 20 റൺസ് നേടി.
സർഫ്റാസ് ഖാൻ റണ്ണൊന്നുമെടുക്കാതെ ആദ്യ പന്തിൽ പുറത്തായി. മോയ്സെസ് പെൻറിഖ്സ് ഒമ്പത് പന്തിൽ നിന്ന് ഒരു സിക്സ് അടക്കം പുറത്താവാതെ 12 റൺസും ഹർപ്രീത് ബ്രാർ രണ്ട് പന്തിൽ നിന്ന് മൂന്ന് റൺസുമെടുത്തു.
ആർസിബിക്ക് വേണ്ടി യൂസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഹ്ബാസ് അഹമ്മദും ജോർജ് ഗാർട്ടനും ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. ബാംഗ്ലൂരിന് വേണ്ടി ഗ്ലെൻ മാക്സ്വെൽ സീസണിലെ അഞ്ചാം അർദ്ധ സെഞ്ചുറി നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ക്യാപ്റ്റൻ കോഹ്ലിയും ദേവദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർ പ്ലേ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ 55 റൺസ് നേടി. എന്നാൽ പത്താം ഓവർ ചെയ്യാനെത്തിയ ഹെൻറിക്യുസ് 68 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകർത്തു. 24 പന്തില് 25 റൺസെടുത്ത കോഹ്ലിയെ ഹെൻറിക്യുസ് ബൗൾഡാക്കി. തൊട്ടു പിന്നാലെ ഡാനിയൽ ക്രിസ്റ്റ്യനെയും ആദ്യ പന്തിൽ തന്നെ സർഫറാസിന്റെ കൈകളിൽ എത്തിച്ചു മടക്കി.
അടുത്ത ഓവറിൽ 38 പന്തിൽ നിന്നും 40 റൺസുമായി ബാറ്റ് ചെയ്തിരുന്ന പടിക്കലിനെയും രഹുലിന്റെ കൈകളിൽ എത്തിച്ചു ഹെൻറിക്യുസ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടി. എന്നാൽ പിന്നീട് ഇറങ്ങിയ എബി ഡിവില്ലിയേഴ്സിനെയും കൂട്ടുപിടിച്ചു ഒരു വശത്തു നിന്നും ആക്രമിച്ചു കളിച്ച മാക്സ്വെൽ ബാംഗ്ലൂരിനെ പതിയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരിക്കുന്നു.
ഡിവില്ലിയേഴ്സ് 18 പന്തിൽ 23 റൺസുമായി റൺഔട്ടിലൂടെ പുറത്തായി. പിന്നീട് ഇറങ്ങിയ ഷഹബാസ് അഹമ്മ്ദ് നാല് പന്തിൽ എട്ട് റൺസുമായി അവസാന ഓവറിൽ പുറത്തായി. 33 പന്തിൽ നിന്നും 57 റൺസെടുത്ത മാക്സ്വെലിനെയും തൊട്ട് പിന്നാലെ ഗാർട്ടനെയും ഷമി മടക്കി.
പഞ്ചാബിന് വേണ്ടി മോയ്സസ് ഹെൻറിക്യുസ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും നേടി. അവസാന ഓവറിലാണ് ഷമി മൂന്ന് വിക്കറ്റും വീഴ്ത്തിയത്.
കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങിയത്. പഞ്ചാബ് നിരയിൽ പരുക്കേറ്റ ഫാബിയൻ അലന് പകരം ഹർപ്രീത് ബ്രാറും ദീപക് ഹൂഡയ്ക്ക് പകരം സറഫറാസ് ഖാനും എല്ലിസിന് പകരം മോയ്സസ് ഹെൻറിക്യുസും ടീമിലെത്തി.
ജയത്തോടെ പ്ലേഓഫ് സാധ്യത ബാംഗ്ലൂർ ഉറപ്പിച്ചു. പഞ്ചാബിനെതിരായ ജയത്തോടെ 12 മത്സരങ്ങളിൽ നിന്നും എട്ട് വിജയങ്ങളും നാല് തോൽവികളുമായി 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി , ദേവദത്ത് പടിക്കൽ, ശ്രീകർ ഭാരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഡാനിയൽ ക്രിസ്റ്റ്യൻ, ജോർജ് ഗാർട്ടൻ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ഐഡൻ മാർക്രം, നിക്കോളാസ് പൂരൻ, സർഫറാസ് ഖാൻ, ഷാരൂഖ് ഖാൻ, മൊയ്സസ് ഹെൻറിക്സ്, ഹർപ്രീത് ബ്രാർ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്