IPL 2021, RCB vs CSK Cricket Score Updates Streaming Online: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്ങ്സിന് ആറ് വിക്കറ്റ് ജയം. ആർസിബി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യത്തിൽ നിശ്ചിത 20 ഓവർ പൂർത്തിയാവാൻ 11 പന്ത് ശേഷിക്കേ ചെന്നൈ എത്തിച്ചേരുകയായിരുന്നു.
നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 157 റൺസ് നേടിയത്. 26 പന്തിൽ നിന്ന് 38 റൺസ് നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. ഫാഫ് ഡുപ്ലെസിസ് 26 പന്തിൽ നിന്ന് 31 റൺസ് നേടി. മോയീൻ അലി 18 പന്തിൽ നിന്ന് 23 റൺസും അമ്പട്ടി റായുഡു 22 പന്തിൽനിന്ന് 32 റൺസും നേടി.
സുരേഷ് റെയ്ന പുറത്താകാതെ 10 പന്തിൽ നിന്ന് 17 റൺസും നായകൻ എംഎസ് ധോണി പുറത്താകാതെ ഒമ്പത് പന്തിൽ നിന്ന് 11 റൺസും നേടി.
സിഎസ്കെയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും യൂസ്വേന്ദ്ര ചാഹലും ഗ്ലെൻ മാക്സ്വെലും ഓരോ വിക്കറ്റും നേടി.
ജയത്തോടെ ചെന്നൈ പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളിൽ ഏഴ് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റാണ് ചെന്നൈ നേടിയത്. അഞ്ച് ജയവും നാല് തോൽവിയുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. 14 പോയിന്റുമായി ഡൽഹിയാണ് രണ്ടാമത്.
ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിലെ പാളിച്ചയാണ് ബാംഗ്ലൂരിന്റെ സ്കോർ 156ൽ ഒതുക്കിതയത്.
ബാംഗ്ലൂരിന് വേണ്ടി ഓപ്പണർമാരായ നായകൻ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും അർദ്ധ സെഞ്ചുറി നേടി. 50 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 70 റൺസാണ് പടിക്കൽ നേടിയത്. കോഹ്ലി 41 പന്തിൽ ആറ് ഫോറും ഒരു സിക്സറുമടക്കം 53 റൺസ് നേടി.
10 ഓവറിലധികം ഒരു വിക്കറ്റും നഷ്ടപ്പെടാതെ കളിച്ച ആർസിബിക്ക് 111 റൺസെടുത്ത ശേഷം പതിമൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. കോഹ്ലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ പകരക്കാരനായിറങ്ങിയ എബി ഡി വില്ലേഴ്സ് 11 പന്തിൽ നിന്ന് 12 റൺസ് നേടി പതിനാറാം ഓവറിൽ പുറത്തായി. തൊട്ടടുത്ത പന്തിൽ തന്നെ ദേവ്ദത്ത് പടിക്കലും പുറത്തായി.
തുടർന്നിറങ്ങിയ ഗ്ലെൻ മാക്സ്വെൽ 11 റൺസ് നേടി പുറത്തായി. ടിം ഡേവിഡ്, വാനിന്ദു ഹസരനാഗ എന്നിവർ ഓരോ റണ്ണും ഹർഷൽ പട്ടേൽ മൂന്ന് റൺസുമെടുത്തു.
ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു. ശർദുൽ ഠാക്കൂർ രണ്ട് വിക്കറ്റും ദീപക് ചഹർ ഒരു വിക്കറ്റുമെടുത്തു.
മത്സരത്തിൽ ടോസസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴുമണിക്ക് നടക്കേണ്ടിയിരുന്ന ടോസിങ് മണൽക്കാറ്റിനെത്തുടർന്ന് വൈകിയാണ് നടന്നത്.
Also Read: IPL 2021: പേര് രോഹിത് ശര്‍മ, പ്രധാന ഇര കൊല്‍ക്കത്ത; അപൂര്‍വ റെക്കോര്‍ഡുമായി താരം