അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉജ്വല ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാജസ്ഥാനെ കീഴടക്കി പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തുകയാകും ഡല്‍ഹിയുടെ ലക്ഷ്യം. റിഷഭ് പന്ത് നയിക്കുന്ന ടീം ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. രണ്ടാം ഘട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആധികാരികമായി കീഴടക്കിയാണ് വരവ്.
മറുവശത്ത് ആദ്യ ഘട്ടത്തില്‍ തിരിച്ചടി നേരിട്ട രാജസ്ഥാന് ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. യുവതാരങ്ങളാല്‍ സമ്പന്നമായ ടീം കഴിഞ്ഞ ദിവസം നടന്ന കളിയില്‍ പഞ്ചാബ് കിങ്സിനെ ത്രില്ലര്‍ പോരാട്ടത്തിലാണ് കീഴടക്കിയത്. അവസാന രണ്ടോവറിലായിരുന്നു സഞ്ജു സാംസണിന്റെ ടീം കളിയുടെ ഗതി മാറ്റിയത്. ഡല്‍ഹിയെ പരാജയപ്പെടുത്താനായാല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനും രാജസ്ഥാന് കഴിയും. വൈകിട്ട് 3.30നാണ് മത്സരം.
രണ്ടാ മത്സരത്തില്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ കിതയ്ക്കുന്ന സണ്‍റൈസേഴ്സും പഞ്ചാബും ഏറ്റുമുട്ടും. കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും പരാജയം രുചിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ബാറ്റിങ് നിരയിലെ പോരായ്മയാണ് ഹൈദരാബാദിന് തിരിച്ചടിയാകുന്നത്. സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്താത്തതാണ് ആശങ്ക.
രാജസ്ഥാനെതിരെ അനായാസ ജയം സാധ്യമായിരുന്ന മത്സരം പടിക്കല്‍ കലമുടച്ചാണ് പഞ്ചാബ് കിങ്സ് ഹൈദരാബാദിനെ നേരിടാന്‍ ഇറങ്ങുന്നത്. ജയിക്കാന്‍ നാല് റണ്‍സും എട്ട് വിക്കറ്റ് കൈവശമുണ്ടായിട്ടും പഞ്ചാബിന് തോല്‍വി നേരിടേണ്ടി വന്നു. ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാന്‍ നല്‍കിയ പ്രഹരത്തില്‍ നിന്ന് മുക്തി നേടുകയായിരിക്കും പഞ്ചാബിന്റെ ലക്ഷ്യം. ഫോമിലുള്ള നായകന്‍ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളുമാണ് ടീമിന്റെ കരുത്ത്. രാത്രി 7.30 നാണ് മത്സരം.