Latest News

RR Preview: വിദേശ താരങ്ങളില്‍ സമ്പന്നര്‍, ദുര്‍ബലരായ ഇന്ത്യന്‍ നിര; എല്ലാ കണ്ണുകളും നായകന്‍ സഞ്ജുവിലേക്ക്

ഡയറക്ടറായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും നായകനായി സഞ്ജു സാംസണും എത്തുന്നതോടെ പുതു ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്‍

Rajasthan Royals, രാജസ്ഥാന്‍ റോയല്‍സ്, Rajasthan Royals preview, Rajasthan Royals news, Sanju Samson, സഞ്ജു സാംസണ്‍, Sanju Samson news, IPL, ഐപിഎല്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Chennai Super Kings, ചെന്നൈ സൂപ്പര്‍ കിങ്സ്, Indian Express Malayalam, IE Malayalam, ഐഇ മലയാളം

RR Preview: ഐപിഎല്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ട ടീമായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. പിന്നീടൊരിക്കലും ഫൈനലിന്റെ പടിവാതില്‍ക്കല്‍ പോലുമെത്താന്‍ രാജസ്ഥാനായിട്ടില്ല. ഡയറക്ടറായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും നായകനായി സഞ്ജു സാംസണും എത്തുന്നതോടെ പുതു ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്‍. എന്നാല്‍ വിദേശതാരങ്ങളില്‍ കൂടുതല്‍ അഭയം തേടുന്ന ടീമിന്റെ സാധ്യതകള്‍ എത്രത്തോളമെന്ന് കണ്ടറിയണം.

കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറിലായിരുന്നു ബോളിങ്ങിന്റെ പൂര്‍ണ ഉത്തരവാദിത്വം. ആര്‍ച്ചര്‍ മാത്രമായി ഒതുങ്ങിയ ബോളിങ് നിര മെച്ചപ്പെടുത്താന്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചിട്ടുണ്ട്. 16.25 കോടി രൂപ മുടക്കിയാണ് മോറിസിനെ ലേലത്തില്‍ എടുത്തത്. ഇംഗ്ലണ്ട് പേസര്‍ക്ക് പരുക്ക് പറ്റിയത് തുടക്കത്തില്‍ തന്നെ രാജസ്ഥാന് തിരിച്ചടിയായി. കുറഞ്ഞത് അഞ്ച് മത്സരമെങ്കിലും ആര്‍ച്ചറിന് നഷ്ടമാകും.

കരുത്ത്

വമ്പനടികളുമായി സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് രാജസ്ഥാന്റെ ഒരു പ്ലസ് പോയിന്റ്. ജോസ് ബട്‌ലറിനൊപ്പം ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളായ ബെന്‍ സ്റ്റോക്സുമാണ് കുന്തമുന. കൂടെ സഞ്ജുവിന്റെ വെടിക്കെട്ടും ചേരുമ്പോള്‍ ബാറ്റിങ് നിര സജ്ജമാണ്.

മൂവര്‍ക്കും പുറമെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും മധ്യനിരയുടെ കരുത്താകും. പോയ സീസണില്‍ കാര്യമായ സംഭാവന നല്‍കാന്‍ മില്ലറിനായിരുന്നില്ല. ഇംഗ്ലണ്ടിന്റെ ട്വന്റി 20 സ്പെഷ്യലിസ്റ്റ് ലിയാം ലിവിങ്സറ്റണും, മോറിസും, രാഹുല്‍ തേവാട്ടിയയും ഒന്നിക്കുന്ന ബാറ്റിങ് വാലറ്റം നായകന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാന്‍ സഹായിക്കും. എല്ലാത്തിനും ഉപരിയായി സംഗക്കാരയുടെ നിർദേശങ്ങളും കൂടി എത്തുമ്പോള്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ടീമായി രാജസ്ഥാന്‍ മാറും.

ദൗര്‍ബല്യം

ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനങ്ങളുടെ അഭാവമാണ് രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ഘടകം. സഞ്ജു സാംസണിന്റെ ഐപിഎല്‍ ചരിത്രവും ടീമിന് തലവേദനയാകും. ഇതുവരെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തിളങ്ങാന്‍ താരത്തിനായിട്ടില്ല. 2008ല്‍ 11.5 കോടി രൂപക്ക് ടീമിലെത്തിയ ഇടം കൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ജയദേവ് ഉനദ്കട്ടിന് ബോളിങ്ങില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിട്ടില്ല. ബാറ്റ്സ്മാന്‍ മനന്‍ വോഹ്റയും അവസരത്തിനൊത്ത് ഉയരുന്നത് ചുരുക്കും സാഹചര്യങ്ങളില്‍ മാത്രമാണ്.

യുവതാരങ്ങളായ കാര്‍ത്തിക് ത്യാഗി, റിയാന്‍ പരാഗ്, യശ്വസി ജയ്സ്വാള്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ ഒരുങ്ങാനുള്ള സാധ്യതയുണ്ട്. പരാഗും ത്യാഗിയും പോയ സീസണില്‍ ചില മത്സരങ്ങളില്‍ മികവ് പുറത്തെടുത്തിരുന്നെങ്കിലും ജയ്സ്വാളിന് തിളങ്ങാനായിരുന്നില്ല.

അവസരം

എല്ലാ കണ്ണുകളും സഞ്ജുവിലേക്കാണ്. സഞ്ജുവിന്റെ സ്ഥിരതയും ഫോമുമാണ് ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്ന ഒന്ന്. ഇന്ത്യന്‍ ടീമിലിടം നേടിയിട്ടും അത് മുതലെടുക്കാന്‍ താരത്തിനായിരുന്നില്ല. സഞ്ജുവിന് ശേഷം ടീമിലെത്തിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ലോകകപ്പ് ടീമില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഈ ഐപില്‍ സീസണില്‍ ഉത്തരവാദിത്വങ്ങള്‍ സഞ്ജുവിന് കൂടുതലാണ്. നായക മികവും സ്ഥിരതായാര്‍ന്ന പ്രകടനവും പുറത്തെടുത്താല്‍ ട്വന്റി ലോകകപ്പ് ടീമിലെത്താനുള്ള മലയാളി താരത്തിന്റെ സാധ്യതകള്‍ വർധിക്കും.

വെല്ലുവിളി

നായകനെന്ന നിലയിലെ പരിചയക്കുറവും അത് നല്‍കാന്‍ പോകുന്ന സമ്മര്‍ദവും, സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്റര്‍ ഏറ്റവും അധികം പരീക്ഷണം നേരിടാന്‍ പോകുന്ന സീസണായിരിക്കും ഇത്. ആക്രമിച്ചു കളിക്കുക എന്ന സഞ്ജുവിന്റെ ശൈലി ഇത്തവണ പ്രായോഗികമാകാനിടയില്ല, നായകന്റെ ഉത്തരവാദിത്വങ്ങള്‍ താരത്തിന്റെ ബാറ്റിങ്ങിനെ തന്നെ ബാധിച്ചേക്കാം. നിര്‍ണായക ഘട്ടങ്ങളില്‍ പരിചയക്കുറവ് താരത്തിന് വെല്ലുവിളിയാകും. ഇതെല്ലാം മറികടക്കാനായാല്‍ സഞ്ജുവിന് ഓര്‍ത്ത് വയ്ക്കാനാകുന്ന സീസണായി മാറുമിത്.

ഒറ്റയാള്‍ പ്രകടനങ്ങളായിരുന്നു പലപ്പോഴും രാജസ്ഥാന് വിജയം സമ്മാനിച്ചിരുന്നത്. ടീം പെര്‍ഫോമന്‍സിന്റെ അഭാവം പരിഹരിച്ച് സ്ഥിരതയോടെ കളിക്കുക എന്നത് പ്രധാനമാണ്. ആർച്ചറിനെ ടീം വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത്തവണ മോറിസുണ്ടെങ്കിലും, 26 കാരനായ ഇംഗ്ലണ്ട് താരത്തിന്റെ അഭാവം പേസ് ആക്രമണം ദുർബലമാക്കുന്നു. ആർച്ചർ വേഗം ടീമിനൊപ്പം ചേരുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ. ദുര്‍ബലരായ ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളിലെ അമിതാശ്രയവും ഇത്തവണയും രാജസ്ഥാന്റെ പ്ലെ ഓഫ് മോഹങ്ങള്‍ക്ക് തിരച്ചടിയാകാനിടയുണ്ട്.

രാജസ്ഥാന്‍ ടീം

സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, യശ്വസി ജെയ്സ്വാള്‍, മനന്‍ വോഹ്റ, അനുജ് റാവത്, റിയാന്‍ പരാഗ്, ‍ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാത്തിയ, മഹിപാല്‍ ലോംറോര്‍, ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ, ജോഫ്ര ആര്‍‍ച്ചര്‍, ആന്‍ഡ്രു ടൈ, ജയദേവ് ഉനദ്കട്ട്, കാര്‍ത്തിക് ത്യാഗി, ശിവം ഡൂബെ, ക്രിസ് മോറിസ്, മുസ്തഫിസൂര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ, കെസി കാരിയപ്പ, ലിയാം ലിവിങ്സറ്റണ്‍, കുല്‍ദീപ് യാദവ്, ആകാശ് സിങ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 rajasthan royals team preview

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com