ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ഉജ്വല ജയം. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തു. 42 പന്തില്‍ 98 റണ്‍സെടുക്ക നായകന് കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. ജയത്തോടെ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഫാഫ് ഡുപ്ലെസിയുടെ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 55 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. പഞ്ചാബിനായി അര്‍ഷദീപ് സിങ്ങും, ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതം നേടി.
നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഫോമിലുള്ള റിതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി അര്‍ഷദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീടെത്തിയ മൊയീന്‍ അലി (0), റോബിന് ഉത്തപ്പ (2), അമ്പട്ടി റായിഡു (4) എന്നിവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. നായകന് ധോണി വീണ്ടും താളം കണ്ടെത്താതെ 12 റണ്‍സിനാണ് പുറത്തായത്. വിക്കറ്റ് വീഴ്ച തുടര്‍ന്നെങ്കിലും ഡൂപ്ലെസി പിടിച്ചു നിന്നു.
ഏഴാമനായെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ഡൂപ്ലെസിയുടെ രക്ഷാപ്രവര്‍ത്തനം. 61-5 എന്ന നിലയില്‍ നിന്ന് 128 റണ്സിലെത്തിച്ചതിന് ശേഷമാണ് താരം പുറത്തായത്. 76 റണ്സടങ്ങിയ ഇന്നിങ്സില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്സും പിറന്നു. 17 പന്തില്‍ 15 റണ്‍സുമായി ജഡേജ ഡൂപ്ലസിക്ക് പിന്തുണ നല്കിയതും നിര്‍ണായകമായി.