ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് കൊണ്ട് പൂര്‍ത്തിയാവുകയാണ്. അവസാന ദിനത്തിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും, ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും നേരിടും. 13 കളികളില്‍ നിന്ന് 20 പോയിന്റുള്ള ഡല്‍ഹി ഒന്നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് നിലവില്‍ 18 പോയിന്റാണുള്ളത്. നെറ്റ് റണ്‍ റേറ്റില്‍ ബഹുദൂരം മുന്നിലുള്ള ചൈന്നൈയെ മറികടന്ന് രണ്ടാം സ്ഥാനം പിടിക്കാന്‍ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും മൈതാനത്ത് അത്ഭുതകരമായ പ്രകടനം കാഴ്ച വക്കേണ്ടി വരും. അവസാന ദിനത്തിലെ ടീമുകളുടെ സാധ്യതകള്‍ പരിശോധിക്കാം.
ചെന്നൈയെ രക്ഷിച്ച നെറ്റ് റണ്‍ റേറ്റ്
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ചെന്നൈ പ്ലേ ഓഫിലേക്ക് എത്തുന്നത്. 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 18 പോയിന്റാണ് സമ്പാധ്യം. രണ്ടാം സ്ഥാനം ഉറപ്പിച്ചില്ല എങ്കിലും +0.45 എന്ന റണ്‍ റേറ്റ് എം.എസ്. ധോണിയേയും കൂട്ടരേയും തുണയ്ക്കും. ബാംഗ്ലൂരിന് മറികടക്കാനാകാത്ത വിധം ഉയരത്തിലാണ് ചൈന്നൈയുടെ റണ്‍ റേറ്റ്. അതിനാല്‍ ക്വാളിഫയര്‍ ഒന്നില്‍ ഡല്‍ഹിയുടെ എതിരാളികള്‍ ചെന്നൈയാകാനാണ് സാധ്യത.
രണ്ടാം സ്ഥാനത്തിനായി ബാംഗ്ലൂര്‍
സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ഏറ്റ പരാജയമാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. ജയിച്ചിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന്റെ കടുപ്പം കുറഞ്ഞേനെ. നിലവില്‍ 16 പോയിന്റുള്ള ബാംഗ്ലൂരിന്റെ നെറ്റ് റണ്‍ റേറ്റ് -0.15 ആണ്. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഡല്‍ഹിയെ 113 റണ്‍സിന് പരാജയപ്പെടുത്തണം. രണ്ടാമത് ബാറ്റ് ചെയ്യുന്ന സാഹചര്യത്തില്‍, 142 റണ്‍സാണ് വിജയലക്ഷ്യമെങ്കില്‍ 16 ഓവറിനുള്ളില്‍ മറികടക്കുകയും വേണം. എന്നാലും ചെന്നൈയും റണ്‍ റേറ്റ് മറികടക്കാനാകില്ല.
കൊല്‍ക്കത്തയ്ക്ക് ആശ്വാസം
രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 86 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. നിലവില്‍ 14 കളികളില്‍ നിന്ന് 14 പോയിന്റുള്ള കൊല്‍ക്കത്തയുടെ നെറ്റ് റണ്‍ റേറ്റ് +0.58 ആണ്. കൊല്‍ക്കത്തയുടെ വിജയം പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു.
മുംബൈയുടെ പ്രതീക്ഷകള്‍
കണക്കുകള്‍ വച്ച് അളക്കുകയാണെങ്കില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകള്‍ ഉണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ 14 പോയിന്റും നേടാം. എന്നാല്‍ കളത്തിലേക്കെത്തുമ്പോള്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ കടുപ്പമാണ്. ഹൈദരാബാദിനെ 171 റണ്‍സിന് കീഴടക്കിയാല്‍ മാത്രമെ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ ചാമ്പ്യന്മാര്‍ക്ക് സാധിക്കു.