കൊച്ചി: “ശവത്തില്‍ കുത്തരുത്” എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ കേരളത്തിലെ ഓരോ മുംബൈ ഇന്ത്യന്‍സ് ആരാധകരും പറയുന്നുണ്ടാകണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ കടുത്ത പരാജയത്തിന് പിന്നാലെ മുംബൈയ്ക്ക് നേരെ ട്രോള്‍ മഴ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. യുഎഇയില്‍ നടന്ന മൂന്ന് മത്സരത്തിലും രോഹിത് ശര്‍മയും കൂട്ടരും പരാജയം രുചിച്ചു കഴിഞ്ഞു.
സൂപ്പര്‍ സണ്‍ഡേയില്‍ മുംബൈയുടെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയവും ട്രോളന്മാര്‍ക്ക് നല്‍കിയ ആവേശം ചെറുതല്ല. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ വലിയ തോതില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പകരത്തിന് പകരമെന്ന നിലയിലാണ് പോയിന്റ് പട്ടികയിലെ മുംബൈയുടെ സ്ഥാനത്തെ ട്രോളന്മാര്‍ കാണുന്നത്. പട്ടിക തിരിച്ചു പിടിച്ചാല്‍ മുംബൈ മുന്നില്‍ തന്നെയാണെന്നാണ് ട്രോളുകള്‍.




ഓരോ തോല്‍വിക്ക് ശേഷവും തങ്ങള്‍ അഞ്ച് കിരീടം നേടിയിട്ടുണ്ടെന്ന് പറയുന്ന മുംബൈ ആരാധകനെയാണ് പ്രധാനമായും ട്രോളിയിരിക്കുന്നത്. നടപ്പ് സീസണില്‍ മുംബൈക്കെതിരെ രണ്ട് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് നേടിയ പേസ് ബോളര്‍ ഹര്‍ഷല്‍ പട്ടേലിന് അഭിനന്ദന ട്രോളുകളും ഉണ്ട്. അതേസമയം, മുംബൈ അനുകൂലികള്‍ പിന്നോട്ട് നില്‍ക്കാമെന്ന് കരുതിയിട്ടില്ല. തിരിച്ചു വന്ന് കിരീടം നേടുന്ന പരമ്പര്യമുള്ള ടീം ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് മുംബൈ ആരാധകരുടെ മീമുകളില്‍ തെളിയുന്നത്.




മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 165 റണ്‍സാണെടുത്തത്. നായകന്‍ വിരാട് കോഹ്ലിയുടേയും ഗ്ലെന്‍ മാക്സ്വല്ലിന്റേയും അര്‍ദ്ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് തുണയായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് രോഹിത് ശര്‍മയും ഡി കോക്കും നല്‍കിയ സ്വപ്ന തുല്യമായ തുടക്കം പിന്നാലെ വന്നവര്‍ക്ക് തുടരാനായില്ല. 111 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍.