IPL 2021-RR vs DC Match: മുംബൈ: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് രാജസ്ഥാൻ റോയൽസ്. ഡിസി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ രാജസ്ഥാൻ മറികടന്നു. 150 റൺസാണ് ആർആർ നേടിയത്.
തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ആർആറിന് ഡേവിഡ് മില്ലറുടെ ഇന്നിങ്സാണ് തുണയായത്. തുടക്കത്തിൽ തന്നെ രണ്ടാം ഓവറിൽ ജോസ് ബട്ട്ലറുടെയും മനാൻ വോഹ്റയുടെയും വിക്കറ്റ് നഷ്ടമായ റോയൽസിന് മൂന്നാം ഓവറിൽ നായകൻ സഞ്ജു സാസംണിന്റെയും വിക്കറ്റ് നഷ്ടമായി. ബട്ട്ലർ രണ്ടു റൺസും വോഹ്റ ഒൻപത് റൺസും സഞ്ജു നാല് റൺസും മാത്രം നേടിയാണ് പുറത്തായത്.
നാലാമനായിറങ്ങിയ ശിവം ദുബെ ഏഴ് പന്തിൽനിന്ന് രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. ആറാമനായിറങ്ങിയ റിയാൻ പരാഗ് രണ്ട് റൺസ് മാത്രം നേടി പുറത്തായി.
സഞ്ജു പുറത്തായതിവ് പിറകെ ഇറങ്ങിയ മില്ലർ 43 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സറും അടക്കം 62 റൺസ് നേടി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ 15.5 ഓവറിൽ മില്ലർ പുറത്തായി.
അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ പ്രകടനമാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 18 പന്തിൽ നിന്ന് നാല് സിക്സറടക്കം 36 റൺസാണ് മോറിസ് നേടിയത്. രാഹുൽ തെവാട്ടിയ 17 പന്തിൽനിന്ന് 19 റൺസും ജയ്ദേവ് ഉനാദ്കാത്ത് ഏഴ് പന്തിൽ നിന്ന് 11 റൺസും നേടി.
Read More: ആർസിബിക്ക് വ്യക്തമായ പ്ലാനുകളുണ്ട്; ആദ്യ രണ്ട് ജയങ്ങളിലും അമിതാവേശമില്ല: വിരാട് കോഹ്‌ലി
ഡൽഹിക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ക്രിസ് വോക്സും റബാദയും രണ്ട് വീതം വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡിസി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. ഡൽഹിക്ക് വേണ്ടി ബാറ്റിങ് നിരയിൽ നായകൻ റിഷഭ് പന്ത് ഒഴികെ ആർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.
റിഷഭ് പന്ത് 32 പന്തിൽ നിന്ന് ഒൻപത് ഫോറടക്കം 51 റൺസ് എടുത്തു. ഓപ്പണിങ്ങിനിറങ്ങിയ പൃഥ്വിഷാ രണ്ട് റൺസും ശിഖർ ധവാൻ ഒൻപത് റൺസും മാത്രം നേടി തുടക്കത്തിൽ തന്നെ പുറത്തായി. പൃഥ്വി ഷാ 1.6 ഓവറിലും ധവാൻ 3.1 ഓവറിലമാണ് പുറത്തായത്. അജിങ്യ രഹാനെ എട്ട് റൺസ് മാത്രം നേടി അഞ്ചാം ഓവറിലും പുറത്തായി. അഞ്ചാമനായിറങ്ങിയ മാർക്കസ് സ്റ്റോയിനിസ് റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ ലളിത് യാദവ് 24 പന്തിൽനിന്ന് 20 റൺസു ടോം കറൺ 16 പന്തിൽനിന്ന് 21 റൺസും നേടി. ക്രിസ് വോക്സ് പുറത്താവാതെ 15 റൺസും അശ്വിൻ ഏഴ് റൺസും റബാദ പുറത്താവാതെ ഒൻപത് റൺസും നേടി.
രാജസ്ഥാന് വേണ്ടി 3.75 എകണോമിയിൽ നാല് ഓവർ എറിഞ്ഞ ജയ്ദേവ് ഉനാദ്കാദ് ഡൽഹിക്കെതിരെ മികച്ച പ്രതിരോധമുയർത്തി. നാല് ഓവർ എറിഞ്ഞ് 15 റൺസ് മാത്രം വിട്ടുകൊടുത്ത ഉനാദ്കാദ് ഡൽഹിയുടെ മൂന്നു വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ രണ്ടുവിക്കറ്റും ക്രിസ് മോറിസ് ഒരു വിക്കറ്റും വീഴ്ത്തി.
Read More: ആർസിബിക്കായി മാക്‌സ്‌വെൽ പക്വതയോടെയാണ് കളിക്കുന്നത്; അഭിനന്ദിച്ച് കോച്ച്
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈ വാങ്ക്ഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ഇരുടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ട ശേഷമാണ് രാജസ്ഥാൻ ഇന്ന് ഡൽഹിക്കെതിരെ ജയം നേടിയത്. ആദ്യമത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തിയ ശേഷമാണ് ഡൽഹി രാജസ്ഥാനെ നേരിടാനിറങ്ങിയത്.