ഐപിഎല്ലിൽ പഞ്ചാബിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിന് ജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യത്തിൽ 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ എത്തിച്ചേരുകയായിരുന്നു. ചെന്നൈക്ക് വേണ്ടി മോയീൻ അലി 31 പന്തിൽനിന്ന് 46 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ ഫാഫ് ഡുപ്ലെസിസ് 33 പന്തിൽനിന്ന് പുറത്താകാതെ 36 റൺസെടുത്തു. മോയീൻ അലി-ഫാഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് 50ന് മുകളിൽ റൺസ് നേടി.
ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. 16 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമാണ് ഗെയ്ക്വാദ് നേടിയത്. സുരേഷ് റെയ്ന ഒൻപത് പന്തിൽനിന്ന് എട്ട് റൺസ് മാത്രം നേടി പുറത്തായി. അമ്പട്ടി റായുഡു റൺസൊന്നും നേടാതെ പുറത്തായി. നാല് പന്ത് നേരിട്ട സാം കറൺ പുറത്താവാതെ അഞ്ച് റൺസ് നേടി.
പഞ്ചാബിനുവേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. അർഷദീപ് സിങും മുരുഗൻ അശ്വിനും ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്.
Read More: ”നിങ്ങളാണ് ടീമിന്റെ ഹൃദയമിടിപ്പ്”; ധോണിക്ക് ആശംസയുമായി മുൻ ചെന്നൈ താരം
ചെന്നൈയുടെ ബോളിങ് നിരയ്ക്ക് മുൻപിൽ പഞ്ചാബിന് അടിപതറുന്ന നിലയായിരുന്നു ആദ്യ ഇന്നിങ്സിൽ. ഓപ്പണർ മാരിലൊരാളായ മായങ്ക് അഗർവാളിന്റെ വിക്കറ്റ് ഒരു ഓവർ പൂർത്തിയാവുന്നതിന് മുൻപ് തന്നെ പഞ്ചാബിന് നഷ്ടമായി. ഒരു പന്തിൽ നിന്ന് രണ്ടു പന്തിൽനിന്ന് റണ്ണൊന്നുമെടുക്കാതെയാണ് അഗർവാൾ പുറത്തായത്. 2.5 ഓവറിൽ ഏഴ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം നേടി നായകൻ കെഎൽ രാഹുലിന്റെ വിക്കറ്റും പഞ്ചാബിന് നഷ്ടമായി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനും അധികം പിടിച്ചു നിൽക്കാനായില്ല. 10 പന്തിൽനിന്ന് 10 റൺസ് മാത്രം നേടി നാലാം ഓവറിൽ ഗെയിലും പുറത്ത്. തൊട്ടുപിറകെ റൺസൊന്നുമെടുക്കാതെ നിക്കോളാസ് പൂരനും അതേ ഓവറിൽ പുറത്തായി. 6.2 ഓവറിൽ ദീപക് ഹൂഡയുടെ വിക്കറ്റും തെറിച്ചു. 10 പന്തിൽനിന്ന് 10 റൺസ് നേടിയ ദീപക് ഹൂഡ പുറത്താവുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലായിരുന്നു ടീമിന്റെ സ്കോർ.
ഷാറുഖ് ഖാന്റെ ഇന്നിങ്സാണ് ടീമിനെ മോശം അവസ്ഥയിൽ നിന്ന് ഭേദപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചത്. 36 പന്തിൽ നിന്ന് 47 റൺസ് നേടിയാണ് 19.1 ഓവർ വരെ പിടിച്ചുനിന്ന ഖാൻ പുറത്തായത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലായിരുന്നു ടീം അപ്പോൾ.
ജേ റിച്ചാഡ്സൺ 22 പന്തിൽ നിന്ന് 15 റൺസും, മുരുഗൻ അശ്വിൻ 14 പന്തിൽ നിന്ന് ആറ് റൺസും മുഹമ്മദ് ഷമി 12 പന്തിൽനിന്ന് ഒമ്പത് റൺസുമെടുത്ത് പുറത്തായി.
Read More: ഐപിഎല്ലിലെ ആദ്യ ‘കോവിഡ്-19 ബാക്കപ്പ്’; അക്‌സർ പട്ടേലിന് പകരക്കാരനായി ശാംസ് മുലാനി
ചെന്നൈക്ക് വേണ്ടി നാല് ഓവർ എറിഞ്ഞ ദീപക് ചാഹർ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ 12 റൺസ് വിട്ടു കൊടുത്ത സാം കറൺ, 17 റൺസ് വിട്ടുകൊടുത്ത മോയീൻ അലിയും ഓരോ വിക്കറ്റെടുത്തു. ഡ്വെയ്ൻ ബ്രാവോ ഒരു വിക്കറ്റെടുത്തു. രണ്ട് ഓവറിൽ 10 റൺസാണ് ബ്രാവോ വഴങ്ങിയത്. ഷർദുൽ ഠാക്കൂർ ഒഴികെ മറ്റെല്ലാ ബോളർമാരും എകണോമി ആറിൽ താഴെ നിലനിർത്തി. 8.75 എകണോമിയിൽ നാല് ഓവറിൽ 35 റൺസാണ് ഠാക്കൂർ വിട്ടുകൊടുത്തത്. രവീന്ദ്ര ജഡേജ നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്തു.
ഐപിഎല്ലിലെ എട്ടാം മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ് ധോണി പഞ്ചാബ് കിങ്സിനെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
രണ്ടാം മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയത്തിലറങ്ങുന്ന എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ആഗ്രഹിക്കാനില്ല. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം എന്നറിയപ്പെടുന്ന ധോണിയുടെ മഞ്ഞപ്പടയ്ക്ക് എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മറുവശത്ത് രാജസ്ഥാൻ റോയൽസിനെതിരെ അവസാന ഓവറിൽ നാല് റൺസിന്റെ വിജയം നേടി എത്തുന്ന രാഹുലും കൂട്ടരും അല്പം ആത്മവിശ്വാസത്തിലാണ്.
ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്. ഡൽഹിയുടെ ഓപ്പണിങ് ബാറ്റ്‌സമാന്മാരായ ശിഖർ ധവാനും പൃഥ്വി ഷായും ആദ്യ മത്സരത്തിൽ ചെന്നൈ ബോളർമാരെ കാര്യമായി കൈകാര്യം ചെയ്തിരുന്നു. ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടോടെ ഡൽഹിയെ വിജയത്തിലേക്ക് എത്തിക്കുകയിരുന്നു. മത്സരത്തിൽ ചെന്നൈയുടെ മുൻ നിര ബോളർമാരായ ദീപക് ചഹാർ, ശാർദൂൽ താക്കൂർ, ജഡേജ, സാം കരൺ ഉൾപ്പടെ എല്ലാവരും നന്നായി റൺസ് വഴങ്ങി.
മറുവശത്തു പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയല്സിനോട് അവസാന ഓവറിൽ നാല് റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ക്യാപ്റ്റൻ രാഹുലിന്റെ 50 ബോളിൽ 91 റൺസിന്റെയും ദീപക് ഹൂഡയുടെ 28 ബോളിൽ 64 റൺസിന്റെയും ഗെയ്‌ലിന്റെ 40 റൺസിന്റെയും പിൻബലത്തിൽ 221 റൺസെന്ന ബേധപ്പെട്ട സ്കോർ നേടിയിരുന്നു.
Read Also: ജയിക്കുമെന്ന് പ്രതീക്ഷയില്ലാത്ത നായകൻ; തിരുത്തി മില്ലറും മോറിസും
ചെന്നൈയെ പോലെ തന്നെ ബോളിങിലാണ് പഞ്ചാബിന്റെയും ആശങ്കകൾ. ഒപ്പം ഫീൽഡിങ്ങും ടീമിന് തലവേദനയാണ്. മൂന്നിലധികം ക്യാച്ചുകളാണ് രാഹുൽ ഉൾപ്പടെ കഴിഞ്ഞ കളിയിൽ നിലത്തിട്ടത്. പഞ്ചാബിന്റെ ബോളിങ് നിരയിൽ, മൂന്ന് വിക്കറ്റ് നേടുകയും അവസാന ഓവറിൽ പഞ്ചാബിന് ജയം സമ്മാനിക്കുകയും ചെയ്ത ആർഷദീപ് സിങും, മുഹമ്മദ് ഷമ്മിയും മാത്രമാണ് കഴിഞ്ഞ കളിയിൽ അല്പമെങ്കിലും നന്നായി ബോൾ ചെയ്തത്. പഞ്ചാബ് 22 കോടിയോളം നൽകി ഈ സീസണിൽ സ്വന്തമാക്കിയ വിദേശ താരങ്ങളായ റിച്ചാർഡ്സണും റിലേ മെറീഡിതും കാര്യമായി റൺസ് വിട്ടു കൊടുക്കുകയും ചെയ്തു.
ടീം
പഞ്ചാബ് കിങ്‌സ്
കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ, ഷാരൂഖ് ഖാൻ, റിലേ മെറീഡിത്, ജെ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, ആര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി
ചെന്നൈ സൂപ്പർ കിങ്‌സ്
എംഎസ് ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, മൊയീൻ അലി, സാം കറൺ, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദൂൽ താക്കൂർ, ദീപക് ചഹാർ