ഡല്‍ഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റ് ജയം. ചെന്നൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി.
അവസാന ഓവറുകളിൽ കീറോൺ പൊള്ളാർഡ് നടത്തിയ മികച്ച പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. പുറത്താവാതെ 34 പന്തിൽനിന്ന് 87 റൺസ് പൊള്ളാർഡ് നേടി. എട്ട് സിക്സറും ആറ് ഫോറും അടങ്ങുന്നതാണ് പൊള്ളാർഡിന്റെ ഇന്നിങ്സ്. 17 പന്തിൽനിന്നാണ് പൊള്ളാർഡ് അർദ്ധ സെഞ്ചുറി തികച്ചത്.
ഓപ്പണിങ്ങിനിറങ്ങിയ ക്വിന്റൺ ഡികോക്ക് 28 പന്തിൽനിന്ന് 38 റൺസും രോഹിത് ശർമ 24 പന്തിൽനിന്ന് 35 റൺസും നേടി. സൂര്യകുമാർ യാദവ് മൂന്ന് റൺസ് മാത്രം നേടി പുറത്തായി. കൃണാൽ പാണ്ഡ്യ 23 പന്തിൽ നിന്ന് 32 റൺസും ഹർദിക് പാണ്ഡ്യ ഏഴ് പന്തിൽനിന്ന് 16 റൺസുമെടുത്തു. ജെയിംസ് നീഷാം റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ചെന്നൈക്ക് വേണ്ടി സാം കറൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീൻ അലിയും രവീന്ദ്ര ജഡേജയും ഷർദുൽ ഠാക്കൂറും ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റ്സ്മാൻമാർ മുംബൈ ബോളർമാർക്കെതിരെ നിറഞ്ഞാടുകയായിരുന്നു. അമ്പാട്ടി റായിഡു, ഡു പ്ലെസിസ്, മോയിൻ അലി എന്നിവർ അർദ്ധ സെഞ്ചുറി നേടിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. മുംബൈ നിരയിൽ ബുംറ നാലോവറിൽ 56 റൺസ് വഴങ്ങി. ബുംറയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണിത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ ഓവറിൽ തന്നെ ഗെയ്ക്‌വാദിന്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസുമായി ഗെയ്ക്‌വാദ് മടങ്ങിയതിന് പിന്നാലെ എത്തിയ മൊയീൻ അലിയും ഡു പ്ലെസിസും ചേർന്ന് മുംബൈ ബോളർമാരെ അതിർത്തി കടത്താൻ തുടങ്ങി രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺ കൂട്ടുകെട്ട് പടുത്തുയർത്തി. അതിനു ശേഷം പത്താം ഓവറിൽ 58 റൺസെടുത്ത മൊയിൻ അലിയെ ബുംറ വീഴ്ത്തിയെങ്കിലും ഡു പ്ലെസിസ് തുടർന്നു. ഇടയിൽ രണ്ട് റൺസുമായി റെയ്ന വേഗം മടങ്ങിയെങ്കിലും പിന്നീട് വന്ന അമ്പാട്ടി റായിഡു ബുംറ അടക്കമുള്ള മുംബൈ ബോളർമാരെ കാര്യമായി പ്രഹരിച്ചു.
ചെന്നൈക്കായി ഡു പ്ലെസിസ് 28 പന്തിൽ രണ്ട് ഫോറും നാല് സിക്സറുമുൾപ്പടെ 50 റൺസ് നേടി പുറത്തായപ്പോൾ. അവസാനം വരെ നിലയുറപ്പിച്ച അമ്പാട്ടി റായിഡു 27 പന്തിൽ 7 സിക്‌സറും 4 ഫോറുമായി 72 റൺസ് അതിവേഗം നേടി. അമ്പാട്ടി റായിഡുവിന് കൂട്ടായി ജഡേജയും 22 റൺസുമായി പുറത്താകാതെ നിന്നു.
മുംബൈയുടെ പ്രധാന ബോളർമാരായ ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, ധവാൽ കുൽക്കർണി, ജെയിംസ് നീഷം തുടങ്ങിയവർ എല്ലാം നന്നായി റൺസ് വഴങ്ങി. സ്പിന്നർ രാഹുൽ ചഹാറും ഒരോവറിൽ രണ്ടു വിക്കറ്റ് നേടിയ കിറോൺ പൊള്ളാർഡും മാത്രമാണ് നന്നായി പന്തെറിഞ്ഞത്. 2 ഓവർ എറിഞ്ഞ പൊള്ളാർഡ് 12 മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ നേടിയത്.
മുംബൈക്ക് ടോസ്; ചെന്നൈയെ ബാറ്റിങിനയച്ചു
ഐപിഎല്ലിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങിനയച്ചു. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. മുംബൈ നിരയിൽ ജയന്ത് യാദവ്, നഥാൻ കോൾട്ടർ നെയിൽ എന്നിവർക്ക് പകരം ധവാൽ കുൽക്കർണിയും ജെയിംസ് നീഷമും ടീമിൽ എത്തി.
എത്ര ഫൈനലുകള്‍, കിരീടങ്ങള്‍, ക്രിക്കറ്റ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. വീണ്ടുമൊരു ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിന് ഡല്‍ഹിയില്‍ കളം ഒരുങ്ങുകയാണ്. പ്രതാപത്തിലേക്ക് മടങ്ങും വിധമാണ് ചെന്നൈയുടെ സീസണിലെ പ്രകടനം. തുടര്‍ച്ചയായ അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമത്.
ഓപ്പണര്‍മാരായ റിതുരാജ് ഗെയ്ക്ക്വാദും ഫാഫ് ഡുപ്ലെസിയും ഉജ്വല ഫോമിലാണ്. മധ്യനിരയില്‍ മാത്രമാണ് ആശങ്ക. ടീമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്നയും അമ്പട്ടി റായുഡുവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഫിനിഷര്‍ പട്ടത്തിലേക്ക് രവീന്ദ്ര ജഡേജ എത്തിയിട്ടുണ്ട്. അതിവേഗം സ്കോറിങ് കൂട്ടാനും മത്സരത്തിന്റെ ഗതിയനുസരിച്ച് ബാറ്റ് വീശാനും കഴിവുള്ളയാളാണ് ജഡേജ.
ബോളിങ്ങില്‍ ദീപക് ചഹറും, സാം കറണും പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മികവ് പുറത്തെടുക്കുന്നു. ഇരുവരും ചേര്‍ന്ന് 14 വിക്കറ്റാണ് ഇതുവരെ നേടിയത്. കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ ശാര്‍ദൂല്‍ താക്കൂര്‍ എന്ന ആയുധം ധോണിക്കുണ്ട്. സ്പിന്‍ നിരയില്‍ ജഡേജയ്ക്കൊപ്പം മൊയിന്‍ അലിയോ ഇമ്രാന്‍ താഹിറോ എത്തും. ലെഗ് സ്പിന്നിനെതിരെ മുംബൈ ബാറ്റ്സ്മാന്മാരുടെ പരാജയം മുന്‍നിര്‍ത്തിയാല്‍ താഹിറിന് നറുക്ക് വീഴും.
മറുവശത്ത് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി വിജയ വഴിയിലേക്കെത്തിയ ആത്മവിശ്വാസത്തിലാകും മുംബൈ ഇറങ്ങുക. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് നാല് മത്സരങ്ങള്‍ക്ക് ശേഷം തിളങ്ങി. നായകന്‍ രോഹിത് ശര്‍മയും, സൂര്യകുമാര്‍ യാദവും ഫോമിലാണ്. ക്രുണാല്‍ പാണ്ഡ്യയും രാജസ്ഥാനെതിരെ റണ്‍സ് കണ്ടെത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്.
ജസ്പ്രിത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിക്കുന്ന ബോളിങ്ങ് നിരയെക്കുറിച്ച് രോഹിതിന് ആശങ്കപ്പെടേണ്ടതില്ല. രാഹുല്‍ ചഹര്‍ വിക്കറ്റ് വേട്ടയില്‍ ടീമിന്റെ വിശ്വാസം ഇതുവരെ കാത്തു. മൂന്നാം പേസറുടെ കാര്യത്തിലാണ് മുംബൈയ്ക്ക് ആശങ്ക. ഇതിനോടകം തന്നെ വിവിധ ബോളര്‍മാരെ പരീക്ഷിച്ചെങ്കിലും തക്കതായ ഫലം ലഭിച്ചിട്ടില്ല.