IPL 2021 PBKS vs RCB: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സം 34 റൺസിന് വിജയിച്ചു. പഞ്ചാബ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ നായകൻ കെഎൽ രാഹുലിന്റെ മികച്ച പ്രകടനത്തിൽ സ്കോർ 179 റൺസിലെത്തിച്ച പഞ്ചാബ് ആർസിബിക്ക് എതിരെ ശക്തമായ ബോളിങ്ങ് പ്രതിരോധം കൂടി ഉയർത്തിയതോടെ ജയം സ്വന്തമാക്കുകയായിരുന്നു.
ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ആർസിബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 34 പന്തിൽനിന്ന് മൂന്ന് ഫോറും ഒരു സിക്സും അടക്കം 35 റൺസാണ് കോഹ്ലി നേടിയത്. ദേവ്ദത്ത് പടിക്കൽ ഏഴ് റൺസ് മാത്രം നേടി പുറത്തായി. രജത് പാട്ടീദാർ 30 പന്തിൽ നിന്ന് 31 റൺസ് നേടി. ഗ്ലെൻ മാക്സ്വെൽ റൺസൊന്നും നേടാതെ പുറത്തായി. എബി ഡിവില്ലേഴ്സ്, മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ഷഹ്ബാസ് അഹമ്മദ് എട്ട് റൺസും ഡാനിയൽ സാംസ് മൂന്ന് റൺസും കൈൽ ജെയ്മിസൺ 16 റൺസും നേടിയപ്പോൾ വാലറ്റത്ത് ഹർഷൽ പട്ടേൽ 13 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 31 റൺസ് നേടി.
ഹർപ്രീത് ബ്രാർ പഞ്ചാബിന് വേണ്ടി നാല് ഓവറിൽ 19 റൺസ് മാത്രം നിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. രവി ബിഷ്ണോയ് നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ഷമി, ക്രിസ് ജോർദാൻ, റിലേ മേർഡിത്ത് എന്നിവർ ഓരോ വിക്കറ്റെടുത്തു.
അദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്.
പഞ്ചാബിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ നായകൻ കെഎൽ രാഹുൽ പുറത്താകാതെ 57 പന്തിൽനിന്ന് അഞ്ച് സിക്സറും ഏഴ് ഫോറും അടക്കം 91 റൺസ് നേടി. ക്രിസ് ഗെയ്ൽ 24 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറും അടക്കം 46 റൺസ് നേടി പുറത്തായി.
രാഹുലിന്റെയും ഗെയ്ലിന്റെയും പ്രകടനം മാറ്റി നിർത്തിയാൽ മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ പുറത്താകാതെ 17 പന്തിൽ നിന്ന് 25 റൺസ് നേടിയ ഹർപ്രീത് ബ്രാർ മാത്രമാണ് മറ്റുള്ളവരിൽ 20 റൺസ് തികച്ചത്. പ്രഭ്സിംറാൻ സിങ്-7, നിക്കോളാസ് പുരൻ-0, ദീപക് ഹുഡ-5, ഷാരൂഖ് ഖാൻ-0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ആർസിബിക്ക് വേണ്ടി കൈൽ ജെയ്മിസൺ രണ്ട് വിക്കറ്റും യൂസ്വേന്ദ്ര ചാഹൽ, ഡാനിയൽ സാംസ്, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ റൺസും നേടി.
മത്സരത്തിൽ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീൽഡിങ് തിരഞ്ഞെടുത്ത് പഞ്ചാബിനെ ആദ്യ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ജയം സ്വന്തമാക്കി പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തുകയായിരിക്കും വിരാട് കോഹ്ലിയുടേയും കൂട്ടരുടേയും ലക്ഷ്യം. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ബാംഗ്ലൂരിനുള്ളത്. മറുവശത്ത് പഞ്ചാബ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
നായകന് കെഎല്‍ രാഹുല്‍ ഒഴികയുള്ള താരങ്ങള്‍ ആരും ബാറ്റിങ്ങില്‍ ഫോമിലല്ല എന്നതാണ് പഞ്ചാബിനെ വലയ്ക്കുന്ന കാര്യം. ഓപ്പണര്‍ മായങ്ക് അഗര്‍വാളും ക്രിസ് ഗെയിലും തിളങ്ങിയത് ചുരുക്കം മത്സരങ്ങളില്‍ മാത്രമാണ്. ഷാരൂഖ് ഖാന്, ദീപക്ക് ഹൂഡ, നിക്കോളാസ് പൂരാന് എന്നിവര്‍ ചേരുന്ന മധ്യനിരയും സ്ഥിരത പ്രകടിപ്പിച്ചിട്ടില്ല.
ബോളിങ്ങില്‍ മുഹമ്മദി ഷമിയും അര്‍ഷദീപ് സിങ്ങും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. വലിയ സ്കോറുകള്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കുന്നതില്‍ പഞ്ചാബ് പല തവണ പരാജയപ്പെട്ടു. സ്പിന്‍ നിര ശക്തമല്ല എന്നത് മറ്റൊരു പോരായ്മയാണ്.
Also Read: യൂറോപ്പ ലീഗിൽ റോമയെ തകർത്ത് മാഞ്ചസ്റ്റർ; ജയം 6-2 ന്
മറുവശത്ത് എല്ലാ വിഭാഗവും സന്തുലിതമാണ് ബാംഗ്ലൂരിന്റെ. ഓപ്പണര്‍മാരായ കോഹ്ലിയും ദേവദത്ത് പടിക്കലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്നതാണ് പോരായ്മ. എബി ഡിവില്ലിയേഴ്സ്-ഗ്ലെന്‍ മാക്സ്വെല് സഖ്യം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇരുവരുടേയും കരുത്താണ് ആര്‍സിബിയെ പലതവണയും കരകയറ്റിയത്.
ബോളിങ്ങിലേക്ക് കടന്നാല്‍ മുഹമ്മദ് സിറാജിന്റെ മികവാണ് എടുത്ത് പറയേണ്ടത്. ഐപിഎല്ലില്‍ സമാനതകളില്ലാതെയാണ് സിറാജ് പന്തെറിയുന്നത്. അവസാന ഓവറുകളില്‍ റണ്‍സ് ചോരാതെ നോക്കാനും താരത്തിനാകുന്നുണ്ട്. സീസണില്‍ കേവലം ആറ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് തുടരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ബാംഗ്ലുരിനാണ് മുന്‍തൂക്കം.