scorecardresearch
Latest News

IPL 2021 MI vs RR: ഡി കോക്ക് തിളങ്ങി; രാജസ്ഥാനെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം

സീസണിൽ തന്റെ ആദ്യ അർദ്ധ സെഞ്ചുറി കുറിച്ച ഡി കോക്കാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ഡി കോക്ക് 50 പന്തിൽ ആറ് ഫോറും രണ്ട് സിക്സറുമുൾപ്പടെ 70 റൺസ് നേടി

IPL 2021 MI vs RR: ഡി കോക്ക് തിളങ്ങി; രാജസ്ഥാനെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം

ഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18,3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. സീസണിൽ തന്റെ ആദ്യ അർദ്ധ സെഞ്ചുറി കുറിച്ച ക്വിന്റൺ ഡി കോക്കാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ഡി കോക്ക് 50 പന്തിൽ ആറ് ഫോറും രണ്ട് സിക്സറുമുൾപ്പടെ 70 റൺസ് നേടി. ആറു മത്സരങ്ങളിൽ രാജസ്ഥാന്റെ നാലാം തോൽവിയാണിത്. ഇന്നത്തെ ജയത്തോടെ മൂന്ന് വിജയങ്ങൾ പൂർത്തിയാക്കിയ മുംബൈ പോയിന്റ് പട്ടികയിൽ നാലാമതെത്തി.

മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒഴികെ മറ്റെല്ലാവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 17 പന്തുകൾ കളിച്ച രോഹിത് 14 റൺസുമായി ക്രിസ് മോറിസിന്റെ പന്തിൽ പുറത്താവുകയായിരുന്നു. പിന്നീട് വന്ന സൂര്യകുമാർ യാദവ് മൂന്ന് ഫോറുകൾ നേടി ഡി കോക്കിന് കൂട്ടായെങ്കിലും നിലയുറപ്പിക്കും മുൻപേ 10 പന്തിൽ 16 റൺസുമായി പുറത്തായി. പിന്നീട് എത്തിയ കൃണാൽ പാണ്ഡ്യയും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാകുകയും ജയം ഉറപ്പിക്കുകയും ചെയ്തു.

26 പന്തിൽ രണ്ട് ഫോറും അത്രതന്നെ സിക്സറുകളുമായി 39 റൺസ് സ്വന്തമാക്കിയ കൃണാൽ പാണ്ഡ്യ മുസ്താഫിസുറിന്റെ പന്തിൽ ബൗൾഡായി മടങ്ങി. പിന്നീട് രണ്ട് ഓവറിൽ ഡി കോക്കും പൊള്ളാർഡും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി 4 ഓവറിൽ 33 റൺസ് വഴങ്ങി ക്രിസ് മോറിസ് റാൻഡ് വിക്കറ്റും മുസ്താഫിസുർ ഒരു വിക്കറ്റും നേടി.

Read Also: കോവിഡ് വ്യാപനം: താരങ്ങള്‍ക്ക് പുറമെ അമ്പയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ആദ്യ ഓവറുകളിൽ നന്നായി തുടങ്ങിയ രാജസ്ഥാന്റെ കുതിപ്പ് തടഞ്ഞത് ജസ്പ്രീത് ബുംറയാണ്. നാല് ഓവർ എറിഞ്ഞ ബുംറ 15 റൺസ് മാത്രമേ വിട്ട് കൊടുത്തുള്ളു. ഒരു വിക്കറ്റും നേടി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പണർമാരായ ജോസ് ബട്ട്ലറും യശ്വസി ജയ്‌സ്വാളും നല്ല തുടക്കമാണ് നൽകിയത്. ട്രെന്റ് ബോൾട്ടിന്റെ ആദ്യ ബോൾ ബൗണ്ടറി പായിച്ച് തുടങ്ങിയ ബട്ട്ലർ അടുത്ത മൂന്ന് ഓവറുകളിൽ കരുതി കളിക്കുകയും പിന്നീട് നാലാം ഓവറിൽ ജയ്‌സ്വാളിനോടൊപ്പം ഇന്നിങ്‌സ് വേഗത്തിലാക്കുകയും ചെയ്തു. ആദ്യ ആറ് ഓവറിൽ രാജസ്ഥാൻ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 47 റൺസ് സ്വന്തമാക്കി.

എട്ടാം ഓവറിൽ രാഹുൽ ചഹാറിന്റെ പന്തിൽ ഡി കോക്കിന് ക്യാച്ച് നൽകി 32 പന്തിൽ 41 റൺസുമായി ബട്ട്ലറും പത്താം ഓവറിൽ രാഹുൽ ചഹാറിന് തന്നെ വിക്കറ്റ് നൽകി 20 പന്തിൽ 32 റൺസുമായി ജയ്‌സ്വാളും മടങ്ങി. പിന്നീട് മൂന്നാം നമ്പറിൽ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും ശിവം ദുബയും ചേർന്ന് സ്കോറിങ് മുന്നോട്ട് കൊണ്ടുപോയി. മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ട് ഇവർ നേടി.

27 പന്തിൽ 42 റൺസുമായി നന്നായി കളിച്ച സഞ്ജു സാംസണെ പതിനെട്ടാം ഓവറിൽ ട്രെന്റ് ബോൾട്ട് പുറത്താക്കി. അടുത്ത ഓവറിൽ 35 റൺസുമായി കളിച്ചുകൊണ്ടിരുന്ന ശിവം ദുബെയെ ബുംറയും പുറത്താക്കി. പിന്നീട് മില്ലർ (7) റിയാൻ പരാഗ് (8) എന്നിവർ ചേർന്ന് രാജസ്ഥാൻ സ്കോർ 171ൽ എത്തിച്ചു.

മുംബൈക്കായി 4 ഓവറിൽ 33 റൺസ് വിട്ട് കൊടുത്ത് രാഹുൽ ചഹാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ. മികച്ച എക്കണോമിയിൽ പന്തെറിഞ്ഞ ബുംറയും ബോൾട്ടും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ മത്സരം കളിച്ച കോൾട്ടർ നെയിലിനും ജയന്ത് യാദവിനും കൃണാൽ പാണ്ഡ്യക്കും വിക്കറ്റ് ഒന്നും ലഭിച്ചില്ല.

നിർണായക മത്സരത്തിൽ ടോസ് നേടി മുംബൈ; രാജസ്ഥാനെതിരെ ബോളിങ് തിരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞടുത്തു. ഡൽഹിയിലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. ബാറ്റ്സ്മാൻ ഇഷാൻ കിഷന് പകരം നാഥാൻ കോൾട്ടർ നെയിൽ ടീമിലെത്തി.

മുംബൈയെ സംബന്ധിച്ച് നിർണായക മത്സരമാണ് ഇന്നത്തേത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവിയുടെ ക്ഷീണം മാറ്റി വിജയവഴിയിലേക്ക് ചാമ്പ്യന്മാർക്ക് തിരിച്ചു വരേണ്ടതുണ്ട്. മറുവശത്ത് തുടർച്ചയായ തോൽവികൾക്ക് ശേഷം കൊൽക്കത്തയ്ക്ക് എതിരെ നേടിയ ജയം തുടരാനാണ് രാജസ്ഥാൻ റോയൽസിന്റെ വരവ്. സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഇതുവരെ രണ്ടു മത്സരങ്ങളാണ് ഇരു ടീമുകളും ജയിച്ചത്.

കടലാസിൽ കരുത്തരായ മുംബൈക്ക് ഈ സീസണിൽ കരുത്ത് പൂർണമായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പേരുകേട്ട മധ്യ നിരയുടെ ഫോമില്ലായ്മയാണ് അതിനു കാരണം. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് മികച്ച തുടക്കം നല്കാൻ കഴിയുമ്പോഴും ഒപ്പം നിന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ മറ്റു താരങ്ങൾക്ക് കഴിയാത്തത് ടീമിന് തലവേദനയാകുന്നുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക് ഫോമിലേക്ക് വരാത്തതും പാണ്ഡ്യ സഹോദരന്മാർക്ക് തിളങ്ങാനാകാത്തതും ടീമിന് വെല്ലുവിളിയാണ്.

മുംബൈയുടെ ബോളിങ് സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ബുംറ-ബോൾട്ട് ദ്വയം നന്നായി പന്തെറിയുന്നുണ്ട്. സ്പിന്നർ രാഹുൽ ചഹറും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇവർക്കൊപ്പം കൃണാൽ പാണ്ഡ്യയും നാഥാൻ കോൾട്ടർ നയിലും എത്തുമ്പോൾ ബോളിങ് ശക്തമാകും.

രാജസ്ഥാനും ബാറ്റിങ്ങിലും ബോളിങ്ങിലും പോരായ്മകൾ നിരവധിയാണ്. ഓപ്പണിങ്ങിൽ ജോസ് ബട്ട്ലറിന് താളം കണ്ടെത്താൻ കഴിയാത്തത് ടീമിന് തലവേദനയാകുന്നുണ്ട്. രണ്ടാം വിക്കറ്റിൽ സഞ്ജുവിന്റെ പ്രകടനം നിർണായകമാകും. ഒപ്പം മില്ലറും തെവാട്ടിയയും നന്നായി കളിച്ചാൽ ടീമിന് ജയം പ്രതീക്ഷിക്കാം. ബോളിങ്ങിൽ ആർച്ചറുടെ വിടവ് നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ യുവതാരം ചേതൻ സക്കറിയയുടെ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നതാണ്.

ഡൽഹിയിലെ ബാറ്റിങ് അനുകൂല പിച്ചിൽ ഇന്ന് റൺസ് ഒഴുക്കുമെന്ന് തന്നെയാണ് കരുതുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാന് 180ന് മുകളിൽ റൺസ് കെട്ടി പൊക്കാനായാൽ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 match 24 mi vs rr live score and updates

Best of Express