Latest News

IPL 2021 DC vs RCB: ‘ലാസ്റ്റ് ബോൾ ത്രില്ലർ’; ബാംഗ്ലൂരിന് ഒരു റൺ ജയം

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ നേടാനായി.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺസ് ജയം. ബാംഗ്ലൂർ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് ഒരു റൺസ് അകലെ വീണു. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹിക്ക് 170 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഡൽഹിക്കായി ക്യാപ്റ്റൻ റിഷഭ് പന്തും ഷിംറോൺ ഹെറ്റ്മിയറും അർദ്ധസെഞ്ചുറി നേടി. 48 പന്തിൽ നിന്ന് പുറത്താകാതെ 58 റൺസാണ് പന്ത് നേടിയത്. ഹെറ്റ്മിയർ പുറത്താവാതെ 25 പന്തിൽ നിന്ന് 53 റൺസ് നേടി.

ഓപ്പണിങ്ങിനിറങ്ങിയ പൃഥ്വി ഷാ 21 റംസും ശിഖർ ധവാൻ ആര് റൺസും നേടി പുറത്തായി. സ്റ്റീവ് സ്മിത്ത് നാല് റൺസെടുത്ത് പുറത്തായി. മാർക്കസ് സ്റ്റോയ്നിസ് 22 റൺസെടുത്തു.

ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ രണ്ട് റൺസെടുത്തു. മുഹമ്മദ് സിറാജും കൈൽ ജെയ്മിസണും ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ നേടാനായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ബാംഗ്ലൂരിന് വേണ്ടി അവസാന ഓവറിൽ എബി ഡിവില്ലിയേഴ്സ് നടത്തിയ രക്ഷാപ്രവർത്തനമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ബാംഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.

വേഗത കുറഞ്ഞ അഹമ്മദാബാദ് വിക്കറ്റിൽ ബാംഗ്ലൂരിനെ തുടക്കത്തിൽ തന്നെ ഡൽഹി ബോളർമാർ വിറപ്പിച്ചു. മൂന്നാം ഓവറിൽ ആവേശ് ഖാൻ വിരാട് കോഹ്‌ലിയുടെ കുറ്റി തെറുപ്പിച്ച് ഡൽഹിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 11 പന്തിൽ 12 റൺസുമായാണ് കോഹ്ലി മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ 14 പന്തിൽ 17 റൺസുമായി ഫോമിലുള്ള ദേവദത്ത് പടിക്കലിനെയും ബാംഗ്ലൂരിന് നഷ്ടമായി. ദേവദത്തിന്റെ കുറ്റി തെറിപ്പിച്ച് ഇഷാന്ത് ശർമ്മ ഈ സീസണിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

രണ്ട് ഓപ്പണർമാരും മടങ്ങിയ ശേഷം മൂന്നാം നമ്പറിൽ ഇറങ്ങിയ രജത് പതിദാറും മാക്‌സ്‌വെല്ലും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കാൻ ശ്രമിച്ചെങ്കിലും ഒമ്പതാം ഓവറിൽ അമിത് മിശ്രയുടെ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകി മാക്‌സ്‌വെൽ മടങ്ങി.20 പന്തിൽ 25 റൺസായിരുന്നു സമ്പാദ്യം. പിന്നീട് എത്തിയ ഡിവില്ലിയേഴ്സ് പതിദാറിനൊപ്പം കരുതി കളിച്ച് 50 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കി.

ഒടുവിൽ പതിനഞ്ചാം ഓവറിൽ 22 പന്തിൽ 31 റൺസുമായി പതിദാർ അക്‌സർ പട്ടേലിന്റെ പന്തിൽ വീണു. അതിനു ശേഷം വന്ന വാഷിഗ്ടൺ സുന്ദർ കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ ഒരു വശത്ത് നിലയുറപ്പിച്ചപ്പോൾ ഡിവില്ലേഴ്‌സ് ടീമിന്റെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇടയിൽ റബാഡ സുന്ദറിനെ വീഴ്ത്തിയെങ്കിലും അവസാന ഓവറുകളിൽ ഡിവില്ലിയേഴ്സ് അടിച്ചു കളിച്ച് ടീമിനെ 171 റൺസിൽ എത്തിച്ചു. സ്റ്റോയ്‌നിസിന്റെ അവസാന ഓവറിൽ 23 റൺസ് ഉൾപ്പടെ നേടി ഡിവില്ലേഴ്‌സ് 42 പന്തിൽ 5 സിക്‌സറും 3 ഫോറുമായി 75 റൺസ് സ്വന്തമാക്കി.

ഡൽഹിക്കായി സീസണിലെ ആദ്യ മത്സരം കളിച്ച ഇഷാന്ത് ശർമ്മ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവർ എറിഞ്ഞ ഇഷാന്ത് 21 റൺസ് മാത്രം വിട്ട് കൊടുത്ത ഒരു വിക്കറ്റ് നേടി. മറ്റു ബോളർമാരായ റബാഡ, ആവേശ് ഖാൻ, അമിത് മിശ്ര, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഡൽഹിക്ക് ടോസ്; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങിനയച്ചു

ഐപിഎല്ലിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങിനയച്ചു. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കോവിഡ് സാഹചര്യത്തിൽ ടീം വിട്ട അശ്വിന് പകരം ഇശാന്ത് ശർമ്മ ഡൽഹി ടീമിലെത്തി. ബാംഗ്ലൂർ നവദീപ് സൈനിയെയും ഡാൻ ക്രിസ്റ്റ്യനെയും പുറത്തിരുത്തി രജത് പതിദാറിനെയും ഡാനിയൽ സാംസിനേയും ടീമിൽ ഉൾപ്പെടുത്തി. സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയം വീതം നേടി മിന്നും ഫോമിലുള്ള രണ്ട് കരുത്തന്മാരുടെ പോരാട്ടം കൂടിയാണ് ഇത്.

സൺറൈസേഴ്സിനെതിരെ സൂപ്പർ ഓവറിൽ നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാക്കും ഡൽഹി ഇന്നിറങ്ങുക. എന്നാൽ തുടർച്ചയായ നാല് ജയങ്ങൾക്ക് ശേഷം ചെന്നൈയോട് അടിയറവ് പറയേണ്ടി വന്നതിന്റെ ക്ഷീണത്തിലാകും ബാംഗ്ലൂർ. ബാറ്റിങ്ങിലും ബോളിങിലും ചെറിയ പോരായ്മകൾ ഡൽഹി കഴിഞ്ഞ മത്സരങ്ങളിൽ പ്രകടമാക്കിയിരുന്നെങ്കിലും അതൊന്നും ടീമിന്റെ വിജയത്തിനെ ബാധിച്ചിരുന്നില്ല. റിഷഭ് പന്ത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബാറ്റിങ്ങിൽ ഓപ്പണർമാരായ പൃഥ്വി ഷാ- ശിഖർ ധവാൻ സഖ്യത്തിന്റെ പ്രകടനമാണ് ഡൽഹിയുടെ കരുത്ത്. സന്ദർഭത്തിനനുസരിച്ച് കളിയുടെ വേഗത നിയന്ത്രിക്കാൻ കഴിയുന്നവരാണ് ഇരുവരും. മൂന്നാം നമ്പറിൽ സ്റ്റീവ് സ്മിത്ത് സ്ഥാനമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. നാലാം നമ്പറിൽ തന്റെ സ്ഥിരം വെടിക്കെട്ട് പുറത്തെടുക്കുന്നില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായകമാകുന്ന ഇന്നിങ്‌സുകൾ ക്യാപ്റ്റൻ റിഷഭ് പന്ത് കളിക്കുന്നുണ്ട്. ഷിംറോൺ ഹെത്ത്മയർ, മർകസ് സ്റ്റോയ്‌നിസ് എന്നിവരടങ്ങുന്ന മധ്യനിര ഒറ്റക്ക് മത്സരങ്ങൾ നിയന്ത്രിക്കാൻ പോന്നതാണ്.

കോവിഡ് മൂലം ക്യാമ്പ് വിട്ട സ്പിന്നർ അശ്വിന്റെ അഭാവം ലളിത് യാദവിലൂടെയും അക്‌സർ പട്ടേലിലൂടെയും മറികടക്കാനാകും ഡൽഹിയുടെ ശ്രമം. ബോളിങ്ങിൽ പ്രധാന സ്പിന്നർ അമിത് മിശ്ര ഫോമിലാണ്. പേസർമാരിൽ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയയിൽ രണ്ടാമതുള്ള ആവേശ് ഖാൻ സ്ഥിരതയോടെ കളിക്കുന്നുണ്ട്. എന്നാൽ കാഗിസോ റബാഡ ഫോമിലേക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്.

Read Also: കോവിഡിനെതിരെ പൊരുതുന്ന കുടുംബത്തിനൊപ്പം നിൽക്കണം; ഐപിഎല്ലിൽ ഇടവേളയെടുത്ത് അശ്വിൻ

മറുവശത്ത് ചെന്നൈക്ക് എതിരെയുള്ള 69 തോൽവിയുടെ ക്ഷീണം മാറ്റി നിർത്തിയാൽ ബാംഗ്ലൂർ ടീം സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഓപ്പണിങ്ങിൽ വിരാട് കോഹ്ലി-ദേവദത്ത് പടിക്കൽ സഖ്യം ഫോമിലാണെന്നത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. കഴിഞ്ഞ മത്സരങ്ങളിൽ വിജയ ശില്പികളായ മാക്സ്‌വെലിന്റെയും ഡിവില്ലിയേഴ്സിന്റെയും ഫോം ടീമിന് പ്രതീക്ഷയാണ്.

ബോളിങ്ങിൽ പിങ്ക് ക്യാപ് ഹോൾഡറായ ഹർഷാൽ പട്ടേൽ തന്നെയാണ് ടീമിന്റെ സ്ട്രൈക്ക് ബോളർ. ജഡേജക്ക് എതിരെ കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ 37 റൺസ് വഴങ്ങിയത് ഒഴിച്ചുള്ള സീസണിലെ താരത്തിന്റെ പ്രകടനം അഭിനന്ദനാർഹമാണ്. ആദ്യ ഓവറുകളിൽ റൺസ് വിട്ട് കൊടുക്കാതെ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ സിറാജിന് കഴിയുന്നുണ്ട്. ടീമിലെ പ്രധാന സ്പിന്നറായ ചഹലും ഓൾ റൗണ്ടറായ വാഷിഗ്ടൺ സുന്ദറും വിക്കറ്റുകൾ നേടുന്നില്ലെങ്കിലും റൺസ് ഒഴുക്കിനെ നിയന്ത്രിക്കുന്നുണ്ട്.

കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ ഓഡ്ട്രേലിയൻ താരങ്ങളായ കെയ്ൻ റിച്ചാർഡ്സണിന്റെയും ആദം സാമ്പയുടെയും അഭാവം ടീമിനെ നിലവിൽ ബാധിക്കാനിടയില്ല. സീസണിൽ കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് റിച്ചാർഡ്സൺ കളിച്ചത്. ആദം സമ്പയാകട്ടെ ഇതുവരെ അവസാന ഇലവനിൽ ഇടം നേടിയിട്ടില്ലായിരുന്നു.

നേരത്തെ 26 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ 15 തവണ ബാംഗ്ലൂർ ജയിച്ചപ്പോൾ 10 തവണയാണ് ഡൽഹി ജയിച്ചത്. സീസണിലെ ഇരു ടീമുകളുടേയും പ്രകടനമനുസരിച്ച് ഇന്ന് വാശിയേറിയ ഒരു മത്സരത്തിനാകും അഹമ്മദാബാദ് വേദിയാകുക. അഹമ്മദാബാദിലെ വേഗത കുറഞ്ഞ പിച്ചിൽ ടോസ് ലഭിക്കുന്നയാൾ ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 match 22 dc vs rcb live score and updates

Next Story
ഇന്ത്യയിൽ ഓക്സിജൻ വാങ്ങുന്നതിനായി 50,000 ഡോളർ സംഭാവനുമായി പാറ്റ് കമ്മിൻസ്pat cummins, pat cummins covid 19 donation, pat cummins oxygen cylinders donation, pat cummins pm cares donation, pat cummins covid 19 india, പാറ്റ് കമ്മിൻസ്, കോവിഡ്, സംഭാവന, ഐപിഎൽ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com