scorecardresearch
Latest News

IPL 2021 SRH vs DC: സൂപ്പർ ഓവറിൽ ജയം സ്വന്തമാക്കി ഡൽഹി

അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് ജയമാണ് ഡൽഹി ഈ സീസണിൽ ഇതുവരെ നേടിയത്. ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏഴാമതാണ്.

IPL 2021 SRH vs DC ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ ജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. ഇരു ടീമുകളും 159 റൺസ് വീതം നേടി രണ്ട് ഇന്നിങ്സും അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് പോവുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് റൺസ് നേടി. രണ്ടാമതിറങ്ങിയ ഡൽഹി എട്ട് റൺസ് നേടി.

ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാർണർ രണ്ട് റൺസും കെയ്ൻ വില്യംസൺ നാല് റൺസുമാണ് സൂപ്പർ ഓവറിൽ നേടിയത്. ഒരു എക്സ്ട്രാ റണ്ണും ലഭിച്ചു. അക്ഷർ പട്ടേലാണ് ഡൽഹിക്ക് വേണ്ടി പന്തെറിഞ്ഞത്.

ഡൽഹിക്ക് വേണ്ടി റിഷഭ് പന്തും ശിഖർ ധവാനും സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങി. പന്ത് അഞ്ച് റൺസ് നേടി. ധവാൻ റൺസൊന്നും നേടിയില്ല. മൂന്ന് എക്സ്ട്രാസ് കൂടി ലഭിച്ചതോടെ എട്ട് റൺസ് ഡൽഹി നേടി. റാഷിദ് ഖാനാണ് ഹൈദരാബാദിന് വേണ്ടി ബൗൾ ചെയ്യാനിറങ്ങിയത്.

മത്സരത്തിൽ ഡൽഹി ഉയർത്തി. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എസ്എച്ച് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്ത് സമനിലയിലെത്തുകയായിരുന്നു.

കെയ്ൻ വില്യംസണിന്റെ പ്രകടനമാണ് സൺറൈസേഴ്സിനെ മൂന്നക്കം കടത്താൻ സഹായിച്ചത്. പുറത്താവാതെ 51 പന്തിൽനിന്ന് 66 റൺസാണ് വില്യംസൺ നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ നായകൻ ഡേവിഡ് വാർണർ ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. ജോണി ബെയർ സ്റ്റോ 18 പന്തിൽനിന്ന് 38 റൺസെടുത്തു.

വിരാട് സിങ്-4, കേദാർ ജാദവ്-9, അഭിഷേക് ശർമ-5, റാഷിദ് ഖാൻ-0, വിജയ് ശങ്കർ-8, ജഗദീശ സുചിത്ത് പുറത്താകാതെ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഡൽഹിക്ക് വേണ്ടി ആവേശ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ രണ്ട് വിക്കറ്റെടുകത്തു. അമിത് മിശ്ര ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് നേടിയത്. ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷാ അർദ്ധ സെഞ്ചുറി നേടി. 39 പന്തുകളിൽ ഏഴു ഫോറും ഒരു സിക്‌സറും ഉൾപ്പടെ 53 റൺസാണ് പൃഥ്വി ഷാ നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ശിഖർ ധവാനും പൃഥ്വി ഷായും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറിൽ ഇരുവരും ചേർന്ന് വിക്കറ്റ് കളയാതെ 51 റൺസ് സ്വന്തമാക്കി. പത്താം ഓവറിൽ പൃഥ്വി ഷാ അർദ്ധ സെഞ്ചുറി തികച്ചതിനു പിന്നാലെ അടുത്ത ഓവറിൽ ടീം സ്കോർ 81 റൺസിൽ നിൽക്കെ റാഷിദ് ഖാൻ ധവാന്റെ കുറ്റി തെറിപ്പിച്ചു.

രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ റിഷഭ് പന്ത് പൃഥ്വി ഷായുടെ ഒപ്പം ചേർന്നു. എന്നാൽ ഉടൻ തന്നെ ഖലീൽ അഹമ്മദിന്റെ റൺഔട്ടിലൂടെ പൃഥ്വി ഷാ പുറത്തായി. അതിനു ശേഷം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനൊപ്പം പന്ത് പതിയെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും സ്കോറിങ്ങിന്റെ വേഗത കൂട്ടാൻ കഴിഞ്ഞില്ല. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

പിന്നാലെ 27 പന്തിൽ 37 റൺസുമായി കളിച്ച ക്യാപ്റ്റൻ പന്ത് സിദ്ധാർഥ് കൗളിന്റെ പന്തിൽ സുചിത്തിന് ക്യാച്ച് നൽകി മടങ്ങിപിന്നീട് വന്ന ഹെത്മയർ ഒരു റൺസിൽ പുറത്തുമ്പോൾ ടീം സ്കോർ 19 ഓവറിൽ 145 റൺസ്. അവസാന ഓവറിൽ സ്മിത്ത് ടീം സ്കോർ 159 ൽ എത്തിച്ചു. 25 പന്തിൽ 34 റൺസാണ് സ്മിത്തിന്റെ നേടിയത്.

Read Also: ബുംറയെക്കാൾ കേമൻ സിറാജ്; സിറാജിനെ പുകഴ്ത്തി മുൻ ഇന്ത്യൻ പേസർ

ബുവനേശ്വർ കുമാറിന്റെ അഭാവത്തിലും ഹൈദരബാദ് പേസ് നിര നല്ല പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറിൽ 31 റൺസ് വഴങ്ങി സിദ്ധാർഥ് കൗൾ 2 വിക്കറ്റും റഷീദ് ഖാൻ ഒരു വിക്കറ്റും നേടി. ബുവനേശ്വർ കുമാറിന് പകരം ടീമിലെത്തിയ സുചിത് 4 ഓവറിൽ 21 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്. വിക്കറ്റ് ഒന്നും ലഭിച്ചില്ല.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഡൽഹി നിരയിൽ ലളിത് യാദവിന് പകരം അക്‌സർ പട്ടേൽ ടീമിലെത്തി. ഹൈദരാബാദ് നിരയിൽ ഭുവനേശ്വർ കുമാറിന് പകരം ജഗദീശ സുചിത് ടീമിൽ ഇടം നേടി.

പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഡൽഹി ഹൈദരാബാദിനെതിരായ വിജയത്തോടെ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണ് സമാനമായ യാത്രയാണ് ഈ സീസണിലും ഡൽഹി നടത്തുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് ജയമാണ് ഡൽഹി ഈ സീസണിൽ ഇതുവരെ നേടിയത്. ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏഴാമതാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 match 20 srh vs dc live score and updates