scorecardresearch
Latest News

IPL 2021 RR vs KKR: കൊൽക്കത്തയെ ആറുവിക്കറ്റിന് തോൽപിച്ചു; രാജസ്ഥാന് രണ്ടാം ജയം

കൊൽക്കത്ത ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ആർആർ നിശ്ചിത 20 ഓവർ കഴിയാൻ ഏഴ് പന്ത് ബാക്കിനിൽക്കവെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

IPL 2021 RR vs KKR: കൊൽക്കത്തയെ ആറുവിക്കറ്റിന് തോൽപിച്ചു; രാജസ്ഥാന് രണ്ടാം ജയം

IPL 2021 RR vs KKR: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് ജയം. സീസണിൽ രാജസ്ഥാന്റെ രണ്ടാം ജയമാണിത്. കൊൽക്കത്ത ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ആർആർ നിശ്ചിത 20 ഓവർ കഴിയാൻ ഏഴ് പന്ത് ബാക്കിനിൽക്കവെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ഓപ്പണിങ്ങിനിറങ്ങിയ ജോസ് ബട്ട്ലർ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും സഞ്ജു സാംസൺ, ഡേവിഡ് മില്ലർ, ശിവം ദുഹെ, യശസ്വി ജയ്സ്വാൾ എന്നിവരുടെ പ്രകടനം ടീമിനെ വിജയലക്ഷ്യത്തിലെത്തിച്ചു.

പുറത്താവാതെ 41 പന്തിൽനിന്ന് 42 റൺസ് നേടിയ സഞ്ജുവാണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്. ഓപ്പണിങ്ങിനിറങ്ങിയ യശസ്വി ജയ്സ്വാൾ 17 പന്തിൽനിന്ന് 22 റൺസ് നേടി. ശിവം ദുബെ 18 പന്തിൽനിന്ന് 22 റൺസ് നേടി. രാഹുൽ തെവാട്ടിയ എട്ട് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം നേടി പുറത്തായി. ഡേവിഡ് മില്ലർ 23 പന്തിൽ നിന്ന് പുറത്താവാടെ 24 റൺസ് നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയും ശിവം മാവിയും ഓരോ വിക്കറ്റെടുത്തു.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.

കൊൽക്കത്തക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ നിതീഷ് റാണ 25 പന്തിൽ നിന്ന് 22 റൺസും ശുഭ്മാൻ ഗിൽ 19 പന്തിൽനിന്ന് 11 റൺസുമെടുത്ത് പുറത്തായി. രാഹുൽ തൃപാഠി മാത്രമാണ് 30 റൺസ് തികച്ചത്. 26 പന്തിൽനിന്ന് 36 റൺസാണ് രാഹുൽ തൃപാഠി നേടിയത്.

സുനിൽ നരൈൻ ആറ് റൺസ് മാത്രമെടുത്തും ഇയോൻ മോർഗൺ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ദിനേശ് കാർത്തിക് 24 പന്തിൽനിന്ന് 25 റൺസെടുത്തു.അന്ദ്രെറസ്സൽ ഒൻപതും പാറ്റ് കമ്മിൻസ് പത്തും ശിവം മാവി അഞ്ചും റൺസെടുത്ത് പുറത്തായി.

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് നടത്തിയ പ്രകടനം കൊൽക്കത്തയുടെ ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് കാരണമായി. രാജസ്ഥാന് വേണ്ടി നാല് ഓവർ എറിഞ്ഞ ക്രിസ് മോറിസ് 24 റൺസ് വഴങ്ങി കൊൽക്കത്തയുടെ നാല് വിക്കറ്റ് വീഴ്ത്തി. ജയ്ദേവ് ഉനാദ്കാത്, ചേതൻ സാകരിയ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിർണായക മത്സരത്തിൽ ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. രാജസ്ഥാൻ റോയൽസ് മനാൻ വോഹ്രക്ക് പകരം യശ്വസി ജയ്‌സ്വാളിനെയും കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജയദേവ് ഉനദ്കട്ടിനെയും ടീമിൽ ഉൾപ്പെടുത്തി. കൊൽക്കത്ത നിരയിൽ കമലേഷ് നഗർകോട്ടിക്ക് പകരം ശിവം മവി ടീമിൽ ഇടം നേടി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി തോറ്റ കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെയും പരാജയപ്പെട്ടു.

പേപ്പറിൽ കരുത്തരായ, ഇംഗ്ലണ്ടിന്റെ വേൾഡ് കപ്പ് ക്യാപ്റ്റൻ ഓയിൻ മോർഗൻ നയിക്കുന്ന കെകെആർ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയോടെ പോയിന്റ് ടേബിളിൽ ആറാമതാണ്. ഒരു ടീമെന്ന നിലയിൽ മികച്ച മത്സരം പുറത്തെടുക്കാൻ കൊൽക്കത്തയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.

പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനക്കാരായി തുടരുന്ന രാജസ്ഥാന് ഇന്നത്തെ ജയത്തോടെ നില മെച്ചപ്പെടുത്താനായി. സീസണിലെ ഒട്ടും സ്ഥിരതയില്ലാത്ത ടീമെന്ന പ്രശ്നം രാജസ്ഥാൻ റോയൽസിനുണ്ട്.

Read Also: രാജസ്ഥാന് കനത്ത തിരിച്ചടി; ആര്‍ച്ചറിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകും

രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 10 വിക്കറ്റിന്റെ ഭീകര തോൽവി ഏറ്റുവാങ്ങിയാണ് ഇന്ന എത്തിയത്. ആദ്യ മത്സരത്തിൽ അവസാന പന്തിൽ ജയം കൈവിട്ട രാജസ്ഥാൻ, രണ്ടാം മത്സരത്തിൽ ഡൽഹി ക്യപ്റ്റിൽസിനെ തോല്പിച്ചിരുന്നു,

ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ പിന്നീടുള്ള മത്സരങ്ങളിൽ കുറഞ്ഞ സ്കോറുകളിൽ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ 119 റൺസ് നേടിയ സഞ്ജുവിന്റെ അടുത്ത മത്സരങ്ങളിലെ സ്കോർ 4,1,21 അങ്ങനെയായിരുന്നു.

നേരത്തെ 22 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 12 തവണ വിജയം കൊൽക്കത്തയ്ക്ക് ഒപ്പമായിരുന്നു. 10 തവണയാണ് രാജസ്ഥാൻ ജയിച്ചത്. എന്നാൽ 2018 ലെ വിലക്കിനു ശേഷം തിരിച്ചെത്തിയ രാജസ്ഥാന് ഒരു തവണ മാത്രമാണ് ഇതിനു മുൻപ് കൊൽക്കത്തയെ തോൽപ്പിക്കാനായത്. റൺസ് ഒഴുകുന്ന മുംബൈ പിച്ചിൽ രണ്ട് ടീമുകളുടെയും അവസാന മത്സരമാണിത്. വാങ്കഡെയിൽ നിന്ന് ജയിച്ചു മടങ്ങാനാകും ഇരുകൂട്ടരുടെയും ശ്രമം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2021 match 18 kolkata night riders vs rajasthan royals live updates