മുംബൈ: ഐപിഎല്ലിലെ പന്ത്രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്.
രാജസ്ഥാന് വേണ്ടി ജോസ് ബട്ട്ലർ 35 പന്തിൽ നിന്ന് 49 റൺസെടുത്തു. സഞ്ജു സാംസൺ ഒരു റൺ മാത്രം നേടി പുറത്തായി. മനാൻ വോഹ്റ 14 റൺസും ശിവം ദുബെ 17 റൺസുമെടുത്തു. ഡേവിഡ് മില്ലർ രണ്ട് റൺസെടുത്ത് പുറത്തായി. റയാൻ പരാഗ് മൂന്ന് റൺസെടുത്തു. രാഹുൽ തെവാട്ടിയ 15 പന്തിൽ നിന്ന് 20 റൺസും, ജയ്ദേവ് ഉനാദ്കാദ് 17 പന്തിൽ നിന്ന് 24 റൺസുമെടുത്തു. ക്രിസ് മോറിസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ചെന്നൈക്ക് വേണ്ടി മോയീൻ അലി മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയും സാം കറണും രണ്ട് വീതം വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് സ്വന്തമാക്കിയത്. ഒരു ബാറ്റ്സ്മാൻ പോലും 35 റൺസ് പിന്നിടാതെയാണ് ചെന്നൈ ഈ സ്കോർ സ്വന്തമാക്കിയത്. 33 റൺസ് നേടിയ ഡുപ്ലെസിസ് ആണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ.
Read More: റയലും, ബാഴ്സയുമുൾപ്പെടെ 15 പ്രമുഖ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് വിടുന്നു; ഇനി കളി യൂറോപ്യൻ സൂപ്പർ ലീഗിൽ
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്നിങ്‌സ് പതിയെ തുടങ്ങിയ ചെന്നൈക്ക് മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഋതുരാജ് ഗെയ്ക്‌വാദിനേ 10 റൺസിൽ നഷ്ടമായി പിന്നീട് വന്ന മൊയീൻ അലിയുമായി ചേർന്ന് ഡുപ്ലെസിസ് കൂട്ടുകെട്ട് ഉണ്ടാകാൻ ശ്രമിച്ചെങ്കിലും 33 റൺസിന് അഞ്ചാം ഓവറിൽ അതും അവസാനിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ മൊയീൻ അലി 26 റൺസ്, റായിഡു 27 റൺസ്, റെയ്ന 18 റൺസ്, ധോണി 18 റൺസ്, ജഡേജ 8 റൺസ്, സാം കറണ് 13, ശാർദൂൽ താക്കൂർ ഒരു റൺ എന്നിവരെല്ലാം പുറത്തായി. 20 റൺസുമായി ബ്രാവോ പുറത്താകാതെയും നിന്നു.
രാജസ്ഥാന് വേണ്ടി യുവ താരം ചേതൻ സകറിയ 3 വിക്കറ്റുകൾ നേടി. റായിഡു, റെയ്ന, ധോണി എന്നീ മൂന്ന് വമ്പൻ മാരുടെ വിക്കറ്റാണ് സകറിയ സ്വന്തമാക്കിയത്. ഇതുകൂടാതെ ക്രിസ് മോറിസ് രണ്ടും മുസ്റ്റാഫ്‌സീർ റഹ്‍മാനും രാഹുൽ തേവാട്ടിയായും ഒന്ന് വീതം വിക്കറ്റുകളും നേടി.