IPL 2021, DC vs RR- Score Updates Streaming: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് 33 റൺസിന്റെ ജയം.
ഡൽഹി ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 121 റൺസ് മാത്രമാണ് നേടാനായത്.
രാജസ്ഥാന് വേണ്ടി കാപ്റ്റൻ സഞ്ജു സാംസൺ അർദ്ധസെഞ്ചുറി നേടി. പുറത്താകാതെ 53 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സറുമടക്കം 70 റൺസാണ് സഞ്ജു നേടിയത്. മറ്റ് ബാറ്റ്സ്മാൻമാരെല്ലാം മോശം പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജുവിന് പുറമെ 24 പന്തിൽ നിന്ന് 19 റൺസെടുത്ത മഹിപാൽ ലോംറോർ ഒഴികെ ആർക്കും റൺസ് രണ്ടക്കം തികയ്ക്കാനായില്ല.
ഓപ്പണിങ്ങിനിറങ്ങിയ ലിയാം ലിവിങ്സ്റ്റൻ മൂന്ന് പന്തിൽ നിന്ന് ഒരു റണ്ണും യശസ്വി ജൈസ്വാൾ നാല് പന്തിൽനിന്ന് അഞ്ച് റൺസും മാത്രമെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ 10 പന്തിൽ നിന്ന് ഏഴ് റൺസെടുത്തപ്പോൾ റയാൻ പരാഗ് ഏഴ് പന്തിൽ നിന്ന് രണ്ട് റൺസും രാഹുൽ തെവാട്ടിയ 15 പന്തിൽ നിന്ന് ഒമ്പത് റൺസുമെടുത്തു. അവസാന ഓവറുകളിൽ ഇറങ്ങിയ തബ്രേസ് ഷംസി നാല് പന്തിൽ നിന്ന് രണ്ട് റൺസെടുത്ത് പുറത്താകാതെ നിന്നു.
ഡൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ രണ്ട് വിക്കറ്റെടുത്തു. അശ്വിൻ, റബാദ, അക്ഷർ പട്ടേൽ, അവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്.
32 പന്തിൽ നിന്ന് 43 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിങ്സ്.
ഓപ്പണർ പൃഥ്വി ഷാ 12 പന്തിൽ നിന്ന് 10 റൺസ് നേടി പുറത്തായി. ശിഖർ ധവാൻ എട്ട് പന്തിൽ നിന്ന് ഒരു ഫോറടക്കം എട്ട് റൺസ് നേടിയും പുറത്തായി.
നായകൻ റിഷഭ് പന്ത് 24 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 24 റൺസും ഷിംറോൺ ഹെറ്റ്മിയർ 16 പന്തിൽ നിന്ന് നാല് ഫോറടക്കം 28 റൺസും നേടി.
ലളിത് യാദവ് പുഫത്താവാതെ 15 പന്തിൽ നിന്ന് ഒരു ഫോറടക്കം 14 റൺസും അക്ഷർ പട്ടേൽ ഏഴ് പന്തിൽ നിന്ന് ഒരു സിക്സറടക്കം 12 റൺസും നേടി. അശ്വിൻ പുറത്താകാതെ ആറ് പന്തിൽ നിന്ന് ആറ് റൺസെടുത്തു.
രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയയും മുസ്തഫിസുർ റഹ്മാനും രണ്ട് വിക്കറ്റെടുത്തു. കാർത്തിക് ത്യാഗിയും രാഹുൽ തെവാട്ടിയയും ഓരോ വിക്കറ്റെടുത്തു.
രാജസ്ഥാനെ പരാജയപ്പെടുത്തിയതോടെ ഐപിഎൽ പോയിന്റ് നിലയിൽ ഡൽഹി വീണ്ടും ഒന്നാമതെത്തി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആർസിബിയെ തകർത്ത ചെന്നൈ ഡൽഹിയെ മറികടന്ന് പോയിന്റ് നിലയിൽ ഒന്നാമതെത്തിയിരുന്നു.
10 മത്സരങ്ങളിൽ എട്ട് ജയവും രണ്ട് തോൽവിയുമായി 16 പോയിന്റാണ് ഡൽഹിക്ക്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റോടെ ചെന്നൈ രണ്ടാമതെത്തി.
10 മത്സരങ്ങളിൽ നാല് ജയവും അഞ്ച് തോൽവിയുമായി എട്ട് പോയിന്റോടെ ആറാമതാണ് രാജസ്ഥാൻ.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ- കാപ്റ്റൻ), ലയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മില്ലർ, മഹിപാൽ ലോമറോർ, റിയാൻ പരാഗ്, രാഹുൽ തെവാട്ടിയ, കാർത്തിക് ത്യാഗി, ചേതൻ സക്കറിയ, മുസ്തഫിസുർ റഹ്മാൻ, തബ്രേസ് ഷംസി
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ- കാപ്റ്റൻ), ലളിത് യാദവ്, ഷിമ്രോൺ ഹെറ്റ്മിയർ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാദ, അൻറിച്ച് നോർട്ജെ, അവേശ് ഖാൻ
Also Read: IPL 2021: ബ്രാവോ സഹോദരന്, പന്തെറിയുന്നതിനെ ചൊല്ലി ഞങ്ങള് എപ്പോഴും വഴക്കിടാറുണ്ട്: ധോണി