മൊഹാലി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മൊഹാലിയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ സാധിക്കുമോ എന്ന് ബിസിസിഐയ്‌ക്ക് ആശങ്ക. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം കർഷകരുടെ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായാൽ അത് ആഗോള തലത്തിൽ വലിയ ചർച്ചയാകുമെന്നാണ് ബിസിസിഐ ഭയപ്പെടുന്നത്.

“മൊഹാലിയിൽ ഐ‌പി‌എൽ മത്സരം നടക്കുമ്പോൾ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള മാർച്ച് സ്റ്റേഡിയത്തിലേക്ക് വരുന്ന ഒരു സാഹചര്യമുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ ആകർഷിക്കും. ഇന്ത്യയുടെ വടക്കൻ ഭാഗത്തെ നിലവിലെ സ്ഥിതി കാരണം മൊഹാലി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട വേദികളിൽ ഇല്ല,”ബിസിസിഐ ഉന്നതൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു

Read Also: നാലാം ടെസ്റ്റ് നാളെ മുതൽ; ഇംഗ്ലണ്ടിനായി കൈയടിക്കാൻ ഓസ്ട്രേലിയയും !

മുംബൈയിലും ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടക്കില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയെ ഐപിഎൽ വേദികളിൽ നിന്ന് ഒഴിവാക്കുന്നത്. നിലവിൽ അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ മാത്രം ഐപിഎൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐയുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കേണ്ട സാഹചര്യമുള്ളതിനാൽ ചില വേദികളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

എന്നാൽ, മൊഹാലിയെ ഐപിഎൽ വേദികളിൽ നിന്നു ഒഴിവാക്കരുതെന്നും മത്സരങ്ങൾ നടത്താൻ ആവശ്യമായ കാര്യങ്ങളെല്ലാം സർക്കാർ ഒരുക്കാമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് ഐപിഎൽ ഭരണസമിതിയെയും ബിസിസിഐയെയും അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook