ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസായിരുന്നു. അടിസ്ഥാന വിലയായ 75 ലക്ഷത്തിൽ നിന്ന് അതിവേഗം താരത്തിന്റെ മൂല്യം കോടികൾ എണ്ണി തുടങ്ങി. നാല് ടീമുകൾ താരത്തിനായി സജീവമായി രംഗത്ത് വന്നതോടെ വാശിയേറിയ ലേലമാണ് നടന്നത്. ഒടുവിൽ 16.25 ലക്ഷം രൂപയ്ക്കാണ് ക്രിസ് മോറിസ് രാജസ്ഥാൻ റോയൽസിലെത്തിയത്.
ദക്ഷിണാഫ്രിക്കൻ പേസറിനായി മുംബൈയും ബാംഗ്ലൂരുമാണ് ആദ്യം മുന്നിൽ നിന്നത്. മലിംഗ പോയതോടെ മുംബൈയും ഉമേഷ് യാദവും സ്റ്റെയിനുമില്ലാത്ത ബാംഗ്ലൂരും ലോകോത്തര പേസറെ ടീമിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ മുംബൈയുടെ 10 കോടിക്ക് മുകളിൽ വിളിക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. പിന്നാലെ രാജസ്ഥാൻ റോയൽസ് താരത്തിനായി രംഗത്തെത്തി. റോയൽസ് വില കയറ്റി പോയതോടെ മുംബൈ പിന്മാറിയെങ്കിലും പഞ്ചാബ് കിങ്സ് വെല്ലുവിളി ഉയർത്തി. എന്നാൽ റോയൽസ് ഉറച്ചു നിന്നു.
2012 മുതൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമാണ് ക്രിസ് മോറിസ്. ടി20 ക്രിക്കറ്റിലൂടെ തന്നെയാണ് രാജ്യാന്തര ക്രിക്കറ്റിൽ താരത്തിന്റെ അരങ്ങേറ്റം. ചെന്നൈ സൂപ്പർ കിങ്സിലൂടെയാണ് താരം ഐപിഎല്ലിൽ എത്തുന്നത്. രാജസ്ഥാൻ റോയൽസിലേക്ക് താരത്തിന്റെ രണ്ടാം വരവാണിത്. 2015ൽ മോറിസ് രാജസ്ഥനായി കളിച്ചിരുന്നു. പിന്നീട് ഡൽഹി ക്യാപിറ്റൽസിലെത്തിയ താരം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു.
ന്യൂ ബോളിൽ എതിരാളികളെ വെള്ളം കുടിപ്പിക്കാൻ കഴിയുന്നതോടൊപ്പം തന്നെ ഡെത്ത് ഓവറുകളിലും തിളങ്ങാൻ സാധിക്കുന്നതാണ് മോറിസിനെ ടി20യിൽ അപകടകാരിയാക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റു പോകുന്ന താരമെന്ന റെക്കോർഡും ഇനി മോറിസിന്റെ പേരിൽ. ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ റെക്കോർഡാണ് മോറിസ് തിരുത്തിയെഴുതിയത്. 16 കോടി രൂപയ്ക്കാണ് യുവരാജിനെ 2016ൽ ഡൽഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പാറ്റ് കമ്മിൻസിനെ കൊൽക്കത്ത 15.5 കോടി രൂപയ്ക്കും സ്വന്തമാക്കിയിരുന്നു. ഇവരെയെല്ലാം മറികടന്നാണ് മോറിസിന്റെ നേട്ടം.