ഐപിഎൽ താരലേല പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറും. 2021 ഐപിഎൽ സീസൺ താരലേലം ഫെബ്രുവരി 18 ന് നടക്കും.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട്, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ തുടങ്ങിയവർക്കൊപ്പം മലയാളി താരം എസ്.ശ്രീശാന്തും ലേല പട്ടികയിൽ ഉണ്ട്. 1097 താരങ്ങളുടെ പേരാണ് ഐപിഎൽ ലേല പട്ടികയിൽ ഉള്ളത്.
അർജുൻ ടെൻഡുൽക്കറുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. പേസ് ബൗളറാണ് അർജുൻ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ലേല പട്ടികയിൽ ഉള്ളത്. വെസ്റ്റ് ഇൻഡീസിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. 56 പേർ വെസ്റ്റ് ഇൻഡീസിൽ നിന്നുണ്ട്. 42 ഓസീസ് താരങ്ങളും ലേല പട്ടികയിൽ ഉണ്ട്.
Read Also: ഇത് അനീതിയോ ? രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ കുൽദീപ്, വിമർശനം
ശ്രീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. ബംഗ്ലാദേശ് സൂപ്പർ താരം ഷാക്കിബ് അൽ ഹസൻ രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്. വലിയ പ്രതിഫലത്തിനു വിറ്റു പോകാൻ സാധ്യതയുള്ള താരമാണ് ഷാക്കിബ്.
ഹർഭജൻ സിങ്, കേദാർ ജാദവ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, സാം ബില്ലിങ്സ്, ജേസൺ റോയ്, മാർക് വുഡ് തുടങ്ങിയ താരങ്ങളും രണ്ട് കോടി അടിസ്ഥാന വിലയുള്ള പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഹനുമ വിഹാരി (ഒരു കോടി), ചേതേശ്വർ പൂജാര (75 ലക്ഷം) എന്നിവരും ലേല പട്ടികയിൽ ഉണ്ട്.