ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും യുവ ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 18 ന് നടക്കുന്ന താരലേലത്തിൽ അർജുനെ ആര് സ്വന്തമാക്കുമെന്നാണ് കായികപ്രേമികളും കാത്തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറെ ലേലത്തിൽ എടുക്കുമെന്നാണ് സൂചന. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് അർജുൻ ഒഴിവാക്കപ്പെട്ടത് വലിയ തിരിച്ചടിയാണെങ്കിലും ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് അർജുനെ കെെവിടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് താരമായിരുന്നു സച്ചിൻ ടെൻഡുൽക്കർ. മുംബെെ ഇന്ത്യൻസിന് ഇത്ര ആരാധകരെ ലഭിച്ചത് സച്ചിന്റെ സാന്നിധ്യംകൊണ്ടാണ്. അതുകൊണ്ട് തന്നെ സച്ചിന്റെ മകന് തങ്ങളുടെ ടീമിൽ തന്നെ അവസരം നൽകാനാണ് മുംബെെ ഇന്ത്യൻസ് ആലോചിക്കുന്നത്.
Read Also: ടി20 റാങ്കിങ്; കെഎൽ രാഹുൽ രണ്ടാം സ്ഥാനത്തേക്ക്; കോഹ്ലി ഏഴാം സ്ഥാനം തുടർന്നു
അർജുൻ ടെൻഡുൽക്കറുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. ഈ തുകയ്‌ക്കോ അതിൽ കൂടുതലോ നൽകി അർജുനെ സ്വന്തമാക്കാൻ താൽപര്യപ്പെടുന്ന മറ്റ് രണ്ട് ടീമുകൾ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസുമാണ്.
അതേസമയം, വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ചില്ലെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അർജുൻ. മുംബൈയില്‍ വെച്ചുനടന്ന ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഒരോവറിൽ അഞ്ച് സിക്‌സുകൾ പായിച്ച് അർജുൻ മികച്ച പ്രകടനമാണ് നടത്തിയത്. എം.ഐ.ജി.ക്രിക്കറ്റ് ക്ലബിനായി ബാറ്റ് ചെയ്‌ത അര്‍ജുന്‍ വെറും 31 പന്തുകളില്‍ നിന്നും 77 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ബൗണ്ടറികളും എട്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു അർജുന്റെ ഇന്നിങ്സ്.