ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വാശിയേറിയ പോരാട്ടത്തിനാണ് ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയായത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും സൂപ്പർ താരം എബി ഡി വില്ലിയേഴ്സിന്റെയും തകർപ്പൻ അർധസെഞ്ചുറി പ്രകടനത്തിൽ ബാംഗ്ലൂർ 164 റൺസിന്റെ വിജയലക്ഷ്യമാണ് സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വാർണറെ നഷ്ടപ്പെട്ടെങ്കിലും തകർത്തടിച്ച ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയുടെ ഇന്നിങ്സ് ഹൈദരാബാദിന് പ്രതീക്ഷയേകി. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്കാണ് ഹൈദരാബാദ് നീങ്ങുന്നതെന്ന് പോലും തോന്നിപോയി. എന്നാൽ ജോണി ബെയർസ്റ്റോ പുറത്തായതോടെ ചീട്ടുകൊട്ടാരം പോലെ ഹൈദരാബാദ് തകർന്നടിഞ്ഞു.
വിജയപ്രതീക്ഷയോടെ മുന്നേറുകയായിരുന്ന ഹൈദരാബാദിന്റെ അടിത്തറയിളക്കിയത് യുസ്വേന്ദ്ര ചാഹലിന്റെ രണ്ട് പന്തുകളായിരുന്നു. 15-ാം ഓവറിന്റെ രണ്ടാം പന്തിൽ ജോണി ബെയർസ്റ്റോയെ പുറത്താക്കിയ ചാഹൽ അടുത്ത പന്തിൽ വിജയ് ശങ്കറിന്റെയും കുറ്റിതെറിപ്പിച്ചു. ചാഹലിന്റെ സാധാരണമായ ഒരു ഫുൾ ലെങ്ത് ഡെലിവറി ലെഗ് സ്റ്റമ്പ് തെറിപ്പിച്ചപ്പോൾ പൊതുവെ ശാന്തനായ ജോണി ബെയർസ്റ്റോ പോലും നിയന്ത്രണം വിടുന്നതിനും ക്രിക്കറ്റ് ആരാധകർ സാക്ഷിയായി.
Also Read: പൊടിപൊടിച്ച് പടിക്കൽ; ഐപിഎൽ അരങ്ങേറ്റത്തിൽ അർധസെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത്
മനോഹരമായി ഗൂഗ്ലിയെ നേരിടുന്ന വിജയ് ശങ്കറിനും ചാഹലിന്റെ പന്തിനെ നേരിടാനാകാതെ വന്നതോടെ ആദ്യ പന്തിൽ തന്നെ ക്രീസ് വിടേണ്ടി വന്നു. അനായാസം വിജയത്തിലേക്ക് നയിക്കാൻ സാധിക്കുന്ന രണ്ട് താരങ്ങളെയും കൂടാരം കയറ്റിയ ചാഹൽ ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ നയിക്കുക കൂടിയായിരുന്നു. നേരത്തെ ക്രീസിൽ നിലയുറപ്പിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചതും ചാഹലായിരുന്നു. 34 റൺസുമായി ജോണി ബെയർസ്റ്റോയ്ക്ക് മികച്ച പിന്തുണ നൽകിയ മനീഷ് പാണ്ഡെയെ പുറത്താക്കി ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകിയതും ചാഹൽ തന്നെ.
Also Read: IPL 2020-SRH vs RCB: ജയത്തോടെ തുടങ്ങി കോഹ്ലിപ്പട; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ ജയം 10 റൺസിന്
ബാംഗ്ലൂരിനുവേണ്ടി ഇന്നലത്തെ മത്സരത്തിൽ ഏറ്റവും മികച്ച രീതിയിലാണ് ചാഹൽ പന്തെറിഞ്ഞത്. നാല് ഓവറിൽ 18 റൺസ് മാത്രം വഴിങ്ങി നിർണായകമായ മൂന്ന് വിക്കറ്റുകൾ പെയ്ത താരത്തിന്റെ ഇക്കോണമി 4.50 മാത്രമാണ്. കളിയിലെ താരമായും ചാഹൽ തിരഞ്ഞെടുക്കപ്പെട്ടു.
സൺറൈസേഴ്സ് ഹൈദരാബാദിനെ പത്ത് റൺസിന് പരാജയപ്പെടുത്തിയാണ് കോഹ്ലിപ്പട വരവറിയിച്ചത്. ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഹൈദരാബാദ് ഇന്നിങ്സ് 153 റൺസിൽ അവസാനിച്ചു.