കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക മത്സരങ്ങളുൾപ്പടെ എല്ലാ ഒത്തുച്ചേരലുകളും ഒഴിവാക്കിയതോടെ ക്രിക്കറ്റ് ആരാധകർക്ക് നഷ്ടമായത് കുട്ടിക്രിക്കറ്റിലെ തൃശൂർ പൂരം തന്നെയാണ്. ഏറെ ആകാംക്ഷയോടെ ഇന്ത്യൻ പ്രീമിയർ ലീഗിനായി കാത്തിരുന്ന ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകൾ ഇനിയും അവസാനിച്ചട്ടില്ല. വൈകാതെ തന്നെ ലോകാം ഈ മഹാമാരിയെ പരാജയപ്പെടുത്തി സാധാരണ ജീവിതത്തിലേക്കും തങ്ങൾ തങ്ങളുടെ കളി മൈതാനങ്ങളിലേക്കും മടങ്ങുമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 സീസൺ നടക്കാനുള്ള സാധ്യതകളില്ല.

നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങാനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു.

“ടി20 ലോകകപ്പ് കൂടെ നടക്കേണ്ടതുള്ളതിനാൽ ഐപിഎല്ലിന് സമയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് പുഃനക്രമീകരിക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതും സാധ്യമാകുമെന്ന് തോന്നുന്നില്ല,” ഷമി പറഞ്ഞു.

ഐപിഎൽ നടത്തിപ്പിന് ലോകകപ്പോ ഏഷ്യ കപ്പോ മാറ്റിവയ്ക്കാൻ സാധ്യത

അതേസമയം ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എങ്ങനെയും നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനായി ലോകകപ്പോ, ഏഷ്യ കപ്പോ മറ്റിവയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാലുള്ള സാമ്പത്തിക നഷ്ടമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ.

കൊറോണ വൈറസിനെ തുടർന്ന് 2020 എഡിഷനിലെ ഐപിഎൽ സീസൺ ഉപേക്ഷിക്കേണ്ടി വന്നാൽ ബിസിസിഐയ്ക്ക് അത് വലിയ തിരിച്ചടിയാകും. 2,000 കോടിയുടെ നഷ്ടമായിരിക്കും ഇതിലൂടെ ബിസിസിഐയ്ക്കുണ്ടാവുക. ബിസിസിഐയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ കളിക്കാരുടെ ശമ്പളത്തെയും ബാധിക്കും. അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook