മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസണിൽ ചൈനീസ് കമ്പനി വിവോ അടക്കമുള്ള എല്ലാ സ്പോൺസർമാരെയും നിലനിർത്തും. ഞായറാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഈ വർഷം യുഎഇയാണ് ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവുന്നത്. കോവിഡ് -19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകരം കളിക്കാരെ ഇറക്കുന്നതിനുള്ള പരിധി ഒഴിവാക്കാനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ടൂർണമെന്റ് എന്ന് ഞായറാഴ്ച നടന്ന വെർച്വൽ യോഗത്തിന് ശേഷം ശേഷം ഐപിഎൽ ഭരണ സമിതി അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ അനുമതി അനുസരിച്ച് ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാവും മത്സരങ്ങൾ നടക്കുക.

Read More: കോഹ്‌ലിയടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ നൽകാനുള്ളത് പത്ത് മാസത്തെ ശമ്പളം

53 ദിവസമാണ് ടൂർണമെന്റ്. 10 ആഫ്റ്റർനൂൺ മത്സരങ്ങളുണ്ടാവും. ഉച്ചക്ക് 3.30നാണ് ആഫ്റ്റർനൂൺ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 7.30നാണ് ഈവനിങ്ങ് മത്സരങ്ങൾ.

“എനിക്ക് പറയാൻ കഴിയുന്നത് ഞങ്ങളുടെ എല്ലാ സ്പോൺസർമാരും ഞങ്ങളോടൊപ്പമുണ്ടാവും എന്നാണ്. വരികൾക്കിടയിൽ നിങ്ങൾക്ക് വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” ഒരു ഐ‌പി‌എൽ ഭരണ സമിതി അംഗം പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഐപിഎല്ലിന്റെ ചൈനീസ് സ്പോൺസർഷിപ്പ് സംബന്ധിച്ച് രാജ്യത്ത് ചർച്ചകൾ ഉയർന്നു വന്നിരുന്നു. ജൂൺ മാസത്തിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ശേഷമാണ് ഈ വിഷയം ചർച്ചയായത്. തുടർന്ന് സ്പോൺസർഷിപ്പ് കരാറുകൾ പുനരവലോകനം ചെയ്യാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തിരുന്നു.

Read More: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ

അതേ സമയം ഭരണസമിതി യോഗം വനിതാ ഐപിഎല്ലിനും അംഗീകാരം നൽകി. ബി‌സി‌സി‌ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി സംസാരിച്ചതിന് ശേഷം പി‌ടി‌ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഐപിഎൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയത്. ലോകത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പകരം കളിക്കാരെ ഇറക്കുന്നതിനുള്ള പരിധിയിലും ഇപ്പോൾ മാറ്റം വരികയാണ്. പകരം കളിക്കാരെ ഇറക്കുന്നതിനുള്ള പരിധി ഇത്തവണ ഒഴിവാക്കും.

മത്സരങ്ങൾ യുഎഇയിൽ നടത്തുന്നതിന് മുൻപായി ഐപിഎൽ അധികൃതർ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി നേടേണ്ടതുണ്ട്. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയം ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യമായ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐപിഎൽ ഭരണസമിതിയിലെ ഒരു അംഗം പറഞ്ഞു. ദീപാവലിയുടെ വാരത്തിലാണ് നവംബർ 10ന് നടക്കുന്ന ഫൈനൽ എന്നതിനാൽ ബ്രോഡ്കാസ്റ്റർമാർക്ക് അത് ഗുണകരമായിരിക്കുമെന്നും ഭരണസമിതി അംഗം പറഞ്ഞു.

Read More: IPL 2020 final on November 10, Chinese sponsors intact, Covid replacements allowed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook