ദുബായ്: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാവാൻ യുഎഇ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. നിലവിൽ ഈ വർഷത്തെ ഐപിഎൽ റദ്ദാക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടില്ല. മാർച്ചിൽ ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
എന്നാൽ കോവിഡ് വ്യാപന നിരക്ക് ഇന്ത്യയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഐപിഎൽ അടക്കമുള്ള കായിക മത്സരങ്ങൾ അടുത്തകാലത്ത് പുനരാരംഭിക്കാനാവുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് ഇന്ത്യക്ക് പുറത്തുള്ള വേദികളിൽ നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ച ഉയരുന്നത്.
ഇതിനു മുൻപ് രണ്ടു തവണ ഐപിഎൽ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള വേദികളിൽ നടന്നിട്ടുണ്ട്. 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ യുഎഇയിലും. 2009 സീസണിൽ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ദക്ഷിണാഫ്രിക്കയിലായിരുന്നു നടന്നതെങ്കിൽ 2014ൽ ഇന്ത്യയിലും യുഎഇയിലുമായിട്ടായിരുന്നു മത്സരങ്ങൾ. അബൂദബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായി 20 ഐപിഎൽ മത്സരങ്ങൾക്കാണ് 2014ൽ യുഎഇ ആതിഥേയത്വം വഹിച്ചത്.
സന്നദ്ധത അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്
ഈ വർഷത്തെ ലീഗിന് ആതിഥേയത്വം വഹിക്കാൻ യുഎഇ സന്നദ്ധതയറിയിച്ചതായി ഗൾഫ് ന്യൂസ് ആണ് റിപോർട്ട് ചെയ്തത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് നീട്ടിവച്ചാലായിരിക്കും ഐലീഗ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യതയൊരുങ്ങുക.
ലീഗിന് യുഎഇ വേദിയാക്കാമെന്ന നിർദേശം ബിസിസിഐയുടെ മുൻപാകെ സമർപിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ജനറൽ സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനെ സന്നദ്ധത അറിയിച്ചതായും ഉസ്മാനി പറഞ്ഞു. ദ്വിരാഷ്ട്ര മത്സരങ്ങൾക്കും ബഹുരാഷ്ട്ര ടൂർണമെന്റുകൾക്കും വേദിയായ പരിചയം യുഎഇക്കുണ്ടെന്നും ഇതിനാൽ ഇന്ത്യൻ, ഇംഗ്ലീഷ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ സുഗമമായി നടത്താനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മുബാഷിർ ഉസ്മാനി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
അറിയേണ്ടത് ബിസിസിഐയുടെ നിലപാട്
എന്നാൽ ഐപിഎൽ വേദിമാറ്റത്തെക്കുറിച്ചോ, യുഎഇയിൽ നിന്നുള്ള നിർദേശത്തെക്കുറിച്ചോ ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ലഭ്യമല്ല. ഏപ്രിലിൽ ശ്രീലങ്കയും ഐപിഎൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യക്ക് മുൻപ് ശ്രീലങ്ക കൊറോണ മുക്തമാകുമെന്നാണ് തോന്നുന്നതെന്നും അങ്ങനെയെങ്കിൽ ടൂർണമെന്റ് ഇവിടെ നടത്താനാവുമെന്നുമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ അന്ന് പറഞ്ഞത്. ഇക്കാര്യത്തിൽ ബിസിസിഐയെ സമീപിക്കുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞിരുന്നു.
Read More: ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല: ബിസിസിഐ
ഇതിനിടെ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു. രാജ്യത്ത് മൈതാനങ്ങൾ തുറക്കുകയും കായികലോകം പഴയ നിലയിൽ സജീവമാവുകയും ചെയ്യുമെന്നും ഇതിന്റെ ഭാഗമായി ഈ വർഷം അവസാന പാദത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ നടക്കുമെന്നുമായിരുന്നു റിപോർട്ടുകൾ. ഇതിനായി ഓക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കും എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് മാറ്റണമെന്ന തരത്തിൽ ബിസിസിഐയുടെ ഭാഗത്ത് നിന്ന് നിർദേശമുണ്ടാകുകയില്ലെന്ന് ട്രഷറർ അരുൺ ദുമാൽ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

“എന്തിന് ബിസിസിഐ അത്തരത്തിലൊരു നിർദേശം മുന്നോട്ട് വയ്ക്കണം? ഐസിസിയാണ് ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഓസ്ട്രേലിയൻ സർക്കാരിന്റെ നയവും പ്രധാന ഘടകമാണ്. അവരാണ് ടീമുകൾ എത്താനും കളിക്കാനും അനുമതി നൽകേണ്ടത്,” എന്നായിരുന്നു ഈ വിഷയത്തിൽ അരുൺ ദുമാലിന്റെ മറുപടി.
Read More: ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിലെ റെക്കോർഡ് റൺ നേട്ടത്തിന് 21 വയസ്സ്
ഐപിഎൽ നടക്കാതിരുന്നാൽ അത് ലീഗ് നടത്തിപ്പുകാർക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. “ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടക്കാതെ വന്നാൽ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്, അത് ഭീകരമാണ്,” എന്നായിരുന്നു ഗാംഗുലി പറഞ്ഞത്.