ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎല്ലും താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇന്ന് ചേർന്ന ബിസിസിഐയുടെ ഐപിഎൽ ഗവേർണിങ് കൗൺസിലിന്റേതാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഐപിഎൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
കളിക്കാരുടെ സുരക്ഷ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. എപ്പോൾ സുരക്ഷിതമെന്ന് ബോധ്യപ്പെടുന്നോ അന്ന് ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
Also Read: ആ ഐതിഹാസിക വിജയം ദാദയും പിള്ളരും ആഘോഷിച്ചത് ഇങ്ങനെ; ഡ്രസിങ് റൂമിലെ വീഡിയോ വൈറലാകുന്നു
“കളിക്കാരുടെയും രാജ്യത്തിന്റെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം. അതിനാൽ, ഐപിഎൽ 2020 സീസൺ സുരക്ഷിതമാകുമ്പോൾ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഫ്രാഞ്ചൈസി ഉടമകൾ, ബ്രോഡ്കാസ്റ്റർ, സ്പോൺസർമാർ, മറ്റ് സ്റ്റേക്ഹോൾഡേഴ്സിനുമൊപ്പം ബിസിസിഐ തീരുമാനിച്ചിരിക്കുന്നു” പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങാനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു.
Also Read: ആത്മവിശ്വാസമുണ്ടേൽ അവൻ അപകടകാരിയാണ്; ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ഷമി
അതേസമയം, കൊറോണ വൈറസ് വ്യാപിക്കുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ശ്രീലങ്കയിൽ നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ അറിയിച്ചു. ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ശ്രീലങ്കൻ ദിനപത്രത്തോടായിരുന്നു സിൽവയുടെ പ്രതികരണം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്രെ നിർദേശം ഇന്ത്യ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.