ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കുട്ടിക്രിക്കറ്റ് പൂരത്തിന് കെടിയേറുമ്പോൾ പഴയ പതിപ്പുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

# ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ടീം സ്കോർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പേരിലാണ്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 263 റൺസാണ് ബാംഗ്ലൂർ അടിച്ചെടുത്തത്. 2016ൽ കോഹ്‌ലിപ്പട ഗുജറാത്ത് ലയൺസിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 248 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം സ്കോർ ചെന്നൈ സൂപ്പർ കിങ്സിന്റെ പേരിലാണ്. 2010ൽ രാജസ്ഥാൻ റോയൽസിനെതിരെ 246 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്.

# ഏറ്റവും ചെറിയ ടീം സ്കോറും ബാംഗ്ലൂരിന്റെ പേരിലാണ് എന്ന പ്രത്യേകതയുമുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരെ 49 റൺസിനാണ് ബാംഗ്ലൂർ പുറത്തായത്. 2009ൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂരിനെതിരെ 58 റൺസിനും 2017ൽ ഡൽഹി ഡെയർഡെവിൾസ് മുംബൈ ഇന്ത്യൻസിനെതിരെ 66 റൺസിനും പുറത്തായിട്ടുണ്ട്.

Also Read: IPL 2020 Schedule: ക്രിക്കറ്റ് പൂരത്തിന് വെടിക്കെട്ട് തുടക്കമിടാൻ മുംബൈയും ചെന്നൈയും; ഐപിഎൽ മത്സരക്രമം ഇങ്ങനെ

# 2017ൽ ഡൽഹിക്കെതിരെ മുംബൈ നേടിയ 146 റൺസ് വിജയമാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ. 2016ൽ ബാഗ്ലൂർ ഗുജറാത്തിനെതിരെ 144 റൺസിന്റെ വിജയവും 2016ൽ കൊൽക്കത്ത ബാംഗ്ലൂരിനെതിരെ 140 റൺസും വിജയവും സ്വന്തമാക്കിയതാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

# ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതുവരെ എട്ട് സൂപ്പർ ഓവർസ മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ തന്നെ മൂന്നെണ്ണത്തിൽ കൊൽക്കത്ത ഭാഗമായപ്പോൾ രണ്ട് തവണ സൂപ്പർ ഓവറിൽ വിജയം കണ്ടെത്തിയത് രാജസ്ഥാൻ റോയൽസ് മാത്രമാണ്. 2020 സീസൺ കളിക്കുന്ന എല്ലാ ടീമുകളും ഒരു തവണയെങ്കിലും സൂപ്പർ ഓവർ കളിച്ചിട്ടുണ്ടെങ്കിലും ചെന്നൈയും കൊൽക്കത്തയും ഒരിക്കൽ പോലും ജയം സ്വന്തമാക്കിയിട്ടില്ല.

# ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ എക്ട്ര റൺസ് വഴങ്ങിയതിന്റെ റെക്കോർഡ് കൊൽക്കത്തയുടെ പേരിലാണ്. പ്രഥമ പതിപ്പിൽ 28 റൺസാണ് കൊൽക്കത്ത ഒരു മത്സരത്തിൽ മാത്രം നൽകിയത്. കിങ്സ് ഇലവൻ പഞ്ചാബ് 2011ൽ 27 റൺസും ചെന്നൈ സൂപ്പർ കിങ്സ് 26 നൽകി.

Also Read: നികത്താൻ പറ്റാത്ത വിടവ് തന്നെയാണത്; ആ അഭാവം ടീമിൽ അനുഭവപ്പെടും: രോഹിത് ശർമ

# ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ ഇന്ത്യൻ നായകൻ കൂടിയായ ബാംഗ്ലൂരിന്റെ വിരാട് കോഹ്‌ലിയാണ്. 12 പതിപ്പുകളിലായി 5412 റൺസാണ്. തൊട്ടുപിന്നിൽ 5368 റൺസുമായി ചെന്നൈയുടെ സുരേഷ് റെയ്നയും 4898 റൺസുമായി മുംബൈ നായകൻ രോഹിത് ശർമായുമാണുള്ളത്.

# ബൗണ്ടറികളുടെ തോഴൻ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിക്കുന്ന വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലാണ്. 326 തവണയാണ് ഗെയ്ൽ ബൗണ്ടറിക്ക് മുകളിലൂടെ പന്ത് സിക്സർ പായിച്ചത്. രണ്ടാം സ്ഥാനത്തുള്ള എബി ഡി വില്ലിയേഴ്സ് 317 തവണയും മൂന്നാം സ്ഥാനത്തുള്ള എംഎസ് ധോണി 297 തവണയും സിക്സർ കണ്ടെത്തി.

# ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 66 പന്തിൽ 175 റൺസാണ് ബാംഗ്ലൂരിന് വേണ്ടി 2013ൽ പൂനെക്കെതിരെ ഗെയ്ൽ അടിച്ചെടുത്തത്. ബ്രെൻഡൻ മക്കല്ലം 158 റൺസും എബി ഡി വില്ലിയേഴ്സ് 133 റൺസും ഒരു മത്സരത്തിൽ നേടിയിട്ടുണ്ട്.

# ഏറ്റവും കൂടുതൽ സെഞ്ചുറി നേടയ താരവും ക്രിസ് ഗെയ്‌ലാണ്. ആറ് തവണയാണ് ഗെയ്ൽ ശതകം തികച്ചത്. ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി അഞ്ച് തവണയും ഓസിസ് താരം ഡേവിഡ് വാർണർ നാല് തവണയും സെഞ്ചുറി നേടിയിട്ടുണ്ട്.

# ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർധശതകം എന്ന റെക്കോർഡ് കെഎൽ രാഹുലിന്റെ പേരിലാണ്. 14 പന്തിലാണ് 2018ൽ താരം ഡൽഹിക്കെതിരെ 51 റൺസ് നേടിയത്. കൊൽക്കത്തയുടെ യൂസഫ് പത്താൻ 2014ലും സുനിൽ നരെയ്ൻ 2017ലും 15 പന്തിൽ അർധസെഞ്ചുറി തികച്ചിട്ടുണ്ട്.

# വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അമിത് മിശ്ര 157 വിക്കറ്റുകളും ഹർഭജൻ സിങ് 150 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

# ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ ഡൽഹിയുടെ അമിത് മിശ്രയുടെ പേരിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. യുവരാജ് സിങ് രണ്ട് തവണയും സാം കറൺ ഒരു തവണയും ഐപിഎല്ലിൽ ഹാട്രിക് സ്വന്തമാക്കിയ താരങ്ങളാണ്.

# ഏറ്റവും കൂടുതൽ മെയ്ഡിൻ ഓവറുകൾ എന്ന റെക്കോർഡ് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാറിന്റെ പേരിലാണ്. 119 മത്സരങ്ങളിൽ 14 മെയ്ഡിൻ ഓവറുകളാണ് അദ്ദേഹം എറിഞ്ഞത്. ഇർഫാൻ പത്താൻ പത്തും ധവാൽ കുൽക്കർണി എട്ടും മെയ്ഡിൻ ഓവറുകൾ ഐപിഎല്ലിൽ എറിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook