Latest News

IPL 2020-SRHvsRR: രക്ഷകരായി രാഹുലും റിയാനും; ഹൈദരാബാദിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി രാജസ്ഥാൻ

ആദ്യ രണ്ട് മത്സരങ്ങളിൽ മിന്നും വിജയവുമായി തിളങ്ങിയ രാജസ്ഥാൻ പിന്നീട് കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു

IPL 2020, SRH vs RR Live Cricket Score Online:ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തി. മുൻനിര ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ യുവതാരങ്ങളായ രാഹുൽ തെവാതിയായും റിയാൻ പരാഗും നടത്തിയ പ്രകടനമാണ് രാജസ്ഥാന് വിജയമൊരുക്കിയത്.

159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ ഓൾറൗണ്ടർ സ്റ്റോക്സിനെ ഓപ്പണറാക്കാനുള്ള തന്ത്രം പാളി. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അഞ്ച് റൺസുമായി സ്റ്റോക്സ് കൂടാരം കയറി. പിന്നാലെ അതേ സ്കോറിന് നായകനും കൂടാരം കയറി. കഴിഞ്ഞ കളിയിൽ തിളങ്ങിയ ജോസ് ബട്‌ലർ 16 റൺസിനും പുറത്തായി.

കേരള താരങ്ങളായ സഞ്ജു സാംസണും റോബിൻ ഉത്തപ്പയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റഷിദ് ഖാനുമുന്നിൽ ഇരുവർക്കും അടിതെറ്റി. 18 റൺസെടുത്ത ഉത്തപ്പയെ റഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 26 റൺസെടുത്ത സഞ്ജുവിനെ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു.

രാഹുൽ തെവാതിയ വീണ്ടും രക്ഷകനായി അവതരിച്ചതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ വീണ്ടും സജീവമായി. യുവതാരം റിയാൻ പരാഗിനെ കൂട്ടുപിടിച്ച താരം അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഖലീൽ അഹമ്മദ് എറിഞ്ഞ അഞ്ചാം പന്ത് സിക്സർ പായിച്ച് റിയാൻ വിജയമുറപ്പിച്ചു. റിയാൻ 42 റൺസും രാഹുൽ 45 റൺസും നേടി.

ഹൈദരാബാദ് നിരയെ വലിഞ്ഞുമുറുക്കിയ രാജസ്ഥാൻ തുടക്കത്തിലെ ജോണി ബെയർസ്റ്റോയെ പുറത്താക്കി ആധിപത്യം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച വാർണറും മനീഷ് പാണ്ഡെയും നടത്തിയ രക്ഷാപ്രവർത്തനമാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്ത ഹൈദരാബാദിന്റെ ടോപ്പ് സ്കോറർ മനീഷ് പാണ്ഡെയാണ്. ആദ്യ ഓവർ മുതൽ റൺറേറ്റ് പിടിച്ചുകെട്ടിയ രാജസ്ഥാന് മധ്യ ഓവറിൽ കൂടുതൽ റൺസ് വഴങ്ങിയതാണ് തിരിച്ചടിയായത്. അഞ്ചാം ഓവറിൽ തന്നെ ഹൈദരാബാദിന് അവരുടെ വെടിക്കെട്ട് ഓപ്പണർ ജോണി ബെയർസ്റ്റോയെ നഷ്ടമായി. യുവതാരം കാർത്തിക് ത്യാഗിയെ ബൗണ്ടറി പായിക്കാനുള്ള ഇംഗ്ലിഷ് താരത്തിന്റെ ശ്രമം സഞ്ജു പറന്നെടുത്ത ക്യാച്ചിൽ അവസാനിപ്പിച്ചു.

വൻതകർച്ച മുന്നിൽ കണ്ട വാർണറും മനീഷും ക്രീസിൽ നിലയുറപ്പിച്ചതോടെ സാവധാനമാണെങ്കിലും ഹൈദരാബാദ് സ്കോർബോർഡിൽ മാറ്റം വ്യക്തമായി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി തിളങ്ങിയ വാർണർ – മനീഷ് സഖ്യം പൊളിച്ചത് ജോഫ്ര ആർച്ചറായിരുന്നു. 15-ാം ഓവറിൽ 48 റൺസെടുത്ത വാർണറുടെ വിക്കറ്റ് തെറിപ്പിച്ചു. 18-ാം ഓവറിൽ മനീഷ് പാണ്ഡെയും ജയ്ദേവ് ഉനദ്ഘട്ടും രാഹുൽ തിവാട്ടിയായുടെ കൈകളിൽ എത്തിച്ചു. 44 പന്തിൽ 54 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

അവസാന ഓവറുകളിൽ കെയ്ൻ വില്യംസണും പ്രിയം ഗാർഗും ചേർന്ന് നടത്തിയ പ്രകടനവും ഹൈദരാബാദിന് തുണയായി. വില്യംസൺ 22 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ പ്രിയം 15 റൺസുമായി അവസാന പന്തിൽ റൺഔട്ടായി. രാജസ്ഥാന് വേണ്ടി ആർച്ചർ, കാർത്തിക് ത്യാഗി, ജയദേവ് ഉനദ്ഘട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ട് മത്സരങ്ങളിൽ മിന്നും വിജയവുമായി തിളങ്ങിയ രാജസ്ഥാൻ പിന്നീട് കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് ആറിൽ മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കി. പോയിന്ര് പട്ടികയിൽ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും രാജസ്ഥാൻ ഏഴാം സ്ഥാനത്തുമാണ്. സീസൺ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പാക്കാൻ ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്.

ടീമിൽ നിർണായക മാറ്റങ്ങളുമായാണ് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സിനെതിരെ ഇറങ്ങുന്നത്. റോബിൻ ഉത്തപ്പ, റിയാൻ പരാഗ് എന്നിവർ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ ബെൻ സ്റ്റോക്സും സീസണിൽ ആദ്യമായി രാജസ്ഥാനായി ഇന്ന് കളിക്കും. ഇംഗ്ലിഷ് താരത്തിന്റെ വരവ് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അതേസമയ അബ്ദുൾ സമദിന് പകരം വിജയ് ശങ്കറാണ് ഇന്ന് ഹൈദരാബാദിനായി കളിക്കുന്നത്.

രാജസ്ഥാൻ റോയൽസ് പ്ലെയിങ് XI: റോബിൻ ഉത്തപ്പ, ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ്, രാഹുൽ തിവാട്ടിയ, റിയാൻ പരാഗ്, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, കാർത്തിക് ത്യാഗി, വരുൺ ആരോൺ

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്ല്യംസൺ, വിജയ് ശങ്കർ, അഭിഷേക് ശർമ, പ്രിയം ഗാർഗ്, റഷിദ് ഖാൻ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, തങ്കരസ് നടരാജൻ

Web Title: Ipl 2020 srh vs rr live cricket score online match result scorecard

Next Story
പ്രതിരോധത്തിലെ കാളക്കൂറ്റൻ; സിംബാബ്‌വെ താരം കോസ്റ്റയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X