scorecardresearch

IPL 2020-SRH vs RCB: ജയത്തോടെ തുടങ്ങി കോഹ്‌ലിപ്പട; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്റെ ജയം 10 റൺസിന്

ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്

ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്

author-image
Sports Desk
New Update
IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ

IPL 2020-SRH vs RCB Live Updates: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ ജയത്തോടെ തുടങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. സൺറൈസേഴ്സ് ഹൈദരാബാദിനെ പത്ത് റൺസിന് പരാജയപ്പെടുത്തിയാണ് കോഹ്‌ലിപ്പട വരവറിയിച്ചത്. ബാറ്റിങ്ങിൽ ദേവ്ദത്ത് പടിക്കലിന്റെയും ഡിവില്ലിയേഴ്സിന്റെയും അർധസെഞ്ചുറി പ്രകടനവും ബോളിങ്ങിൽ ചാഹൽ, ശിവം ദുബെ, നവ്ദീപ് സൈനി എന്നിവരുടെ പ്രകടനവുമാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഹൈദരാബാദ് ഇന്നിങ്സ് 153 റൺസിൽ അവസാനിച്ചു.

Advertisment

മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു ടീം സ്കോർ 18ൽ എത്തിയപ്പോഴേക്കും ആറു റൺസെടുത്ത നായകൻ വാർണർ പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജോണി ബെയർസ്റ്റോ - മനീഷ് പാണ്ഡെ സഖ്യം ക്രീസിൽ നിലയുറപ്പിച്ചതോടെ ഓറഞ്ച് പടയുടെ സ്കോർബോർഡ് ചലിച്ചു തുടങ്ങി. 34 റൺസെടുത്ത മനീഷ് പാണ്ഡെ പുറത്താകുമ്പോൾ ഹൈദരാബാദ് 89 റൺസിലെത്തിയിരുന്നു.

എന്നാൽ മനീഷ് പുറത്തായതോടെ പിന്നാലെ എത്തിയവർക്ക് ബെയർസ്റ്റോയ്ക്ക് വേണ്ട പിന്തുണ നൽകാനായില്ല. അതിനിടയിൽ അർധസെഞ്ചുറി തികച്ച ഇംഗ്ലിഷ് താരം ചാഹലിന് മുന്നിൽ കീഴടങ്ങി. രണ്ട് സിക്സും ആറു ഫോറും അടക്കം 43 പന്തിൽ 61 റൺസാണ് താരം സ്വന്തമാക്കിയത്. അടുത്ത പന്തിൽ തന്നെ വിജയ് ശങ്കറെയും പുറത്താക്കി ചാഹൽ ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കി. 17-ാം ഓവറിൽ പ്രിയം ഗാർഗും പുറത്തായതോടെ അത് വർധിച്ചു.

നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച ഏഴാമൻ റാഷിദ് ഖാൻ ബാംഗ്ലൂരിന് മറുപടി നൽകി. എന്നാൽ അടുത്ത പന്തിൽ ഡബിൾ ഓടുന്നതിനിടയിൽ റാഷിദും അഭിഷേക് ശർമയും കൂട്ടിയിടിച്ചത് മത്സരം കുറച്ചു നേരത്തേക്ക് സതംഭിപ്പിച്ചു. അഭിഷേക് പുറത്താവുകയും കൂട്ടിയിടിയിൽ റാഷിദിന് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ വേദനയിൽ തിരിച്ചെത്തിയ താരം ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. എങ്കിലും അക്കൗണ്ട് തുറക്കാതെ ഭുവിയെയും പിന്നാലെ റാഷിദിനെയും മടക്കി സൈനി ഹൈദരാബാദിനെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ മിച്ചൽ മാർഷും അവസാന ഓവറിൽ സന്ദീപും വീണതോടെ ചെമ്പടയ്ക്ക് വിജയത്തുടക്കം.

Advertisment

അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ സഹായത്തോടെ ഹൈദരാബാദിന് മുന്നിൽ ബാംഗ്ലൂർ 164 റൺസ് വിജയലക്ഷ്യം ഉയർത്തിയത് . നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് ബാംഗ്ലൂർ അടിച്ചെടുത്തത്. ഐപിഎൽ അരങ്ങേറ്റം കുറിച്ച മലയാളി താരം ദേവ്ദത്ത് അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച എബി ഡി വില്ലിയേഴ്സിന്റെ പ്രകടനവും ബംഗ്ലൂർ ഇന്നിങ്സിൽ നിർണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ദേവ്ദത്തും ആരോൺ ഫിഞ്ചും ചേർന്ന് നൽകിയത്. കൃത്യമായ ഇടവേളകളിൽ ബൗളർമാരെ ബൗണ്ടറി പായിച്ച ദേവ് അനായാസം അർധസെഞ്ചുറി തികച്ചു. 42 പന്തിൽ 56 റൺസാണ് താരം അടിച്ചെടുത്തത്. 90 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത് വിജയ് ശങ്കറാണ്. ദേവ്ദത്തിനെ പുറത്താക്കിയ വിജയ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഫിഞ്ചിനെ അഭിഷേക ശർമയും വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ബാംഗ്ലൂർ പകച്ചു.

നായകൻ വിരാട് കോഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 13 പന്തിൽ 14 റൺസെടുത്ത വിരാടിനെ നടരാജൻ റാഷിദ് ഖാന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ എബി ഡി വില്ലിയേഴ്സ് അക്രമണകാരിയാകുന്ന കാഴ്ചയായിരുന്നു പിന്നീട്. 30 പന്തിൽ നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത താരം അവസാന ഓവറിന്റെ മൂന്നാം പന്തിൽ റൺഔട്ടാകുകയായിരുന്നു. അവസാന പന്തിൽ ശിവം ദുബെയും റൺഔട്ടിൽ പുറത്തായതോടെ ബംഗ്ലൂർ ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 163 റൺസിൽ അവസാനിച്ചു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, ദേവ്ദത്ത് പടിക്കൽ, വാഷിങ്ടൺ സുന്ദർ, നവ്ദീപ് സൈനി, ഡെയ്ൽ സ്റ്റെയിൻ, യുസ്‌വേന്ദ്ര ചാഹൽ

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് XI: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, പ്രിയം ഗാർഗ്, മിച്ചൽ മാർഷ്, അഭിഷേക് ശർമ, റഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, സന്ദീപ് ശർമ

Sunrisers Hyderabad Royal Challengers Banglore Ipl Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: