IPL 2020-DC vs SRH: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റൽസിനെ 88 റൺസിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. സൺറൈസേഴ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസിന് 19 ഓവറിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ബാറ്റിങ്ങിൽ സാഹയും വാർണറും മനീഷ് പാണ്ഡെയും തിളങ്ങിയപ്പോക്ഷ ബോളിങ്ങിൽ റഷിദ് ഖാന്റെ പ്രകടനവും സൺറൈസേഴ്സിന്റെ വിജയം അനായാസമാക്കി. 36 റൺസെടുത്ത റിഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. വലിയ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റ്സ്മാന്മാർ കളി മറന്നപ്പോൾ ഡൽഹിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് സീസണിലെ മറ്റൊരു നാണംകെട്ട തോൽവി.
ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് താരം ധവാനെ മടക്കി സന്ദീപ് ഹൈദരാബാദിന് ആധിപത്യം നൽകി. പിന്നാലെ സ്റ്റൊയിനിസിനെ നദീം കൂടാരം കയറ്റി. ഹെറ്റ്മറിനെയും (16) രഹാനെയും (26) അക്സർ പട്ടേലിനെയും (1) റഷിദ് മടക്കിയപ്പോൾ ശ്രേയസ് അയ്യരുടെ ഇന്നിങ്സ് 7 റൺസിൽ വിജയ് ശങ്കറിന്റെ 12-ാം ഓവറിൽ അവസാനിച്ചു.
വാലറ്റത്ത് തുഷാർ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. ഹൈദരാബാദിന് വേണ്ടി നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി റഷിദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശർമയും നടരാജനും രണ്ട് വിക്കറ്റ് വീതവുമായും തിളങ്ങി.
220 റൺസ് വിജയലക്ഷ്യമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉയർത്തിയത്. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്ന ഹൈദരാബാദ് 219 റൺസ് സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ വൃദ്ധിമാൻ സാഹയുടെയും ഡേവിഡ് വാർണറുടെയും പ്രകടനമാണ് ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചത്.
ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ നായകൻ ഡേവിഡ് വാർണറുടെ തീരുമാനം പിഴച്ചില്ല. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലിടം പിടിച്ച വൃദ്ധിമാൻ സാഹ കിട്ടിയ അവസരം പാഴാക്കിയില്ല. 45 പന്തിൽ 12 ഫോറും രണ്ട് സിക്സുമടക്കം 87 റൺസാണ് താരം സ്വന്തമാക്കിയത്. 66 റൺസ് നേടിയ ഡേവിഡ് വാർണർ മികച്ച പിന്തുണ നൽകിയതോടെ ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പിറന്നു.
ഇരുവരും പുറത്തായതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത മനീഷ് പാണ്ഡെയും തകർത്തടിച്ചു. 31 പന്തിൽ 44 റൺസാണ് താരം സ്വന്തമാക്കിയത്.
Read Also: രോഹിത് ശർമയ്‌ക്ക് എന്തുപറ്റി ? ഇന്ത്യൻ ക്രിക്കറ്റിലെ പുകമറ, ചോദ്യങ്ങളുമായി ആരാധകർ
അതേസമയം, ഡൽഹി ക്യാപിറ്റൽസ് ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാനാണ് ശ്രമിക്കുക. നിലവിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി. 11 കളികളിൽ ഏഴ് ജയവും നാല് തോൽവിയുമായി 14 പോയിന്റുണ്ട് ഡൽഹിക്ക്. ഹെെദരബാദിനാകട്ടെ, 11 കളികളിൽ നാല് ജയവും ഏഴ് താേൽവിയുമായി എട്ട് പോയിന്റ് മാത്രമാണുള്ളത്.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ: ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, ജേസൺ ഹോൾഡർ, അബ്ദുൾ സമദ്, റഷിദ് ഖാൻ, ഷഹ്ബാസ് നദീം, സന്ദീപ് ശർമ, ടി നടരാജൻ
ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ: അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റൊയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, അൻറിച്ച് നോർഷെ, തുഷാർ ദേശ്പാണ്ഡെ