ഐപിഎല്ലിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ ചെന്നെ സൂപ്പർ കിങ്ങ്സ് 20 റൺസിന് പരാജയപ്പെടുത്തി. സീസണിൽ ചെന്നൈയുടെ മൂന്നാം ജയമാണിത്. ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനു വേണ്ടി കെയിൻ വില്യംസൺ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ഡേവിഡ് വാർണർ അടക്കമുള്ള മറ്റ് താരങ്ങൾക്ക് ഫോം കണ്ടെത്താനായില്ല.
മൂന്നാം ഓവർ കഴിഞ്ഞതിന് പിറകെ വാർണറുടെ വിക്കറ്റ് നഷ്ടപ്പെട്ടത് ടീമിന് വെല്ലുവിളിയായി. 13 പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമാണ് വാർണർ നേടിയത്. പിറകേ മനീഷ് പാണ്ടെയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാല് റൺസ് മാത്രമാണ് പാണ്ഡെ നേടിയത്. ജോണി ബെയർസ്റ്റോ 23 റൺസ് നേടി. പ്രിയം ഗാർഗ് (16), വിജയ് ശങ്കർ (12), റാഷിദ് ഖാൻ (14), ഷഹ്ബാസ് നദീം (5), സന്ദീപ് ശർമ (1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോർ.
ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോയും കാർൺ ശർമയും രണ്ട് വീതം വിക്കറ്റ് നേടി. സാം കറണും, രവീന്ദ്ര ജഡേജയും ശർദുൽ ഠാക്കൂറും ഓരോ റൺസ് നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസ് അടിച്ചെടുത്തത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്തുചേർന്ന വാട്സൺ-റയ്ഡു സഖ്യമാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ടൂർണമെന്റിൽ ആദ്യമായി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എംഎസ് ധോണി ബാറ്റിങ് ഓർഡറിലും കാര്യമായ പരീക്ഷണത്തിന് പദ്ധതിയുമായാണ് എത്തിയത്. ഷെയ്ൻ വാട്സണ് പകരം സാം കറണിനെ ഓപ്പണറായി എത്തിച്ച ധോണിക്ക് എന്നാൽ ഫാഫ് ഡു പ്ലെസിസ് തിരിച്ചടിയായി. നേരിട്ട ആദ്യ പന്തിൽ തന്നെ ഡു പ്ലെസിസ് പുറത്തായെങ്കിലും സാം കറൺ 31 റൺസുമായി ടീമിന് ഭേദപ്പെട്ട അടിത്തറ പാകി. ഇരുവരെയും പുറത്താക്കിയ സന്ദീപ് ശർമ ഹൈദരാബാദിന് മികച്ച പ്രതീക്ഷ നൽകി.
എന്നാൽ വാട്സണും റയ്ഡുവും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്നതോടെ ചെന്നൈ സ്കോർബോർഡ് ചലിക്കാൻ തുടങ്ങി. ഹൈദരാബാദ് ബോളർമാരെ ബൗണ്ടറി പായിക്കാനും വിക്കറ്റുകൾക്കിടയിൽ ഓടി റൺസെടുക്കാനും ഇരുവർക്കും സാധിച്ചു. 41 റൺസെടുത്ത റയ്ഡുവിനെ പുറത്താക്കി ഖലീൽ അഹമ്മദ് സഖ്യം പൊളിച്ചതിന് പിന്നാലലെ 42 റൺസ് നേടിയ വാട്സണും കൂടാരം കയറി. ധോണി 21 റൺസിനും ബ്രാവോ അക്കൗണ്ട് തുറക്കാതെയും മടങ്ങിയപ്പോൾ ജഡേജ 25 റൺസുമായി പുറത്താകാതെ നിന്നു.
#CSK wins the toss and they will bat first against #SRH.#SRHvCSK #Dream11IPL pic.twitter.com/btTuiqftUJ
— IndianPremierLeague (@IPL) October 13, 2020
സീസണിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഹൈദരാബാദിനായിരുന്നു ആദ്യ മത്സരത്തിൽ ജയം.
കളിച്ച ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ഹൈദരാബാദ് ജയം കണ്ടെത്തി. ചെന്നൈ ഇന്നത്തെ മത്സരത്തോടെ മൂന്നാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്താൻ ഈ ജയത്തോടെ ചെന്നൈക്ക് കഴിഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook