കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ സെപ്റ്റംബർ മാസം ആരംഭിക്കുന്നത് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ടീമുകളെല്ലാം തന്നെ യുഎഇയിൽ നടക്കുന്ന ടൂർണമെന്റിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. എന്നാൽ അതിനിടയിൽ ടീമുകളെ ആശങ്കയിലാക്കുകയാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ പുതിയ തീരുമാനം. രാജ്യാന്തര വിമാന സർവീസുകളടക്കം റദ്ദാക്കിക്കൊണ്ടുള്ള ലോക്ക്ഡൗൺ സെപ്റ്റംബർ അവസാനം വരെ നീട്ടാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.

Also Read: എന്തുക്കൊണ്ട് പന്തിന് സഞ്ജുവിനേക്കാൾ അവസരം ലഭിക്കുന്നു; പരിശീലകൻ ബിജു ജോർജ് വ്യക്തമാക്കുന്നു

ഈ സാഹചര്യത്തിൽ എബി ഡി വില്ലിയേഴ്സ്, ക്വിന്റൻ ഡി കോക്ക്, ഡെയ്ൽ സ്റ്റെയിൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് ഐപിഎല്ലിന്റെ ഭാഗമാകാൻ എത്രത്തോളം സാധിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. കോവിഡ് 19 ദക്ഷിണാഫ്രിക്കയിലും വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഇളവുകൾ ദക്ഷിണാഫ്രിക്കൻ സർക്കാർ ഇളവുകൾ അനുവദിക്കാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കിൽ സെപ്റ്റംബറിന് ശേഷം മാത്രമേ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐപിഎൽ ടീമുകൾക്കൊപ്പം ചേരാൻ സാധിക്കുകയുള്ളു.

ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് കോഹ്‌ലി നായകനായുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തന്നെയാകും. കാരണം വെടിക്കെട്ട് താരം എബി ഡി വില്ലിയേഴ്സ്, പത്ത് കോടി രൂപയ്ക്ക് ഇത്തവണ ടീമിലെത്തിച്ച ക്രിസ് മോറിസ്, ഡെയിൽ സ്റ്റെയിൻ എന്നിവരില്ലാതെയായിരിക്കും ബാംഗ്ലൂർ ഐപിഎല്ലിന് ഇത്തവണ ഇറങ്ങുന്നത്. കന്നി കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂരിന് ഇത് കനത്ത തിരിച്ചടിയാകും.

Also Read: ഐപിഎല്‍ 2020: താരങ്ങള്‍ മുതല്‍ ടീം ബസ് ഡ്രൈവര്‍ക്കും വരെ ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോള്‍

ചെന്നൈ സൂപ്പർ കിങ്സ് താരമായ ഇമ്രാൻ താഹിറിന് പക്ഷെ ലോക്ക്ഡൗൺ വില്ലനാകില്ലെന്നാണ് കരുതുന്നത്. നിലവിൽ പാക്കിസ്ഥാനിലുള്ള താരം കരീബിയൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനായി വെസ്റ്റ് ഇൻഡീസിലേക്ക് ഉടൻ തന്നെ തിരക്കും. ഇവിടെ നിന്നാകും താരം ഐപിഎല്ലിലേക്ക് എത്തുന്നത്. എന്നാൽ ചെന്നൈയ്ക്ക് ഫാഫ് ഡുപ്ലെസിസിനെയും ലുങ്കി എങ്കിഡിയെയും തുടക്കത്തിൽ നഷ്ടമായേക്കാം.

മുംബൈ ഇന്ത്യൻസിന്റെ ക്വിന്റൺ ഡി കോക്ക്, രാജസ്ഥാൻ റോയൽസിന്റെ ഡേവിഡ് മില്ലർ, ഡൽഹി ക്യാപിറ്റൽസിന്റെ കഗിസോ റബാഡ എന്നിവർക്കും കാത്തിരിക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook