ആസ്വദിച്ചുള്ള ബാറ്റിങ്, സമ്മർദ്ദങ്ങളില്ല; ശിഖർ ധവാൻ കൈയടി അർഹിക്കുന്നു

ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് ധവാൻ ഇന്നലെ നേടിയത്. 58 പന്തുകൾ നേരിട്ട ധവാൻ 14 ഫോറും ഒരു സിക്‌സും അടക്കം 101 റൺസ് നേടി പുറത്താകാതെ നിന്നു

ഐപിഎൽ 13-ാം സീസണിൽ ഇതുവരെ പൂർത്തിയായ മത്സരങ്ങളെടുത്ത് നോക്കുമ്പോൾ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ചെന്നെെ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്നത്. അഞ്ച് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസ് ചെന്നെെ സൂപ്പർ കിങ്‌സിനെ പരാജയപ്പെടുത്തി. ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ സെഞ്ചുറി നേടി. ധവാന്റെ ഉത്തരവാദിത്തപൂർണമായ ബാറ്റിങ് ഡൽഹി ക്യാപിറ്റൽസിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് ധവാൻ ഇന്നലെ നേടിയത്. 58 പന്തുകൾ നേരിട്ട ധവാൻ 14 ഫോറും ഒരു സിക്‌സും അടക്കം 101 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നെെ സൂപ്പർ കിങ്‌സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനു തുടക്കത്തിലേ വൻ തിരിച്ചടികൾ നേരിടേണ്ടിവന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പൃഥ്വി ഷായെ ഡൽഹിക്ക് നഷ്ടമായി. പൃഥ്വി ഷാ പുറത്താകുമ്പോൾ ഡൽഹിയുടെ സ്‌കോർ ബോർഡിൽ റൺസ് പിറന്നിട്ടില്ല.

Read Also: ഇതാണ് ക്രിക്കറ്റിന്റെ ബ്യൂട്ടി; കാണാതെ പോകരുത് ഈ രംഗങ്ങൾ, വീഡിയോ

ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം ശിഖർ ധവാനൊപ്പം ചേർന്നത് അജിങ്ക്യ രഹാനെയായിരുന്നു. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ രഹാനെയുടെ വിക്കറ്റും നഷ്ടമായി. ഡൽഹിയുടെ സ്‌കോർബോർഡിൽ വെറും 26 റൺസ് മാത്രമുള്ളപ്പോഴാണ് രഹാനെയുടെ വിക്കറ്റ് നഷ്ടമായത്. രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഡൽഹിയുടെ നില പരുങ്ങലിലായി. എന്നാൽ, അതിന്റെ യാതൊരു സമ്മർദ്ദവും ധവാന്റെ മുഖത്തുണ്ടായിരുന്നില്ല. പിന്നീട് ശ്രേയസ് അയ്യറിനൊപ്പം ചേർന്ന് ധവാൻ ഡൽഹിയുടെ സ്‌കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാൻ തുടങ്ങി. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്താൻ ധവാന് സാധിച്ചിരുന്നു.

12-ാം ഓവറിന്റെ മൂന്നാം പന്തിൽ ഡൽഹിയുടെ സ്‌കോർ ബോർഡിൽ 94 റൺസ് ആയിരിക്കെ 23 റൺസ് നേടിയ ശ്രേയസ് അയ്യറെയും ഡൽഹിക്ക് നഷ്ടമായി. ഇടവേളകളിൽ വിക്കറ്റ് നഷ്ടമാകുമ്പോഴും ധവാൻ മറുവശത്ത് വളരെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു സമയത്തും ധവാൻ സമ്മർദ്ദത്തിനു അടിമപ്പെട്ടില്ല എന്നതാണ് ഈ ഇന്നിങ്‌സിന്റെ പ്രത്യേകത. ധവാന്റെ ഇന്നിങ്‌സിൽ ഡോട്ട് ബോളുകളും കുറവായിരുന്നു.

Read Also: സ്‌മിത്തിനെ പുറത്താക്കാൻ ഷഹ്ബാസിന്റെ തകർപ്പൻ ക്യാച്ച്; വീഡിയോ

ശ്രേയസ് അയ്യറുടെ വിക്കറ്റ് നഷ്ടമായ ശേഷം മാർകസ് സ്റ്റോയ്‌നിസാണ് ധവാന് കൂട്ടായി എത്തിയത്. ധവാൻ-സ്റ്റോയ്‌നിസ് കൂട്ടുക്കെട്ടിൽ കൂറ്റൻ അടികൾ ഉണ്ടായി. ഇതോടെ ഡൽഹിയുടെ സമ്മർദം കുറഞ്ഞു. 14 പന്തിൽ 24 റൺസുമായാണ് സ്റ്റോയ്‌നിസ് പുറത്തായത്.

വളരെ കൂളായി ബാറ്റ് ചെയ്യാൻ ധവാന് സാധിച്ചു എന്നതും എടുത്തുപറയണം. പലപ്പോഴും എതിർ ടീം അംഗങ്ങളുമായി ധവാൻ തമാശ പറഞ്ഞു ചിരിക്കുന്നതും അവരെ കളിപ്പിക്കുന്നതും കാണാമായിരുന്നു. ഒരു റൺ ഓടിയെടുത്ത ശേഷം ക്രീസിൽ നിന്നുകൊണ്ട് ഡബിളിനായി വിളിക്കുന്ന ധവാനെ കാണാമായിരുന്നു. ഡബിൾ ഓടിയെടുക്കാൻ ഉദ്ദേശമില്ലാഞ്ഞിട്ടും ധവാൻ വെറുതെ ഓളിയിടുകയായിരുന്നു. ഫീൽഡർമാരെ കളിപ്പിക്കാനാണ് ഇതുകൊണ്ടൊക്കെ ധവാൻ ഉദ്ദേശിച്ചത്. അതിനുശേഷം ധവാൻ ചിരിക്കുന്നതും കാണാമായിരുന്നു. ചെന്നെെ താരം ജഡേജയുമായി ബാറ്റിങ്ങിനിടെ ധവാൻ നടത്തിയ സ്‌നേഹപ്രകടനവും എടുത്തുപറയേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിൽ അടക്കും ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ധവാന്റെ ഇന്നിങ്‌സിന് കൂട്ടായി ഇത്തവണ ഭാഗ്യവും ഉണ്ടായിരുന്നു. മൂന്ന് തവണയാണ് ധവാനെ പുറത്താക്കാനുള്ള അവസരം ചെന്നെെ താരങ്ങൾ നഷ്ടപ്പെടുത്തിയത്. ധവാന്റെ ക്യാച് നഷ്ടപ്പെടുത്തിയവരിൽ സാക്ഷാൽ എം.എസ്.ധോണിയുമുണ്ട്. ദീപക് ചഹർ, ശർദുൽ താക്കൂർ എന്നിവരും ധവാനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധവാന് ഇന്ത്യൻ ടീമിൽ വീണ്ടും ഇടം കണ്ടെത്താൻ സാധിക്കും. ചെന്നെെ സൂപ്പർ കിങ്‌സിനെതിരായ ധവാന്റെ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെടുന്നതും അതുകൊണ്ടാണ്. ഈ സീസണിൽ മുംബെെ ഇന്ത്യൻസിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും ധവാൻ നേരത്തെ അർധ സെഞ്ചുറികൾ നേടിയിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ കൂടി മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചാൽ ധവാന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഇടംകെെയൻ ബാറ്റ്‌സ്‌മാൻ ആണെന്നതും ധവാന് അനുകൂല ഘടകമാണ്. ഓപ്പണിങ്ങിൽ ലെഫ്‌റ്റ്-റെെറ്റ് കോംബിനേഷൻ പരീക്ഷിക്കാനാണ് ഇന്ത്യൻ ടീം എപ്പോഴും ആഗ്രഹിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 shikhar dhawan scores maiden century

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com