ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് സെപ്റ്റംബർ 19ന് തുടക്കമാകും. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന്റെ കലാശപോരാട്ടം നവംബർ 8ന് ആയിരിക്കുമെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. വാർത്ത ഏജൻസിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്ത ആഴ്ച ചേരുന്ന ഗവേണിങ് യോഗത്തിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. എന്നാൽ മത്സരക്രമം സംബന്ധിച്ച അനൗദ്യോഗിക അറിയിപ്പ് ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നൽകിയതായാണ് സൂചുന.

“ഉടൻ തന്നെ ഐപിഎൽ ഗവേണിങ് കൗൺസിൽ ചേരും. എന്നാൽ, മത്സരക്രമം നേരത്തെ തീരുമാനമായിട്ടുണ്ട. സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ. സർക്കാർ അനുമതിക്കായാണ് കാത്തിരിക്കുന്നത്. ഇത്തവണയും 51 ദിവസത്തെ മുഴുവൻ സീസണും സംഘടിപ്പിക്കാൻ സാധിക്കും,” ബ്രിജേഷ് പട്ടേൽ പറഞ്ഞു.

Also Read: വിൻഡീസിനെതിരായ മൂന്നാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ആർച്ചറും; സ്റ്റോക്സ് പന്തെറിയില്ല

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവച്ചതോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള സാധ്യതകൾ സജീവമായത്. ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ യുഎഇയിലായിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക.

“ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിന് യുഎഇ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. 2014ൽ ടൂർണമെന്റിന്റെ ആദ്യ പാദം അവിടെയാണ് നടത്തിയത്. യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമുക്ക് നല്ല അറിവുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ തന്നെ ഐപിഎൽ ഗവേണിങ് ബോഡി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.

Also Read: കാത്തിരിപ്പിന് വിരാമം; പ്രതിരോധനിരയിൽ നിഷുവിനെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഓസ്ട്രേലിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ഐസിസി തീരുമാനിച്ചത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. എന്നാൽ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോൾ മെയ് മാസത്തിൽ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook